താൾ:Karthaveeryarjunavijayam.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വെള്ളിവിളക്കുകൾ പൊന്നിന്തളികക-
ളുള്ളതശേഷവുമൊഴികി പതുക്കെ
മുങ്ങി സമസ്തം ശിവലിംഗാദികൾ
പൊങ്ങിയൊലിച്ചിതു പുഷ്പാദികളും
കെട്ടു വിളക്കുകളവിലും മലരും
കൊട്ടത്തേങ്ങാ കദളിപ്പഴവും
പെട്ടെന്നിട്ടു നിറച്ചൊരു വെള്ളി-
ത്തട്ടുകൾ മുഴുകീ പെട്ടികളൊഴുകി,
ആറു നിറഞ്ഞു ജലങ്ങൾ കവിഞ്ഞു
കാറും മഴയും കാണ്മാനില്ല;
ആറ്റിലെ വെള്ളം പൊങ്ങിവരുന്നൊരു-
കാറ്റുമതില്ലതിനെന്തൊരു ബന്ധം
ഏറ്റം വന്നാലിത്ര വരാമോ?
ഊറ്റമൊഴുക്കും നിലയില്ലാതായ്;
തള്ളിവരുന്നൊരു വെള്ളത്തിരയിൽ
തുള്ളിയലഞ്ഞു വലഞ്ഞു ദശാസ്യൻ;
വെള്ളവുമൊട്ടു കുടിച്ചു തടിച്ചു
പള്ളയുമൻപൊടു വീർത്തു തുടങ്ങീ;
ഇരുപതു കൈകൊണ്ടാഞ്ഞു തുഴഞ്ഞു
കരപറ്റാഞ്ഞു കരങ്ങൾ കുഴഞ്ഞു;
ഇരുപതു തണ്ടുകൾ വച്ചുമുറുക്കിയ-
പെരിയൊരു വഞ്ചികണക്കേ രാവണ-
നൊരുവണ്ണം കര പറ്റിക്കയറി-
ത്തെരുതെരെ മണ്ടി ദൂരെച്ചെന്നഥ
നോക്കുന്നേരം കാണായ്‌വന്നു
നരപതി കൃതവീര്യാത്മജവീരൻ
തിറവിയ ബാഹു സഹസ്രംകൊണ്ടൊരു
ചിറയും കെട്ടിയുറപ്പിച്ചങ്ങനെ
കുത്തിയൊലിച്ചു വരും ജലമങ്ങു ത-
ടുത്തുംകൊണ്ടാ നദിയുടെ മദ്ധ്യേ
മട്ടോലുമൊഴിമാരെത്തന്നുടെ
അരികിൽ നിറുത്തിക്കൊണ്ടു കളിച്ചും
സ്വസ്ഥതയിൽ ചില വാക്കു പറഞ്ഞു കൃ-
താർത്ഥത പൂണ്ടഥ മരുവീടുന്നു;
ഇടവും വലവുമൊരഞ്ഞൂറഞ്ഞൂ-
റിടതിങ്ങീടിന കൈകളശേഷം
തടികൾകണക്കെ നിരത്തിക്കൊണ്ടഥ
നടുവിൽത്താനൊരു കുറ്റികണക്കെ
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/18&oldid=161937" എന്ന താളിൽനിന്ന് ശേഖരിച്ചത്