ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- തെങ്ങു കവുങ്ങുകൾ മാവും പ്ലാവും
- എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
- മടമ്പികളുടെ പദവികളൊന്നും
- കൂടുകയില്ലാ നമ്മുടെ നാട്ടിൽ
- വീടന്മാരും വിളവുകൾ നെല്ലുകൾ
- വിത്തിലിരട്ടി നമുക്കു തരേണം;
- നാട്ടിലിരിക്കും പട്ടന്മാരും
- നാലാലൊന്നു നമുക്കു തരേണം;
- വീട്ടിലിരിക്കും നായന്മാർ പട-
- വില്ലും കുന്തവുമേന്തിച്ചൊല്ലും-
- വേലയെടുത്തു പൊറുക്കണമെല്ലാ-
- നാളും പാർത്താ ദശമുഖഭവനേ;
- കള്ളുകുടിക്കും നായന്മാർക്കടി-
- കൊള്ളും താനുമതോർത്തീടേണം;
- ഉള്ളിൽ കൂറില്ലാത ജനത്തെ-
- കൊല്ലിക്കുന്നെജമാനന്മാരൊരു-
- കൊള്ളിക്കും വിലപിടിയാതവരെ
- ത്തുള്ളിക്കും ദശകണ്ഠപ്പെരുമാൾ;
- ഇങ്ങനെയുള്ള ജളപ്രഭുമന്ത്രിക-
- ളെങ്ങും ചേരുകയില്ലതുകൊണ്ട്
- ഹേഹയനൃപതേ! നിന്നുടെ മന്ത്രിക-
- ളാഹവശൂരന്മാരായുള്ളവ-
- രെല്ലാമുടനേ ലങ്കാപുരിയിൽ-
- ച്ചെല്ലാനരുളിച്ചെയ്തു; ദശാസ്യനു
- നെല്ലും പണവും പൊന്നും പാത്രവു-
- മുള്ളതശേഷവുമങ്ങു കൊടുത്താൽ
- തെല്ലും ദുർഘടമില്ല നിനക്കത്;
- വല്ല നൃപന്മാർക്കിക്കാലങ്ങളിൽ1
- വല്ലാതുള്ളൊരു ശഠത തുടർന്നാൽ
- വല്ലന്തിയുമിഹ വന്നു ഭവിക്കും;
- നല്ലൊരു പെരുവഴി ഞാനിഹ നിന്നൊടു-
- ചൊല്ലുന്നതു നീ മാനിക്കാഞ്ഞാൽ
- പെട്ടെന്നിവിടെക്കാണാമനവധി
- ദുഷ്ടന്മാർ ദശകണ്ഠഭടന്മാർ
- വട്ടക്കണ്ണും ചെമ്പൻതലയും
- വായിൽ നിറഞ്ഞുവളഞ്ഞൊരു പല്ലും
- അഞ്ജനശൈലംപോലെ ശരീരവു-
- മതിതീവ്രം നഖമുഖവും കണ്ടാൽ