താൾ:Karnabhooshanam.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ആ മൃതസഞ്ജീവിന്യാരാമമിന്നോളം
    പാഴ്മുൾച്ചെടിക്കാടായ് മാറീട്ടില്ല;

 ആ വീരഹര്യക്ഷഗഹ്വരമിപ്പോഴു-
    മാഖുവിൻ മാളമായ്ത്തീർന്നിട്ടില്ല.        700

 എന്തവനെന്നോടു യാചിപ്പാനിച്ഛിപ്പു ?
    ഹന്ത ! മൽകഞ്ചുകകുണ്ഡലങ്ങൾ ?

 ഒന്നു ഞാൻ മുന്നമേ മാറേണ്ട പാഴ്ത്തുണി:
    ഒന്നു വധൂചിതമാഭരണം !

 ചെല്ലറില്ലാരുമേ രോഹണശൈലത്തിൽ
    വെള്ളാരങ്കല്ലിനു വേണ്ടി മാത്രം !

 ഇച്ഛിപ്പതെൻ പ്രാണനെന്നാലതിന്നെന്തി-
    നിശ്ശിരോവേഷ്ടനപ്രാണായാമം ?

 പണ്ടു ഞാൻ ഭാർഗ്ഗവശിഷ്യനായ് വാണനാൾ
    വണ്ടത്താനായ് വന്നീ വജ്രപാണി        710

 എന്നൂരുശോണിതപാനത്താൽ തീർത്തീലേ
    നന്ദനവാത്സല്യജുർത്തിദാഹം ?

 തൻകൈയിലിപ്പോഴുമദ്ദാഹം തീർക്കുവാ‌-
    നെൻകണ്ഠശോണിതമുല്ലസിക്കെ

 കഞ്ചുകകുണ്ഡലദ്രാവകമെന്തിന്നു
    സഞ്ചയിച്ചീടുന്നു സാധു ശക്രൻ ?

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/42&oldid=161865" എന്ന താളിൽനിന്ന് ശേഖരിച്ചത്