Jump to content

താൾ:Ghoshayatra.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീരവൃകോദര! വരികധനഞ്ജയ!
വൈരം നമ്മൊടു കരുതീടൊല്ലാ.
വൈരിജനങ്ങടെ ബന്ധനമോക്ഷം
വിരവൊടുചെയ്ത വൃകോദരവീര
എന്നതുകേട്ടു വൃകോദരനുടനെ
സ്യന്ദനമേറിച്ചെന്നു പതുക്കെ
കെട്ടുകളൊക്കെയഴിപ്പാൻ രഥമതി-
ലിട്ടുപിരട്ടിയുരുട്ടിച്ചിലരുടെ
കുടുമപിടിച്ചു വലിച്ചു ചിലരുടെ
പിടരിപിടിച്ചു തിരിച്ചും ചിലരുടെ
താടിപറിച്ചും മീശമുറിച്ചും
മോടി കുറച്ചും തട്ടിമറിച്ചും
കെട്ടഴിയാഞ്ഞതു പൊട്ടിച്ചുംപണി
പെട്ടുരഥത്തേൽ നിന്നു നിലത്തേ-
ക്കിട്ടുതുടങ്ങി മടങ്ങാതേതല-
തൊട്ടെണ്ണിസ്വരുപിച്ചങ്ങൊരുദിശി
ദുര്യോധനനും ദുശ്ശാസനനും
ദുർമ്മുഖനും ദുശ്ശേശ്വരനിവനും
ദുർമ്മർഷണനും ദുർമ്മേധാവും
ദുർദ്ധർഷണനും ദുർഭാഷണനും
ദുഷ്കർഷണനും ദുഷ്കണ്ടകനും
ദുശ്ശീലൻ ദുർബുദ്ധി ദുരീശൻ
എണ്ണംനൂറുമിതൊപ്പിപ്പാൻ ബഹു-
ദണ്ഡമെനിക്കിഹകൈതളരുന്നു-
ഉണ്ണീവരികധനഞ്ജയ! നീയിനി

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/80&oldid=160361" എന്ന താളിൽനിന്ന് ശേഖരിച്ചത്