Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ഓരോന്നുവീതം തഹശീൽദാരന്മാരും ഉണ്ടു്. കരപ്പിരിവു മുതലായ വേലകൾക്കു തഹശീൽദാരന്മാരുടെ കീഴിൽ പാർവത്യകാരന്മാരും പിള്ളമാരും മാസപ്പടിക്കാരും മറ്റും നിയമിക്കപ്പെട്ടിരിക്കുന്നു.

രാജ്യരക്ഷയ്ക്കും സമാധാനരക്ഷയ്ക്കുമായി നായർ പട്ടാളവും, തുറുപ്പും, പീരങ്കിപ്പട്ടാളവും തലസ്ഥാനത്തു കിടപ്പുണ്ടു്. പുതിയ പരിഷ്കാരത്തോടുകൂടി ഇവയെല്ലാം ട്രാവൻകോർ സ്റ്റേറ്റ് ഫോർസസ്സ് എന്ന നാമത്തിൽ ഇൻഡ്യൻ സ്റ്റേറ്റ് ഫോർസിൽ ചേർത്തിരിക്കുന്നു.

ന്യായപരിപാലനം ചെയ്യുന്നതിനു സിവിൽ എന്നും, ക്രിമിനൽ എന്നും രണ്ടുവിധം ഏർപ്പാടുകൾ ഉണ്ടു്. ഇവയിൽ ആദ്യത്തേതു് പണമിടപെട്ടതും വസ്തു സംബന്ധിച്ചതുമായ കാര്യങ്ങൾക്കും രണ്ടാമത്തേതു അടിപിടി, അക്രമം, മോഷണം മുതലായ കാര്യങ്ങൾക്കും മറ്റുമായിട്ടാണു് ഏർപ്പെടുത്തപ്പെട്ടിട്ടുള്ളതു്. ഇവ രണ്ടിന്റേയും മേലധികാരം വഹിക്കുന്നതു തലസ്ഥാനത്തുള്ള ഹൈക്കോടതിയാണു്. ഇവിടെ ഒരു ചീഫ് ജസ്റ്റീസും പ്യൂണിജഡ്ജിമാരും ഉണ്ടു്. സിവിൽക്കാര്യങ്ങൾ നടത്തുന്നതിനു ഹൈക്കോടതിയുടെ കീഴിൽ ആറു ജില്ലാക്കോടതികളും ഓരോന്നിന്റെ കീഴിൽ ഏതാനും മുൻസിഫ്‌കോടതികളും ഉണ്ടു്. ക്രിമിനൽക്കാര്യങ്ങൾ നടത്തുന്നതിനു ഹൈക്കോടതിയുടെ കീഴിൽ നാലു ഡിസ്ട്രിൿറ്റുമജിസ്ട്രേട്ടന്മാരും അവരുടെ കീഴിൽ ഒന്നും, രണ്ടും, മൂന്നും ക്ലാസുകളിലായി ഏതാനും മജിസ്ട്രേട്ടന്മാരും ഉണ്ടു്. ഡിസ്ട്രിക്റ്റുമജിസ്ട്രേട്ടന്മാർ മൂന്നു ഡിവിഷൻപേഷ്കാരന്മാരും ഏലമലയിൽ ഒരു കമ്മീഷണരും ഇങ്ങനെ നാലുപേരാണു്. താലൂക്കുതഹശീൽദാരന്മാർക്കു ചിലർക്കു മജിസ്ട്രേട്ടധികാരം നൽകിയിട്ടുണ്ടു്. യൂറോപ്യൻ പ്രജകളെ വിസ്തരിക്കുന്നതിനു പ്രത്യേകം കോടതികൾ സ്ഥാപിച്ചിരിക്കുന്നു.

ന്യായപരിപാലനത്തിൽ സഹായമായിരിക്കുന്നതിനും സമാധാനസംരക്ഷണത്തിനും ആയിട്ടു് ഒരു പോലീസു ഡിപ്പാർട്ടുമെന്റു ഏർപ്പെടുത്തിയുട്ടുണ്ടു്. ഇതിലെ അദ്ധ്യക്ഷൻ പോലീസുകമ്മീഷണരാണു്. ഈ കമ്മീഷണരുടെ കീഴിൽ മൂന്നു ഡിസ്ട്രിക്റ്റു സൂപ്രണ്ടന്മാരും ആറു് അസിസ്റ്റന്റു സൂപ്രണ്ടന്മാരും അവരുടെ കീഴിൽ യഥാക്രമം ഇൻസ്പെക്ടറന്മാർ, ഹെഡ്കാൺസ്റ്റെബിൾമാർ, കാൺസ്റ്റെബിൾമാർ ഇവരും ഉണ്ടു്. ഇപ്പോൾ പോലീസുഡിപ്പാർട്ടുമെന്റിൽ ട്രാഫിക്കു് (ഗതാഗതം) നിയന്ത്രണത്തിനും ഗൂഢാ‌ന്വേഷണത്തിനും ഏർപ്പാടുകൾ ചെയ്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/74&oldid=160134" എന്ന താളിൽനിന്ന് ശേഖരിച്ചത്