അദ്ധ്യായം ൧൦.
കൃഷിമരാമത്തു്.
തെക്കൻഡിവിഷനിലെ കൃഷിയുടെ അഭിവൃദ്ധിക്കുവേണ്ടി പല വേലകൾ ഗവർമ്മെന്റിൽനിന്നു ചെയ്തുവരുന്നു. താമ്രവർണ്ണിയിലും കോതയാറ്റിലും പഴയാറ്റിലും മുമ്പിനാലെതന്നെ അണകൾകെട്ടി നാഞ്ചിനാട്ടിലേക്കു വെള്ളം പായിക്കുന്നതിനു വേണ്ട മാർഗ്ഗങ്ങൾ ഉണ്ടാക്കീട്ടുണ്ടു്. കോതയാറ്റിലെ കാക്കച്ചൽ അണ, താമ്രവർണ്ണിയിലെ പാണ്ഡിയൻഅണ ഇവവളരെ പുരാതനങ്ങളായിട്ടുള്ളവയാണു്. വലിയ കേടുകൾ അവയ്ക്കു് ഇപ്പോഴും സംഭവിച്ചിട്ടില്ല. ഇഞ്ചിനീയർ വേലകളിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള പരിഷ്കാരങ്ങൾ കേട്ടുകേൾവിപോലും ഇല്ലാതിരുന്ന പുരാതനകാലങ്ങളിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള പാണ്ഡിയൻ അണയേയും മറ്റും ഒന്നു സന്ദർശിച്ചാൽ പണ്ടുള്ളവരുടെ ബുദ്ധികൌശലത്തെപ്പറ്റി ഏങ്ങനെയാണു് സ്മരിക്കാതിരിക്കുന്നതു്.
ഇതിനു കുറച്ചു താഴെയാണു് ഈയിട നനാക്കി പൊക്കപ്പെട്ടിട്ടുള്ള വിശേഷമായ പൊന്മനയണ. ഇതിലും പാണ്ഡിയൻ അണയിലും നിന്നു് ഓരോ കാലു് പഴയാറ്റിലേക്കു വെട്ടിച്ചിട്ടുണ്ടു്. പൊന്മന അണയിൽ നിന്നും പുത്തനാറു് എന്ന കാലുവഴി പത്മനാഭപുരം, ഇരണിയൽ മുതലായപ്രദേശങ്ങളിൽ വെള്ളംകൊണ്ടുപോകപ്പെടുന്നു. പഴയാറ്റിൽ ചിലയിടങ്ങളിൽ അണകെട്ടി അണയിൽ അനേകം കണ്ണറകളും അവയ്ക്കു ഓരോ ചീപ്പും ഓരോ പ്രത്യേകകാലം ഉണ്ടാക്കീട്ടുണ്ടു്. ഇവയെ "റ്റൈഡ് വർക്ക്സു്" അല്ലെങ്കിൽ തലവേലകൾ എന്നു വിളിക്കുന്നു. ഈ പണി കൊണ്ടു ഒരണയിൽനിന്നു് ഒരു സമയത്തു് ആവശ്യംപോലെ വെള്ളം വേണ്ട സ്ഥലങ്ങളിലേക്കു കൊണ്ടുപോകയും വേണ്ടാത്ത സ്ഥലത്തു് അയയ്ക്കാതിരിക്കയും ചെയ്യാം. ഈ അണകളും ചാലുകളും കൊണ്ടു മതിയാകാത്തതുകൊണ്ടാണു്; കോതയാറ്റിന്റെ മേൽഭാഗത്തു വളരെ പണം ചെലവുചെയ്തു കുറച്ചു മുമ്പു ഒരു വലിയ അണ പണിതീർത്തതു്. ഇതത്രേ പ്രസിദ്ധപ്പെട്ട "പേച്ചിപ്പാറ" അണ. അണയുടെ നീളം ൧൪൦൦ അടിയും പൊക്കം ൧൧൫ അടിയുമാണു്. മുകളിൽ ഏകദേശം 20 ചതുരശ്രമൈൽ സ്ഥലത്തു വീഴുന്നവെള്ളം ഒലിച്ചുവന്നു കെട്ടിനില്ക്കത്തക്ക സൌകര്യമുണ്ടു്. ഇതിന്റെ മുകളിൽനിന്നു വലത്തും ഇടത്തും ഭാഗങ്ങളിലേക്കുള്ള കാലുകൾ മുഴുവൻ തീർന്നാൽ നെയാറ്റുങ്കര മുതൽ ക