താൾ:Geography textbook 4th std tranvancore 1936.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാലം ഇവിടെ പണിയിച്ചതു്. പാലത്തിനു് സമീപം ആറ്റുതീരത്തു ഒരു കടലാസു നിർമ്മാണശാല സ്ഥാപിച്ചിരിക്കുന്നു. ഈ ആറ്റിന്റെ മേൽഭാഗത്തുള്ള മലഞ്ചരുവുകളിൽ തേയിലത്തോട്ടങ്ങൾ ഉണ്ടു. "പത്തേനാസ്" എന്ന ഉന്നതതടം ഇവിടെയാണു്.

൬. ഇത്തിക്കരയാറു്:-ഇതു കൊട്ടാരക്കര അതിർത്തിയിൽ പത്തനാപുരവും നെടുമങ്ങാടും കൂടിതൊടുന്ന്തിനടുത്തുള്ള മാഞ്ഞൂർ മലകളിൽനിന്നും പുറപ്പെട്ടു വളഞ്ഞുവളഞ്ഞു മിക്കവാറും പടിഞ്ഞാറോട്ടൊഴുകി കൊല്ലംതാലൂക്കിലുള്ള പരവൂർക്കായലിൽ വീഴുന്നു. നീളം ൩൦-മൈൽ. തീരസ്ഥലങ്ങൾ:-ആയൂർ, പള്ളിക്കൽ, ഇത്തിക്കര, ചാത്തന്നൂർ. ഇതിന്റെ മുഖത്തു വളരെ പാറക്കൂട്ടങ്ങൾ ഉള്ളതുകൊണ്ടു് ഇതിൽകൂടി വള്ളങ്ങൾ അധികം സഞ്ചരിക്കുന്നില്ല. മെയിൻറോഡു കിടക്കുന്നതു ആയൂർ പാലത്തിൽ കൂടിയാണു്. തിരുവനന്തപുരം-കൊല്ലം റോഡിൽ ഇത്തിക്കരയും പാലമുണ്ട്.

൭. ആറ്റുങ്ങൽ (വാമനപുരം) ആറു്:-പൊന്മുടിക്കു തെക്കുകിഴക്കുള്ള മലകളിൽനിന്നും പുറപ്പെട്ടു നെടുമങ്ങാട്ടും ചിറയിൻകീഴിലുംകൂടി പടിഞ്ഞാറോട്ടൊഴുകി അഞ്ചുതെങ്ങു കായലിൽ വീഴുന്നു. നീളം ൩൫-മൈൽ. തീരസ്ഥലങ്ങൾ:- വാമനപുരം, ആറ്റുങ്ങൽ, ചിറയിൻകീഴു്. ഇതിൽ കുറുക്കെ ആറ്റുങ്ങലിനടുത്ത് പൂവമ്പാറെ ഒരു വിശേഷമാതിരിപ്പാലം തീർത്തിട്ടുണ്ടു്. മെയിൻ റോഡു കടക്കുന്നതു കിഴക്കുമാറിയുള്ള വാമനപുരം പാലത്തിൽ കൂടിയാണു്.

൮. കരമനയാറു്:-ഇതു് അഗസ്ത്യകൂടത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തുനിന്നു പുറപ്പെട്ടു തെക്കുപടിഞ്ഞാറായി നെടുമങ്ങാട്ടും തിരുവനന്തപുരത്തുംകൂടി ഒഴുകി രണ്ടു ശാഖകളായി പിരിഞ്ഞു പൂന്തുറയ്ക്കു സമീപംവച്ചു സമുദ്രത്തിൽ ചേരുന്നു. നീളം ൪൧-മൈൽ. ഇതിൽ കുറുക്കെ തിരുവനന്തപുരത്തിനു സമീപം കെട്ടപ്പെട്ടിട്ടുള്ള കരമനപ്പാലം ഏറ്റവും ഉറപ്പുള്ളതാണു്. ഏകദേശം ൭൦-കൊല്ലത്തെ പഴക്കമുണ്ടെങ്കിലും ഇതേവരെ യാതൊരു കേടും സംഭവിച്ചിട്ടില്ല. കുണ്ടാങ്കടവിലും തിരുവല്ലത്തും ഓരോ പുതിയ പാലവും കെട്ടിയിട്ടുണ്ടു്. നെടുമങ്ങാട്ടിനു സമീപം അരുവിക്കര എന്ന സ്ഥലത്തുള്ള ഇതിലെ അരുവി പ്രസിദ്ധപ്പെട്ടതാണു്. ഇവിടുന്നു തിരുവനന്തപുരം പട്ടണത്തിലേക്കു കുഴൽവഴി നല്ല ശുദ്ധവെള്ളം കൊണ്ടുപോകുന്നുണ്ടു്. തീരസ്ഥലങ്ങൾ:-ആര്യനാടു്, അരുവിക്കര വട്ടിയൂർക്കാവു, തിരുവനന്തപുരം, കരമനഗ്രാമം, തിരുവല്ലം. ഇതിന്റെ തെക്കോട്ടുള്ള ശാഖയുടെ മുഖത്താണു് കോവളം. കിള്ളിയാറു് ഇതിന്റെ ഒരു പോഷകനദിയാണു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/23&oldid=160079" എന്ന താളിൽനിന്ന് ശേഖരിച്ചത്