Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിളക്കിനു് ശബരിമലപ്പോകുന്ന അയ്യപ്പന്മാർ സദ്യയും ലക്ഷദീപവും നടത്തുന്നതു്. പമ്പാനദിക്കു പല വലിയ പോഷകനദികളുമുണ്ടു്.

അവ:-

(എ) മണിമലയാറു്: ഇതു് അമൃതുമലയ്ക്കു തെക്കുള്ള മലകളിൽനിന്നു പുറപ്പെട്ടു തെക്കുപടിഞ്ഞാറായി മിക്കവാറും ചങ്ങനാശ്ശേരി, തിരുവല്ലാ ഈ താലൂക്കുകളിൽകൂടി ഒഴുകി പുളിക്കീഴിനല്പം മുകളിൽവച്ചു പമ്പാനദിയുടെ വലത്തേഭാഗത്തു ചേരുന്നു. നീളം ൬൨-മൈൽ. തീരസ്ഥലങ്ങൾ:-മുണ്ടക്കയം, മണിമലാ, മല്ലപ്പള്ളി, കല്ലൂപ്പാറ, കവിയൂർ, തിരുവല്ല. ചിറ്റാറു് ഇതിന്റെ ഒരു പോഷകനദിയാണു്. ഇതിന്റെ തീരത്താകുന്നു കാഞ്ഞിരപ്പള്ളി.

(ബി) കൊല്ലകടവാറു് അല്ലെങ്കിൽ അച്ചൻകോവിൽ ആറു്:-ഇതു ചെങ്കോട്ടയുടെ അതിരിലുള്ള അച്ചൻകോവിൽ മലകളിൽനിന്നും പുറപ്പെട്ടു വടക്കു പടിഞ്ഞാറായി പത്തനംതിട്ട, തിരുവല്ല, മാവേലിക്കര, കാർത്തികപ്പള്ളി ഈ താലൂക്കുകളിൽകൂടി ഒഴുകി വീയപുരത്തുവച്ചു പമ്പാനദിയിൽ ഇടത്തുവശത്തു ചേരുന്നു. നീളം ൭൦-മൈൽ. ൪൦-മൈൽ വരെ വള്ളം സഞ്ചരിക്കും. തീരസ്ഥലങ്ങൾ:-കോന്നി, പന്തളം, കൊല്ലകടവു്, മാവേലിക്കര, കണ്ടിയൂർ. ഇതിനെ കുളക്കടയാറെന്നു പറഞ്ഞു വരുന്നതു് അബദ്ധമാണു്. 'കുളക്കട' കല്ലടയാറ്റിന്റെ തീരത്താകുന്നു.

(സി) കല്ലാറു അല്ലെങ്കിൽ കുമരം‌പേരൂരാറു്.-ഇതു പമ്പയുടെ ഇടത്തേക്കരയിൽ വടശ്ശേരിക്കര വച്ചു കൂടുന്നു.

(ഡി) കക്കാട്ടാറു്-ഇതു അല്പംകൂടി വടക്കുമാറി ഒഴുകി ഇടത്തേക്കരയിൽത്തന്നെ പെരിനാട്ടുവച്ചു കൂടുന്നു.

മെയിൻറോഡു് കടക്കുന്നതിനു് അച്ചൻകോവിലാറ്റിൽ പന്തളത്തും പമ്പയാറ്റിൽ ചെങ്ങന്നൂരിനടുത്തു ഇറപ്പുഴയും മണിമലയാറ്റിൽ തോണ്ടറയും പാലങ്ങൾ ഉണ്ടു്. മണിമലയാറ്റിൽ കിഴക്കുമാറി വള്ളംകുളത്തും മണിമലയിലും പാലങ്ങൾ കെട്ടിയിട്ടുണ്ടു്.

പെരിയാറ്റിനു നീളവും വീതിയും കൂടുതലുണ്ടെങ്കിലും ഉപയോഗം നോക്കിയാൽ പ്രാധാന്യം പമ്പാനദിക്കും അതിന്റെ പോഷകനദികൾക്കും ആണു്. ആലുവാവെള്ളത്തിനേക്കാൾ അധികം കുറഞ്ഞതരത്തിലുള്ളതല്ല, ആറന്മുളയ്ക്കു താഴെയുള്ള പമ്പയുടെ മാലക്കരനെട്ടായത്തിലെ വെള്ളം. വേനൽക്കാലത്തു കുളിച്ചു താമസിക്കുന്നതിനു വളരെ ആളുകൾ ഇവിടെയും എത്തുന്നുണ്ടു്. ആറന്മുള വള്ളംകളിക്കു പ്രസിദ്ധപ്പെട്ട ഒരു സ്ഥലമാണു്. കളിക്കുപ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/21&oldid=160077" എന്ന താളിൽനിന്ന് ശേഖരിച്ചത്