യ്ക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. തലച്ചോറിൽ ചിന്തയുടേയോ സ്വപ്നത്തിൻ്റേയോ വ്യാപാരങ്ങൾ
നടക്കുന്നു. ഇങ്ങിനെ പല പ്രവൃത്തികൾ ഈ
യന്ത്രത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ടു്.
ഈ പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ ഊൎജ്ജവും ചൂടും
ആവശ്യമാണു്. ഊർജ്ജവും ചൂടും എവിടെ നിന്നു്
ലഭിക്കുന്നു? ലഭിയ്ക്കുന്നതു് ആഹാരപദാൎത്ഥങ്ങളിൽ
നിന്നത്രെ.
അടുപ്പിലെ വിറകു കത്തുന്നതു് നിങ്ങൾ കണ്ടിട്ടുണ്ടല്ലൊ. കത്തുമ്പോൾ പ്രാണവായുവിനോടു് ചേർന്നു് വിറകിന്റെ അംശങ്ങൾക്കു് ജാരണം സംഭവിയ്ക്കുന്നു അതിന്റെ ഫലമായി ചൂടും വെളിച്ചവും ഉണ്ടാകുന്നു. അതുപോലെ ശരീരത്തിൽ ലയിച്ചു ചേർന്ന ആഹാരവും ഒരുതരം ഇന്ധനമായി പ്രവൎത്തിക്കുന്നു. അതു ശരീരത്തിനകത്തുവെച്ചു് പ്രാണവായുവുമായി സംയോജിക്കുന്നു; അഥവാ അതിനു് ജാരണം ഉണ്ടാകുന്നു. ജാരണത്തിൻ്റെ ഫലമായി ചൂടും ഊർജ്ജവും ഉൽപാദിപ്പിയ്ക്കപ്പെടുന്നു.ഈ ചൂടും ഊർജ്ജവും ചിലവഴിച്ചാണു് ശരീരം പ്രവൃത്തിചെയ്യുന്നതു്. കത്തിത്തീരുന്നതിനനുസരിച്ചു് കൂടുതൽ വിറകു് അടുപ്പിലേയ്ക്കു് വെച്ചുകൊടുക്കേണ്ടതുണ്ടല്ലൊ. അതു പോലെ ഊർജ്ജവും ചൂടും ഉൽപാദിപ്പിച്ചു് ശരീരത്തിലെ ഭക്ഷണാംശങ്ങൾ തീൎന്നുപോകുമ്പോൾ അതിനു് പകരം വെയ്ക്കുവാൻ നാം ആഹാരം കഴിയ്ക്കേണ്ടിവരുന്നു.