Jump to content

താൾ:Ente naadu kadathal.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വയം പ്രതിഷ്‌ഠിച്ചു എന്നതും. ഇതിനു ശ്രദ്ധേയമായ തെളിവായിട്ട്, അയാൾക്കെതിരെ കൊടുത്ത രണ്ടു മാനനഷ്ടക്കേസുകൾ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ സാഹചര്യങ്ങളെക്കാൾ കൂടുതലായിട്ടൊന്നും ആവശ്യമില്ല. 1907 സെപ്തംബറിലും ഒക്ടോബറിലുമായിരുന്നു അന്യായങ്ങൾ ഫയൽ ചെയ്തത്, 1910 സെപ്തംബർ വരെ ഈ കേസ്സുകൾ തീർപ്പുചെയ്യാതെ കിടന്നിരുന്നു. ഈ മനുഷ്യനെ നാടുകടത്തിയിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അവസാനം കേസ്സുകൾ ഫയലിൽനിന്നും നീക്കം ചെയ്തു. ഈ മനുഷ്യനെതിരായി ഈ സംസ്ഥാനത്തിൽ ആരും കേസ്സു കൊടുക്കുകയില്ല. വിദ്യാർത്ഥിലോകത്തിനും ആത്മധൈര്യമില്ലാത്തതായിരിക്കുന്നു. തിരുവിതാംകൂറിലെ വിദ്യാർത്ഥിലോകത്തിന്റെ കണ്ണിൽ ഒരുതരം വീരപുരുഷനായിക്കഴിഞ്ഞിരിക്കുന്നു ഇയാൾ. ഇക്കാര്യങ്ങളെല്ലാം ഞാൻ കുറിക്കുന്നത്, ഇവയെല്ലാം രേഖപ്പെടുത്തിവെയ്ക്കേണ്ടത് ആവശ്യമാണെന്നതുകൊണ്ടു മാത്രമാണ്. 'സ്വദേശാഭിമാനി' പത്രം നിരോധിക്കുകയും അതിന്റെ മാനേജിംഗ് പ്രൊപ്രൈറ്ററെ അറസ്റ്റുചെയ്തു നാടുകടത്തുകയും ചെയ്തപ്പോഴത്തെ യഥാർഥസ്ഥിതി എന്തായിരുന്നു എന്ന് ഡർബാർ വ്യക്തമായും അറിയണം.

18. 'സ്വദേശാഭിമാനി' യുടെ എഴുത്തുകൾക്കെതിരായി തിരുവിതാംകൂറിലെ മറ്റു ചില പത്രങ്ങൾ ശബ്ദമുയർത്തുകതന്നെ ചെയ്തു എന്നു പറയേണ്ടിയിരിക്കുന്നു. കർക്കശമായ ഒരു പത്രനിയമം ഏർപ്പെടുത്തുന്നതിനു രാമകൃഷ്ണപിള്ള ഗവർമെന്റിനെ നിർബന്ധിതമാക്കുന്നുവെന്നായിരുന്നു ആ പത്രങ്ങളുടെ താക്കീത്, ഇങ്ങനെ താക്കീതു ചെയ്ത പത്രങ്ങളെ ശക്തിയായി ആക്രമിക്കുകയും അവസാനം 'സ്വദേശാഭിമാനി' ഫലത്തിൽ രംഗം പിടിച്ചെടുക്കുകയും ചെയ്തു. അതുകൊണ്ടും നിന്നില്ല. പത്രനിയമത്തിന്റെ ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചതിലൂടെ (156) ആ വസ്തുതയെ ഒന്നോടെ 'സ്വദേശാഭിമാനി' പരിഹസിക്കുകയും അതിലൂടെ ഗവർമെന്റിനെ മഹാരാജാവിനെയും ദിവാനെയും മറ്റും വീണ്ടും ആക്രമിക്കുകയും ചെയ്തു.

19. ഈ റിപ്പോർട്ട് ഉപസംഹരിക്കുന്നതിനുമുമ്പ്, മഹാരാജാവിനും അവിടുത്തെ ഗവർമെന്റിനും, അവിടുത്തെ കാലത്ത് ഇവിടെ ഭരണസാരഥ്യം വഹിച്ചിരുന്ന ദിവാർജിമാർക്കും, ഡർബാറിന്റെ മറ്റുദ്യോഗസ്ഥന്മാർക്കും എതിരേ 'സ്വദേശാഭിമാനി' ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ, ഒരു ചെറുസംഘം വെച്ചു പുലർത്തിപ്പോന്നതും, മഹാരാജാവു ഭരണമേറ്റകാലം തൊട്ടേ വളർന്നുവന്നിട്ടുള്ളതും, മഹാരാജാവിന്റെ നേർക്ക്, ആഴത്തിൽ വേരോടിയിട്ടുള്ളതും വിടാപ്പിടിയായിട്ടുള്ളതുമായ ആ എതിർപ്പിന്റെ ഒരു തുടർച്ച മാത്രമാണ് എന്ന എന്റെ അഭിപ്രായം രേഖപ്പെടുത്താൻ ഞാൻ മടിച്ചുകൂടെന്നു കരുതുന്നു. എതിർപ്പിന്റെ ആ പ്രഭവം വ്യത്യസ്തകാലങ്ങളിൽ വ്യത്യസ്തങ്ങളായ രൂപഭാവങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. തിരുവിതാംകൂറിലെ ആഭ്യന്തര പ്രവർത്തനവുമായി ഉറ്റ പരിചയമില്ലാത്ത ഒരുവന്, യഥാർത്ഥത്തിൽ ഈ കാലഘട്ടത്തിൽ വ്യക്തമായിരുന്ന ഒരു വികാരമായിരുന്നു അതെന്നു മനസ്സിലാക്കുക പ്രയാസമായിരിക്കും. ദിവാൻ മി. രാമറാവുവിന്റെ ഉദ്യോഗത്തിന്റെ പ്രാരംഭകാലത്ത് സംസ്ഥാനത്തെ സർക്കാർ സർവീസിൽ ഉയർന്ന തസ്തികകളിൽ നായന്മാർ താരതമ്യേന കുറവായിരുന്നു. ആ കുറവ് ഉയർത്തിപ്പിടിച്ചുകൊണ്ട്, ബ്രാഹ്മണമേധാവിത്വത്തിനെതിരായ പ്രക്ഷേഭണം എന്ന ഭാവത്തിൽ മഹാരാജാവിനും അന്നത്തെ ദിവാനും എതിരായി ആക്രമണം ആസൂത്രണം ചെയ്തു. കൊണ്ണിമറാ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ, പ്രഭു രാജ്യത്തിനുള്ളിൽ കാലുകുത്തിയ സമയം മുതൽ, മഹാരാജാവിനും അവിടുത്തെ ദിവാനുമെതിരായി വിദ്വേഷപൂർണ്ണവും അപകീർത്തികരവുമായ ലഘുലേഖാപ്രളയംതന്നെ സൃഷ്ടിക്കുകയുണ്ടായി. 'ആക്രമണങ്ങൾക്കായി തിരുവിതാംകൂർ പത്രങ്ങളെ പര-

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/82&oldid=159054" എന്ന താളിൽനിന്ന് ശേഖരിച്ചത്