തിരുവിതാംകൂറിലെ മഹാവീരൻ
(ഉദയഭാനു)
'സ്വദേശാഭിമാനി' പത്രാധിപർ കെ. രാമകൃഷ്ണപിള്ള ബി.എ. അവർകളെ തിരുവിതാംകൂറിൽനിന്ന് പുറത്താക്കി അദ്ദേഹത്തിന്റെ അച്ചുക്കൂടത്തെയും മറ്റും സർക്കാരിലേക്കു പിടിച്ചടക്കുവാനായി മഹാരാജാവു തിരുമനസ്സിലേക്ക് `തിരുവുള്ളമുണ്ടാകയും' തിരുവിതാംകൂർ ഗവണ്മെന്റ് കല്പനപ്രകാരമെല്ലാം പ്രവർത്തിക്കയും, ചെയ്തതിനെപ്പറ്റി ഇംഗ്ലീഷ് ഭാഷയിലും നാട്ടുഭാഷകളിലും നടത്തപ്പെടുന്ന മിക്ക പത്രങ്ങളും മദിരാശി സംസ്ഥാനത്തിലെ പല മഹാന്മാരും അവരവരുടെ അഭിപ്രായം എഴുതിക്കഴിഞ്ഞിരിക്കുന്നുവല്ലോ. സ്വാർത്ഥതത്പരന്മാരും സ്വജനദ്രോഹികളും സ്വാത്മാഭിമാനം പോലുമില്ലാതെ ലോകാഭിമാനികളെന്നു നടിക്കുന്നവരുമായ ദുർലഭം ചിലരൊഴിച്ച്, മറ്റൊരാളും. ഈ വിഷയത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ട് ഇങ്ങനെ തിരുവുള്ളം വെച്ചത് ന്യായാനുസൃതവും നീതീകരിപ്പാൻ ശക്യവുമായ ഒരു പ്രവൃത്തിയാണെന്ന് അഭിപ്രായപ്പെട്ടുകാണാത്തതുകൊണ്ട് തൽസംബന്ധമായ വിവാദം അപ്രകൃതമാണെന്നു കരുതുന്നു. എങ്കിലും, ``ധർമ്മോസ്‌മൽ കുലദൈവതം" എന്ന മുദ്രാവാചകത്തെ ആധാരപ്പെടുത്തി, ശ്രീപത്മനാഭസ്വാമിയുടെ അനുമതിയോടുകൂടി ഭരിക്കപ്പെടുന്ന ഒരു രാജ്യത്തിൽ ജനിച്ചു വളർന്ന് സ്വതന്ത്രമായി ദിവസം കഴിച്ചുകൂട്ടുന്ന ഒരു പ്രജയെ, അയാളുടെമേൽ യാതൊരു കുറ്റവും ആരോപിക്കാതെ, നാടുകടത്തുന്നതിന് മഹരാജാവു തിരുമനസ്സിലേയ്ക്ക് തിരുമനസ്സുണ്ടായതിൽ അത്ഭുതപ്പെടാത്തവരാരുമില്ല. തിരുമനസ്സിലെ പ്രജാവാൽസല്യവും ധർമ്മബുദ്ധിയും മറ്റ് ഗുണങ്ങളും വിശ്വവിഖ്യാതങ്ങളാണ്. സർവ്വോപരി, തിരുമനസ്സിലെ കരുണാബുദ്ധി സർവത്ര പ്രസിദ്ധമാകുന്നു. ``സിംഹാസനസ്ഥനായ രാജാവിന് അത് (കാരുണ്യം കിരീടത്തെക്കാൾ ഗുണകരമാണ്" എന്ന് ആംഗലകാളിദാസൻ പറഞ്ഞിട്ടുള്ളതിനെ തിരുമനസ്സുകൊണ്ട് സ്വകൃത്യങ്ങളാൽ ന്യായമായി ഉദാഹരിച്ചു കാണിക്കയേ ഇതേവരെ ചെയ്തിട്ടുള്ളു -- ഇങ്ങനെയുള്ള ഒരു മഹാനുഭാവൻ രാജ്യതന്ത്ര ദൃഷ്ട്യാ ഇത്രയും ആക്ഷേപകരവും നീതിവിരുദ്ധവുമായ ഒരു രാജശാസനം എഴുതി തൃക്കൈവിളയാടുമെന്നു സ്വപ്നേപി വിചാരിക്കത്തക്കതല്ലായിരുന്നു.
“ | മന്നവൻ ഗുണവാനെന്നാകിലും ദുർമന്ത്രികൾ വന്നുചേരുമ്പോഴേറ്റം ദൂഷ്യവാനാകും നൃപൻ |
” |
എന്നൊരു സമാധാനം മാത്രമേ തത്കാലം ഇവിടെ പറവാൻ കാണുന്നുള്ളു...
ഗൗരവമേറിയ അനീതി
(ഡോക്ടർ ടി.എം.നായർ)
ഡോക്‌ടർ ടി.എം.നായർ (മദിരാശിയിലെ ദി ഹിന്ദു, സ്റ്റാൻഡാർഡ് എന്നീ പ്രതിദിനപത്രങ്ങളിൽ) എഴുതിയിരിക്കുന്ന ഒരു ലേഖനത്തിന്റെ താത്പര്യം ഇപ്രകാരമാകുന്നു: ``തിരുവിതാംകൂർ ഗവണ്മെന്റ് തിരുവിതാംകൂറിലെ 'സ്വദേശാഭിമാനി' പത്രത്തിന്റെ അധിപരെ നാടുകടത്തുകയും അച്ചുക്കൂടത്തെ പിടിച്ചടക്കുകയും ചെയ്തിരിക്കുന്നതായി കുറെ ദിവസങ്ങൾക്കുമുമ്പേ മദ്രാസ് പ്രതിദിനപത്രങ്ങളിൽ കണ്ടിരുന്ന കമ്പിവാർത്തകളാൽ ഞാൻ അറിഞ്ഞു... എനിക്കു മഹാരാജാവിനെക്കുറിച്ച് ഏറെ ആദരവുമാണുള്ളത്; അദ്ദേഹം ഈശ്വരഭയത്തോടും മനസ്സാക്ഷിക്കനുസരണമായും