താൾ:Ente naadu kadathal.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൊട്ടാരം ഉദ്യോഗസ്ഥന്മാരുടെ ശുപാർശകൾക്കും വിധേയനായതായി തെളിവുമൂലം വിചാരിക്കപ്പെടാവുന്ന ദിവാൻപേഷ്കാർ മിസ്റ്റർ മാധവൻപിള്ളയെപ്പോലുള്ള ഉന്നതകലാശാലാബിരുദധാരികളുടെപോലും സ്വഭാവത്തിൽ വന്നിരിക്കുന്ന വ്യത്യാസം ആലോചിച്ച് നോക്കുക. സർക്കാർസർവ്വീസിലെ അഴിമതികളുടെ സർവസാധാരണത്വമാണ് ഇതിൽനിന്നൊക്കെ വിശദമാകുന്നത്. തിരുവിതാംകൂറിന്റെ ധാർമ്മികപ്രശസ്തിയെത്തന്നെ ദൂഷിതമാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. കൈക്കൂലിയിൽ മുങ്ങിക്കിടക്കുന്ന ഒരു രാജ്യമെന്നുള്ള ദുര്യെശസ്സ് തിരുവിതാംകൂറിനുണ്ടാക്കുകയാണ് ഇവരുടെ ജീവിതവ്രതമെന്നു തോന്നിപ്പോകുന്നു. ഇക്കൂട്ടരെ നാമാവശേഷമാക്കുവാൻ നമ്മുടെ ദിവാൻജിമാരിൽ ആർക്കെങ്കിലും കഴിഞ്ഞിട്ടില്ല. ഇതെത്രയോ ദുഃഖകരമായ ഒരവസ്ഥയാണ്? ദേവികുളത്തെ 'ലീ' കേസ്സ് സംബന്ധമായ സാഹചര്യങ്ങളിൽ തിരുവിതാംകൂറിലെ കൈക്കൂലിയെപ്പറ്റി മദ്രാസ് ഹൈക്കോർട്ടിൽ പരാമർശമുണ്ടായത് ഈയിടെ മാത്രമാണ്. ഈ ദുഃസ്ഥിതി പരിഹരിക്കാമെന്നൊക്കെ ഉദ്ഘോഷിക്കപ്പെടാറുണ്ടെങ്കിലും കൈക്കൂലി ഇന്നും തിരുവിതാംകൂറിൽ നടമാടുന്നുണ്ട്. ഇതിനൊരന്തരം വരുത്തുവാൻ ഗവണ്മെന്റ് യാതൊന്നും ഇതുവരെ പ്രവർത്തിച്ചിട്ടുമില്ല. പ്രബലവും സംശയരഹിതവുമായി തെളിവുകൾ ഗവണ്മെന്റിനു ലഭിക്കായ്കയാലായിരിക്കുമോ? ഗവണ്മെന്റധികൃതർക്ക് ആവശ്യമായിരുന്നെങ്കിൽ തെളിവിനു യാതൊരു പ്രയാസവുമുണ്ടാകയില്ലെന്ന് ഇപ്പോൾ പ്രകടമായിരിക്കുന്നു. തിരുവിതാംകൂറിലെ അഴിമതികളെപ്പറ്റി നാം എത്ര കൂടുതൽ ചിന്തിക്കുമോ അത്ര കൂടുതൽ വ്യസനിക്കുകയേ കരണീയമായിട്ടുള്ളു. കൈക്കൂലിക്കുറ്റത്തിന് പങ്കുകാരെന്ന് ഈ കേസ്സിൽ സംശയിക്കപ്പെടുന്നവരുടെമേൽ ഗവണ്മെന്റ് നടപടികളെടുക്കുന്നില്ലെങ്കിൽ, ഈ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം നിഷ്ഫലമാവുകയും ജനങ്ങൾ നിരാശയിലേക്കുതന്നെ മടങ്ങുകയും ചെയ്യുമെന്നു ഞങ്ങൾക്കു ഭയമുണ്ട്. ഫൗസ്ദാർ മി. അനന്തരാജയ്യരും പാലസ് മാനേജർ മി. ശങ്കരൻതമ്പിയും അവരുടെ പേരിനു വന്നു കൂടിയിരിക്കുന്ന കളങ്കം എങ്ങനെ പരിഹരിക്കാമെന്നുള്ളതിനെപ്പറ്റി ഉടനടി പര്യാലോചന നടത്തുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അവർ അപ്രകാരം ചെയ്യാത്തപക്ഷം പൊതുജനഹൃദയങ്ങളിൽ അവരെപ്പറ്റി ഉണ്ടായിട്ടുള്ള ചീത്ത അഭിപ്രായം ഒരു കാലത്തും മാറിപ്പോകുന്നതല്ലെന്നും ഞങ്ങൾ അവരെ ധരിപ്പിച്ചുകൊള്ളുന്നു. അപ്രകാരംതന്നെ, രാജ്യത്തിന്റെ സൽപ്പേരിനുണ്ടായിരിക്കുന്ന ഈ കളങ്കം സംബന്ധിച്ചു ദിവാൻ മി. മാധവറാവുവിന്റെ ഗവണ്മെന്റ് അന്വേഷണം നടത്തി തക്കതായ പ്രതിവിധികൽ നിർദ്ദേശിക്കാത്തപക്ഷം അതു തിരുവിതാംകൂർ ഗവണ്മെന്റിന് ആക്ഷേപകരമായിരിക്കുമെന്നും ഞങ്ങൾ കരുതുന്നു. .

(1908 മാർച്ച് 7)


"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/6&oldid=159029" എന്ന താളിൽനിന്ന് ശേഖരിച്ചത്