'സ്വദേശാഭിമാനി'യുടെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും
കൈക്കൂലിപ്പിശാചിന്റെ വിക്രിയകൾ
വടശ്ശേരി ക്ഷേത്രക്കേസ് സംബന്ധിച്ചു ജഡ്ജ്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. തിരുവിതാംകൂർ ദീർഘകാലമായി കൈക്കൂലിപ്പിശാചിന്റെ സ്വച്ഛന്ദവിഹാരമായിരുന്നു എന്നുള്ളതും തിരുവിതാംകൂർ സർക്കാർസർവ്വീസിലെ ഉദ്യോഗസ്ഥന്മാർ ഈ പിശാചിന്റെ ഉപാസകന്മാരായിരുന്നുവെന്നുള്ളതും ഇക്കാലമത്രയും പരസ്യമായി ഒരു രഹസ്യമായിരുന്നു. എന്നാൽ അതിപ്പോൾ സർവലോകപ്രസിദ്ധമായിത്തീർന്നിരിക്കുകയാണ്. നമ്മുടെ ഗവണ്മെന്റിന്റെ-ജനങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും ആദരിച്ചു ഭരണം നടത്തുന്ന എല്ലാ പരിഷ്കൃത ഗവണ്മെന്റുകളെയും പോലെ നീതിയിൽ അധിഷ്ഠിതമായ ഒരു ഗവണ്മെന്റിന്റെ-കാര്യങ്ങളിൽ കൊട്ടാരത്തിലെ ചില ഉദ്യോഗസ്ഥന്മാർ ഇടപെട്ടു കാണിച്ച കൊള്ളരുതായ്മകൾ ഈ കേസ്സിൽക്കൂടെ പൊതുജനങ്ങൾക്കും, ഗവണ്മെന്റിനും, മേൽക്കോയ്മയ്ക്കും രാജ്യത്തിനു വെളിയിലുള്ളവർക്കും പരമബോദ്ധ്യമായിത്തീർന്നിരിക്കുന്നുവെന്നുള്ളത് ചാരിതാർത്ഥ്യജനകമാണ്. നീതിനിഷ്ഠനായ മി. സദാശിവയ്യരുടെ വിശദവും വിദഗ്ധവുമായ ജഡ്ജ്മെന്റിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളിൽ ഈ രാജ്യത്തെ ജനങ്ങൾക്കാർക്കും അത്ഭുതത്തിനവകാശമില്ല. അവർക്ക് അതത്രമേൽ സുപരിചിതങ്ങളാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസംകൊണ്ട് സത്യം, ധർമം, നീതി, വിശ്വാസ്യത, ആദർശപരത്വം മുതലായ വിശിഷ്ടഗുണങ്ങളാർജ്ജിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥന്മാർ, തങ്ങൾ സർവകലാശാലയിൽനിന്നു ബിരുദം സ്വീകരിക്കുന്ന അവസരത്തിൽ ചെയ്യുന്ന സത്യപ്രതിജ്ഞയെയും തങ്ങൾക്കു ലബ്ധമായിരിക്കുന്ന സംസ്കാരത്തെയും ആത്മാഭിമാനത്തിന്റെ അമൂല്യതയെയും വിസ്മരിച്ച് ശുപാർശ, കൈക്കൂലി മുതലായ കുമാർഗ്ഗങ്ങളിൽ ചരിക്കുന്നത് എത്രയോ അപഹാസ്യമാണെന്ന് ഈ കേസ്സിന്റെ ചരിത്രം വിശദമാക്കുന്നു. ഇങ്ങനെ ജുഗുപ്സാവഹങ്ങളായ മാർഗ്ഗങ്ങളിൽക്കൂടെ ഉദ്യോഗത്തിൽ പ്രവേശിച്ചിട്ടുള്ളവർ നമ്മുടെ സർക്കാർസർവ്വീസിൽ ഒന്നോ രണ്ടോ അല്ലെന്ന് ഞങ്ങൾക്കു ധൈര്യസമേതം പറവാൻ കഴിയും. പല ഉദ്യോഗസ്ഥന്മാരും വിദ്യാർത്ഥിജീവിതകാലത്ത് ആദർശപരമായി ജീവിച്ചിട്ടുള്ളവരായിരിക്കും. തങ്ങൾ മനസ്സാക്ഷിക്കു വിരുദ്ധമായി കുത്സിതമാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായിത്താർന്നതാണെന്ന് അവരുടെ മനസ്സാക്ഷി തന്നെ ഇപ്പോൾ സമ്മതിക്കാതിരിക്കയില്ല. എന്തിനധികം പറയുന്നു. സർക്കാർസർവ്വീസിൽ പ്രവേശിക്കുന്നതുവരെയേ സത്യധർമ്മാദികൾ ഉള്ളു എന്ന നിലയിലാണ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റം. കൈക്കൂലിക്കും, ചില