Jump to content

താൾ:Ente naadu kadathal.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗവണ്മെന്റിനെ അറിയിക്കുന്നതിനുള്ള പരിഷ്കൃതമാർഗങ്ങൾ. ഇവയാണ് പരിഷ്കൃതമായ രാജ്യഭരണഘടനയുള്ള ഏതൊരു രാജ്യത്തും നടപ്പിൽ വന്നിരിക്കുന്നവ. ഇവയിൽ, ആദ്യത്തെ രണ്ടു മാർഗ്ഗങ്ങളെയും, തിരുവിതാംകൂറിലെ അഴിമതികളെ അമർത്തുന്നതിനായുള്ള പ്രയത്നങ്ങളിൽ, ജനങ്ങൾ സ്വീകരിച്ചു പ്രയോഗിച്ചുകഴിഞ്ഞിരിക്കുന്നു. കൈക്കൂലിക്കുറ്റം ചുമത്തി ചില ഉദ്യോഗസ്ഥന്മാരെക്കുറിച്ച് പത്രങ്ങൾ ധാരാളം പ്രസ്താവിച്ചിട്ടുള്ളതിനു പുറമേ, ജനങ്ങൾ പരാതിഹർജികൾ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവകൊണ്ടൊന്നും ഗവണ്മെന്റ് കുലുങ്ങീട്ടില്ലെന്നു തോന്നുന്നു. അഴിമതിക്കാർ, അതുനിമിത്തം, അനീതി പ്രവർത്തിക്കുന്നതിന് അധികം മനസ്സുറപ്പുള്ളവരായും ഭവിച്ചിരിക്കുന്നു. മൂന്നാമത്തെ മാർഗമായ 'പൊതുജനയോഗങ്ങൾ' കൂടി ഇക്കാര്യത്തിൽ ഓരോ നിശ്ചയം ചെയ്തു ഗവണ്മെന്റിനെ അറിയിക്കണമെന്നും അതിലേക്കു താലൂക്കുതോറും ജനങ്ങൾ ഉത്സാഹിക്കണമെന്നും കഴിഞ്ഞ മാർച്ച് 9-ാം തീയതിയിലെ 'മലയാളി' ഒരു പ്രസംഗംമുഖേന അഭിപ്രായം പുറപ്പെടുവിച്ചിരിക്കുന്നു. ഈ സഹജീവിയുടെ അഭിപ്രായത്തിൽ ഞങ്ങൾ പൂർണ്ണമായി യോജിക്കുകയും, തിരുവിതാംകൂറിൽ വളർന്നുപടർന്നുവരുന്ന അഴിമതിക്കാടിനെ വെട്ടിത്തെളിച്ച്, രാഹു-കേതു മുതലായ ഘോരസർപ്പങ്ങളുടെയും, അഴിമതിക്കഴുകന്മാരുടെയും ഹിംസ്രമൃഗങ്ങളുടെയും ശല്യത്തെ നശിപ്പിച്ച് നാട്ടാർക്ക് നല്ല വെളിച്ചവും നല്ല കാറ്റും കിട്ടത്തക്കവണ്ണം പരിഷ്കരിക്കുന്നതിന് ജനങ്ങൾ മടിവിട്ട് ഉത്സാഹിക്കണമെന്ന് പൊതുജനങ്ങളെ ഞങ്ങൾ ഉണർത്തുകയും ചെയ്തുകൊള്ളുന്നു.⚫

(1907 മാർച്ച് 20)


"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/10&oldid=158976" എന്ന താളിൽനിന്ന് ശേഖരിച്ചത്