താൾ:Dharmaraja.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചന്ത്രക്കാറന്റെ സ്വരം ഇങ്ങനെ താഴ്ന്നു വിനയസമ്മതി ഉണ്ടായി എങ്കിലും, അയാളുടെ കരങ്ങളെ സ്വേച്ഛാഭംഗഭയമാകുന്ന പാശംകൊണ്ടു സുസ്ഥിരമായി ബന്ധിച്ചില്ലെങ്കിൽ ആ സാധുക്കൾക്കു നിരന്തരപീഡനത്തെ ആ ധർമ്മവിമുഖൻ ചെയ്യുമെന്നു ശങ്കിച്ച്, യോഗീശ്വരൻ ബുദ്ധിപൂർവ്വമായുള്ള ഒരു അഭിപ്രായത്തെ പ്രകടിപ്പിച്ചു: “മഹാനുഭാവ! തന്റെ കുടുംബമാഹാത്മ്യം എനിക്കു ഗ്രഹിപ്പാൻ കഴിയുന്നില്ല. അനന്തരവൻ ബ്രഹ്മഹത്യചെയ്തതിനെ അമ്മാവൻ സ്ത്രീവധംകൊണ്ടു പൂർത്തിയാക്കുന്നു. ഈ ക്രിയകൾ മഹത്തായ ഈ മാളികയ്ക്കും ഭവനത്തിനും ആചന്ദ്രതാരം യശസ്സുണ്ടാക്കും. ഏതുവിധമുള്ള യശസ്സെന്നു ഞാൻ പറയേണ്ടതില്ലല്ലൊ. എന്നാൽ ബ്രാഹ്മണന്റെ മരണംകൊണ്ട് മോതിരം വിറ്റയാൾ അമ്മാവനല്ലെന്നു തെളിയിപ്പാനുള്ള ഏകസാക്ഷി കിട്ടാസ്സാക്ഷിയായി. ‘മഹാപാപികൾ’ എന്നു താൻ പറഞ്ഞ പെണ്ണുങ്ങൾ മരിച്ചാൽ അത് എവിടന്നു പുറത്തിറങ്ങി എന്നുള്ളതിലേക്ക് തനിക്കു ഹാജരാക്കാവുന്ന സാക്ഷികളും മറയും, അപ്പോൾ കൊലയ്ക്കു ശേഷക്കാരനും, രാജദ്രാഹശ്രമത്തിനു കാരണവനും രാജസമ്മാനം നിശ്ചയം. ഇതു നന്നേ വിചാരിക്കൂ.”

വൃദ്ധയും ദൗഹിത്രിയും തനിക്ക് അനുകൂലസാക്ഷികളാകയാൽ അവരെ ശിക്ഷിക്കുകയോ വിപരീതപ്പെടുത്തുകയോ ചെയ്തുകൂടെന്നും ചന്ത്രക്കാറനു മനസ്സിലായി. യോഗീശ്വരന്റെ ബുദ്ധിയേയും, തന്റെ നേർക്കുള്ള കരുണയേയും അയാൾ എത്രയും വിനീതിയോടെ അഭിനന്ദിച്ച്, തന്റെ മതിഭ്രമംകൊണ്ടു കാണിച്ച നിസ്സീമമായ ഗർവത്തിനും, വദിച്ച ധിക്കൃതികൾക്കും, ആലോചിച്ച ദുഷ്ടതകൾക്കുംക്ഷമായാചനംചെയ്കയും ചെയ്തു. മാമാവെങ്കിടന്റെ കൗശലംകൂടാതെ, സന്ദർഭവശാൽ ബാലിസുഗ്രീവന്മാരായിത്തിരിഞ്ഞ് ദ്വന്ദ്വയുദ്ധത്തിനു കോപ്പിടാൻ ഭാവിച്ച ആ ഭിന്നപ്രകൃതശക്തികൾ, ഇതിന്റെ ശേഷം തന്നെ സംഭാഷണത്തിനിടയിൽ ഏകമതന്മാരായി, അവർ തമ്മിൽ പൂർവസ്ഥിതിയിലും ഊർജ്ജിതമായ സഖ്യസംഘടനയും നടന്നു.

അർദ്ധരാത്രി കഴിഞ്ഞു. ചിലമ്പിനേത്തുള്ള ജനസംഘവും ഗാഢമായ നിദ്രയിൽ ലയിച്ചു. തിരുവിതാംകൂർ നിവാസികളായ പ്രജാലക്ഷങ്ങളുടെ ഹൃദയസിംഹാസനത്തിൽ ധർമ്മനിരതനായി എഴുന്നരുളി, ശ്രീപദനാഭപ്രിയയായ രാജ്യലക്ഷ്മിയെ പരിചരണംചെയ്യുന്ന രാമവർമ്മ മഹാരാജാവിന്റെ സ്ഥാനഭ്രംശവും ഖലകുലശേഖരപ്പെരുമാളായ ചിലമ്പിനേത്തു കാളിയുടയാൻപിള്ളയുടെ കിരീടധാരണയജ്ഞകർമ്മം അവഭൃഥസ്നാനപര്യന്തവും ഹരിപഞ്ചാനനസിദ്ധന്റെ പേശലവാഗ്ദാനങ്ങൾകൊണ്ടും ചന്ത്രക്കാറദുർമ്മതിയുടെ മൂഢമനോരാജ്യങ്ങൾകൊണ്ടും ആഘോഷിച്ചും കഴിഞ്ഞു. അത്യാവശ്യം ഗോപനംചെയ്യേണ്ടതായ അവരവരുടെ അഭിമതിളെ മറച്ചുകൊണ്ടു രണ്ടുപേരുടേയും ഹൃദയങ്ങളെ തുറന്നും സങ്കോചവിഹീനമായും നിർബാധമായും രാജദ്രാഹാലോചനകൾ യഥേഷ്ടം അവർ പരിപൂർത്തിയാക്കി. ഏത് അൽപബുദ്ധിക്കും അതിമഹത്തെന്നും നിഷ്പ്രയാസം അനുഷ്ഠേയമെന്നും പ്രത്യക്ഷമാകുമാറുള്ള ഒരു കാര്യപരിപാടിയെ, ദക്ഷിണഭാരതഖണ്ഡത്തെ അക്കാലത്തു വിറപ്പിച്ചുകൊണ്ടിരുന്നതായ ഒരു നാമമന്ത്രത്തിന്റെ പല ഘട്ടത്തിലുമുണ്ടായ ഉരുക്കഴിക്കലോടുകൂടി, യോഗീശ്വരൻ ചന്ത്രക്കാറന്റെ മുമ്പിൽ സമർപ്പിച്ചു. ഉമ്മിണിപ്പിള്ളയാൽ തന്റെ കർണ്ണങ്ങളിൽ തിരുവോണസംഭാവനകളുടെ സ്വീകരണസന്ദർഭത്തിൽ മന്ത്രിക്കപ്പെട്ട രഹസ്യം പരമാർത്ഥം തന്നെ എന്നു ബോദ്ധ്യപ്പെട്ട്, പരിപാടി അനുസരിച്ചുള്ള കാര്യങ്ങളുടെ നിർവഹണത്തിനു കഴിയുന്ന ജനസഹായവും, വേണ്ട ധനം വെങ്കലപ്പറവച്ച് കിലുകിലരവത്തോടുകൂടിത്തന്നെ അളന്നുതട്ടി ചെലവുംചെയ്‌വാൻ ചന്ത്രക്കാറൻ ഭരമേറ്റു. ചന്ത്രക്കാറൻ യോഗീശ്വരനെ വന്ദിച്ചും യോഗീശ്വരൻ ചന്ത്രക്കാറനെ അനുഗ്രഹിച്ചും ആ മനോഹരമായുള്ള ശാലയ്ക്കകത്ത് ഇങ്ങനെയുള്ള പ്രതിജ്ഞകൾ, കഴിച്ചു നിൽക്കുമ്പോൾ, യോഗീശ്വരൻ അഷ്ടഗൃഹപ്രധാനികളുടെ വീര്യോഗ്രതാസഞ്ചയങ്ങൾ ഏകീഭവിച്ചും മൂർത്തീകരിച്ചും ആ സ്ഥലത്ത് അവതീർണ്ണനായതുപോലെ കാണപ്പെട്ടു. ഹീനവൃത്തനായ ചന്ത്രക്കാറരും ആ പ്രഭുവർഗ്ഗത്തിന്റെ ദൗഷ്ട്യം അഗ്നിസ്ഫുടസംശുദ്ധികൊണ്ട് വർദ്ധിതശക്തിയോടെ അവിടെ സാന്നിദ്ധ്യം ചെയ്യുന്നപോലെയും കാണപ്പെട്ടു. ഇങ്ങനെ പ്രതിക്രിയേച്ഛുക്കളും രാജദ്രാഹോന്മുഖമായി സംസ്കരണം ചെയ്തുപോന്നിട്ടുള്ളവരുമായ ആ രണ്ടു ശക്തികളുടേയും അർദ്ധരാത്രിയിലെ സമ്മേളനമു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/89&oldid=158587" എന്ന താളിൽനിന്ന് ശേഖരിച്ചത്