Jump to content

താൾ:Dharmaraja.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ പ്രസ്താവനയിൽനിന്ന് സംഗതികളുടെ സ്ഥിതിയും സംഭാവ്യമായുള്ള ഗതിയും മനസ്സിലാവുകയാൽ “എന്റെ സാമീ!” എന്നു ചന്ത്രക്കാറന്റെ നാവിൽനിന്ന് അയാൾ അറിയാതൊരു സംബോധന പുറപ്പെട്ട്, ആ മാളികയിൽ എത്രയും അത്യന്താർത്തനാദത്തിൽ മുഴങ്ങി, യോഗീശ്വരനേയും ഒന്നു കുലുക്കി. “എന്റെ പൊന്നു ഗുരുപാഥരെ ചതിച്ചുകളഞ്ഞല്ലൊ ആ നീലികള്! നാലും മൂന്നും തെരിയാത്ത എന്റെ പിള്ളയെ ഇടിച്ചുപിഴിഞ്ഞ് അവിടത്തെ കാലമ്മാര് എന്തെല്ലാം ചെല്ലിക്കുമോ!” (ശ്വാസംമുട്ടോടുകൂടി) “ഫൊയി സാമീ കാര്യം! എന്റെ അരുമച്ചെറുക്കനെ കൊലയ്ക്കു തള്ളിയ മാവാവികളെ—ഹിപ്പം കൊന്നു—കുഴിച്ചുമീടീട്ട്—നേരം വെളുക്കണതു പിന്നെ—”

ചന്ത്രക്കാറന്റെ ഭയാനകത്വത്തെ യോഗീശ്വരൻ അഭിനന്ദിച്ചു. തന്റെ അസ്ത്രം സൂക്ഷ്മമായി യന്ത്രഖണ്ഡനംചെയ്തു എന്ന് അദ്ദേഹം സന്തോഷിക്കയും ചെയ്തു. എന്നാൽ ‘മഹാപാപികൾ’ എന്ന് അവശംസിക്കപ്പെട്ട ആളുകൾ താൻ അന്നു കണ്ട മഹാമനസ്വിനിയായ വൃദ്ധയും കനകകോമളാംഗിയായ കന്യകയും ആയിരിക്കാമെന്നു സംശയിച്ച് ഇങ്ങനെ ചോദ്യം ചെയ്തു: “അനന്തരവന്റെ അപകടം വല്ലാത്ത ദുർഘടംതന്നെ. എന്നാൽ ആരാണയാളെ വഞ്ചനചെയ്തത്? അവരെ കൊല്ലുന്നതെന്തിന്? മഹാപാപികളെന്നു പറഞ്ഞത് ആരെക്കുറിച്ചാണ്?”

ചന്ത്രക്കാറൻ: “സാമീടെ തിരുമുമ്പില് ഇന്ന് ആടാനും കൊഞ്ചാനും വന്നില്ലയോ? ആ തെരുവാടിക്കൂട്ടംതന്നെ. (അദ്ദേഹത്തിന്റെ നേത്രദ്യുതി അശ്രുജലദ്രവംകൊണ്ട് അല്പംകൂടി തിളങ്ങി) മായവും മന്ത്രവുംകൊണ്ട്, തെക്കുവടക്കു തിരിയാക്കുഞ്ഞിനെ, തെന്തനമാട്ടി, കൊലയ്ക്കും കൊടുത്ത കാക്കക്കൊറക്കോലം! പെണ്ണു–പേപ്പിഞ്ചെന്നു വച്ചാല്, കരും കാഞ്ഞിരക്കുരു. തൊലിതെളിച്ചം കണ്ട് സാമീ കലങ്ങല്ലെ, ആ കൂട്ടത്തിനെ വെച്ചേപ്പാനോ? തൊറകേറ്റാതെ, പടിഞ്ഞാറെക്കടപ്പുറത്ത് പുതമൺ അടിയില്, ഈ രാകൊണ്ടു കുഴിച്ചുമൂടി, കള്ളിയും നടണം.”

അശ്രുക്കൾകൊണ്ടു മറയ്ക്കപ്പെട്ടിരുന്ന ഹരിപഞ്ചാനനന്റെ ഇന്ദ്രനീലനേത്രങ്ങളിൽനിന്ന് രാമയ്യന്റെനേർക്കു പുറപ്പെട്ടതായി കേശവപിള്ള ശങ്കിച്ചതുപോലുള്ളതിലും തീക്ഷ്ണമായ ചില ജ്വാലാരശ്മികൾ ചന്ത്രക്കാറന്റെനേർക്കു പുറപ്പെട്ടു. ആ കൃതഘ്നരാക്ഷസന്റെ വദനത്തിൽനിന്ന് ‘തുറകേറ്റാതെ’ എന്നുള്ള പദം പുറപ്പെട്ടപ്പോൾ, യോഗീശ്വരന്റെ ദന്തങ്ങൾ അദ്ദേഹത്തിന്റെ അധരത്തെ ക്രൂരമായി ദംശനംചെയ്തു. മസ്തകധ്വംസനത്തിനു യുക്തനായ കൊലയാനയെ കണ്ട കേസരിയെപ്പോലെ താൻ ഇരുന്നിരുന്ന പീഠത്തിൽനിന്ന് ഹരിപഞ്ചാനനൻ താഴത്തുചാടി, ലാംഗൂലപിഞ്ഛത്തെ ചുഴറ്റുന്നതിനുപകരം മുഷ്ടികൾ ചുരുട്ടി ഞെരിച്ചുകൊണ്ട് ആ മുറിയിൽ ക്രാന്തി വൃത്തലേഖനം ചെയ്യുംവണ്ണം ദ്രുതസഞ്ചരണംചെയ്തു. ഇങ്ങനെ കുറച്ചു നേരം നടന്ന് കോപം ശമിപ്പിച്ചുകൊണ്ട്, ചന്ത്രക്കാറന്റെ മുഖത്തോടടുത്തുചേർന്ന് അയാളെ ലോമകൂപംപ്രതി ദൃഷ്ടിസൂചികൾകൊണ്ടു ക്ഷതംചെയ്തു. അനന്തരം അയാൾ ഉദ്യോഗിക്കുന്ന വധത്തെക്കുറിച്ച് ഇങ്ങനെ അപഹസനം ചെയ്തു: “രാജവധം കഴിഞ്ഞ് സ്ത്രീവധത്തിനാലോചനയായോ? അടുത്ത കൈ ഗുരുവധമായിരിക്കാം. എല്ലാം കഴിയട്ടെ. അപ്പോൾ രാജസ്ഥാനത്തിന് പരശുരാമനെപ്പോലെ രക്തതീർത്ഥസ്നാനം കഴിച്ച് ഒരുങ്ങാം.”

തന്നാൽ സങ്കല്പിതമായുള്ള നാടകത്തിന്റെ പരിണാമത്തെ യോഗീശ്വരൻ ഇങ്ങനെ സ്തുതിനിന്ദനംചെയ്തപ്പോൾ നിധിദർശനം ചെയ്യിക്കാൻ ശക്തനായ ഗുരുവിൽനിന്നു ശാപമേറ്റുവെങ്കിൽ നിധിയും നാടകപരിണാമവും നഷ്ടമാകുമല്ലോ എന്നു ചന്ത്രക്കാറൻ ഒന്നു സന്ദേഹിച്ചു. എന്തെങ്കിലും പരശുരാമബ്രഹ്മർഷിയുടെ ജ്യോതിസ്സോടുകൂടി നിൽക്കുന്ന യോഗീശ്വരനോട്, അനുസരണഭാവത്തെ കൈകൊള്ളുകയാണുത്തമമെന്നു നിശ്ചയിച്ച് “സാമീടെ മനംപോലല്ലാണ്ട് എനിക്കെന്തരെന്നേ? പെണ്ണുങ്ങള് അവിടെ കെടക്കട്ടു എന്നു കല്പനയെങ്കിൽ, അവർ പെലരട്ടെ. തുരത്തൂടാൻ കല്പിച്ചാൽ പറത്തൂടാനും അടിയൻ ആളുതന്നെ. അവരെ ആ വിശാരമാണ് എന്റെ കുഞ്ഞിനെ മയക്കി കഴുകിന് എരയാക്കണതെന്നുമാത്രം സാമിയും കരുതണം.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/88&oldid=158586" എന്ന താളിൽനിന്ന് ശേഖരിച്ചത്