Jump to content

താൾ:Dharmaraja.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിന്റെശേഷം വീണ്ടും യോഗീശ്വരന്റെ സന്നിധിയിൽ പ്രവേശിച്ച് അദ്ദേഹത്തിന്റെ അപ്രാപഞ്ചികത്വത്തേയും ജീവമുക്തതയേയും വിസ്മരിച്ച് വീരധർമ്മാനുസാരിയായി ആ മുറിയുടെ ചുവരിൽ തൂക്കിയിരുന്ന ഒരു കഠാരിയെ ഗ്രഹിച്ച് തന്റെ മാറിനു നേർക്കുതന്നെ അതിനെ ഉയർത്തി ഓങ്ങി. തന്റെ സൽക്കാരകനായ ശിഷ്യപ്രധാനനുണ്ടായ അവമാനപരിഹാരകമായ ഈ സാഹസോദ്യമം കണ്ടപ്പോൾ ജന്മനാ രക്തച്ഛിദ്രകനായുള്ള ആ യോഗീശ്വരൻ അഭിമാനപൂർവ്വം വേഗത്തിൽ അടുത്ത് അയാളുടെ ആത്മഹത്യക്കുള്ള ശ്രമത്തെ നിരോധിച്ചു. യോഗീശ്വരനോടുള്ള ശിഷ്യബന്ധത്തെ ഓർക്കാതെയും അവമാനസഹനായി നിൽപാൻ ശക്തനല്ലാതെ ചമഞ്ഞു, ചന്ത്രക്കാറൻ അദ്ദേഹത്തിനെ ഇങ്ങനെ കയർപ്പും വിലപനവും തുടങ്ങി: “വിടണം സാമി! ഇവനിനി ചത്താലെന്ത്, ഇരുന്നാലെന്ത്? മാനവും മതിയുംകെട്ടു! വായ്ക്കരിക്കുതഹണവൻ കാലന്മാരെ വായിലുമായി! എന്റെ പൊന്നുസ്വാമി! ഈ ഒറ്റത്തടിക്കിനി വിലയെന്തര്, നെലയെന്തര്? കൈവിട്ടൂടണം.” യോഗീശ്വരൻ ചന്ത്രക്കാറന്റെ കൈവിടാതെ ശാന്തതയോടുകൂടി ഇങ്ങനെ ഗുണദോഷിച്ചു: “എന്ന ചന്ത്രക്കാറപ്രഭു? അവിവേകമൂർച്ചയാലെ ജന്മജന്മാന്തരസിദ്ധമാന മനുഷ്യാത്മാവെ ഹതംചെയ്തൂടറതാ? ആഹാ? പരമജാള്യം! നമതു ശിഷ്യർ.”

ചന്ത്രക്കാറൻ: “ശിഷ്യര്! നോവിച്ചാൽ കൊത്താത്ത പാമ്പൊണ്ടൊ? തന്തപ്പാമ്പിനേപ്പോലെ കുഞ്ചും മൂക്കുമ്പം കൊത്തും.”

രാമനാമഠത്തിൽപ്പിള്ളയെ തുടർന്ന് താനും രാജദ്രാഹത്തിനു ശക്തൻതന്നെ എന്നു ചന്ത്രക്കാറൻ പറഞ്ഞതിന്റെ താൽപര്യം യോഗീശ്വരനു വ്യാഖ്യാനംകൂടാതെ മനസ്സിലായി. ദന്തങ്ങളെക്കൊണ്ടു സകലദൃശ്യങ്ങളേയും ഭേദനംചെയ്‌വാൻ സന്നദ്ധനായി മദമ്പാടോടുകൂടി നില്ക്കുന്ന ഗജരാജനെപ്പോലെ സംരംഭമൂർച്ഛിതനായ ചന്ത്രക്കാറനോട് തന്റെ ശാന്തവാദവും സാമോപദേശവും വിദേശീയഭാഷയും പ്രയോജകീഭവിക്കയില്ലെന്നു നിശ്ചയിച്ച്, അയാളെ ഒന്നു ശമിതഗർവനാക്കി സ്വപാർശ്വസ്ഥനാക്കിക്കൊണ്ട് അവിടം വിട്ടു വേഗത്തിൽ മടങ്ങുന്നതിന് യോഗീശ്വരൻ ഉപായം നോക്കി. തന്റെ അന്തർഗ്ഗതങ്ങളെ തനിക്കു സഹജമായുള്ള നാട്യവൈദഗ്ദ്ധ്യം കൊണ്ട് ഗോപനം ചെയ്തും, സവിശേഷമായി ആശ്ചര്യമന്ദഹാസത്തെ ചൊരിഞ്ഞും, പുറത്തേക്കുള്ള വാതൽപ്പടിയിൽ കയറിനിന്ന്, ചന്ത്രക്കാറന്റെ കഠാരി വഹിച്ചുള്ള ഹസ്തത്തെ സ്വഹസ്തത്തിൽനിന്നു മോചിച്ച്, യോഗീശ്വരൻ ഇങ്ങനെ പ്രസംഗിച്ചു: “തന്റെ വലിയ മാനഹതിക്ക് നാം നിവൃത്തിയുണ്ടാക്കും. തന്റെ അനന്തരവനെ വിട്ടുകൊടുപ്പാൻ നാംതന്നെ ഉപദേശിച്ചത്. അതിന്റെ കാരണം കേൾക്കൂ: തന്റെ പുറപ്പാടിനെ തടുപ്പാൻ ഒരു വിന്ധ്യനിര ചുറ്റി നില്പുണ്ട്. കുമാരൻതമ്പി ജെൻട്രാളും വലിയൊരു പരിവാരവും ഇപ്പോഴും ഈ സ്ഥലം ചുറ്റിയുണ്ട് .”

ചന്ത്രക്കാറൻ: “അഹഹഹ! എന്തരു സാമീ! ഞാൻ ഏച്ചും പേച്ചും കെട്ടവനെന്നോ? അങ്ങനെയാണെങ്കിൽ വച്ചൂടട്ടൊ തീ പെരുച്ചാഴിപ്പോട്ടില്?”

യോഗീശ്വരൻ: “ഹെയ് ! കാര്യം കളിയല്ല—ഞാനിവിടെ ഉള്ളപ്പോൾ വലിയ കൈ ഒന്നും പാടില്ല. പിന്നെയും, അദ്ദേഹത്തിന്റെ കൂടി ആളെത്രയുണ്ടെന്നറിഞ്ഞുകൂടാ. ഒരു മുന്നൂറോളം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്ന് എനിക്കു തോന്നി; രാത്രിയായപ്പോൾ അത് ഇരട്ടിച്ചിരിക്കും. നമ്മുടെ ദേഹരക്ഷയ്ക്ക് മഹാരാജാവിങ്ങനെ പ്രസാദിച്ചു ചെയ്യുന്ന ഉപചാരത്തെ നാം അനാദരിക്കേ? തനിക്കും അവിടന്നു ചെയ്തിരിക്കുന്നത് ഒരു വലിയ അഭിമാനമല്ലേ?”

ചന്ത്രക്കാറൻ: “അമ്പിച്ചിയൊ! കുശാല് കുശാല്—ഇത്ര നോട്ടത്തിനും മര്യാധയ്ക്കും അവിടെ ആൺപെറന്നവനാര്—?”

യോഗീശ്വരൻ: “അരുതരുത്. അവസ്ഥയായി സംസാരിക്കൂ. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലമല്ലിത്. അക്കാലത്ത് ആ സിംഹത്തെ മാത്രം ഭയന്നാൽ മതിയായിരുന്നു. രാമവർമ്മമഹാരാജാവും പ്രജാവർഗ്ഗവും ഒരു ശരീരമാണ്. അതിനാൽ അവിടുത്തേയും അവരേയും പേടിക്കണം. നിങ്ങൾ ചില മഹാനുഭാവന്മാർ മാത്രം അവിടുത്തെ ആഭിചാരശക്തിയെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/86&oldid=158584" എന്ന താളിൽനിന്ന് ശേഖരിച്ചത്