താൾ:Dharmaraja.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അപരാധത്തെപ്പറ്റി വിചാരണ തുടങ്ങി. ആ യുവാവ് വളരെ താമസിച്ച് എത്തീട്ടുണ്ടെന്നറിയുകയാൽ അയാളെ തന്റെ മുമ്പിൽ വരുത്തി. ഒരു മാടമ്പിയുടെ മകനായിരുന്നതുകൊണ്ട് 'കുഞ്ഞ്' എന്നുള്ള സ്ഥാനപദം ചേർത്ത് ‘കേശവൻകുഞ്ഞ്’ എന്നു വിളിക്കപ്പെട്ടിരുന്ന ഈ യുവാവിന് ഇരുപത്തിനാലു വയസ്സു പ്രായമുണ്ടായിരുന്നു. ഈയാൾ യുദ്ധശീലന്മാരായ ആദിമനായന്മാരുടെ ശരീരലക്ഷണങ്ങൾ കൂടാതെ, നാട്ടിൽ സമാധാനവ്യാപ്തിയോടും നവമായ ഗ്രന്ഥസമുച്ചയത്തിന്റെ പ്രചാരത്തോടും ഉത്ഭവിച്ച ശാന്തപ്രകൃതരും രജോഗുണ പ്രധാനരും ആയ പുത്തൻവർഗ്ഗത്തിന്റെ ഒരു മാതൃകാപുരുഷനായിരുന്നു. വിനയമര്യാദകളാൽ ഒതുങ്ങിയും, അപരാധകന്റെ പുഞ്ചിരിതൂകിയും, തന്റെ മുമ്പിൽ പ്രവേശിച്ച പല്ലവകോമളവും വല്ലീകൃശവുമായ ആ ശരീരത്തിന്റെ ചേതോഹാരിത്വം ഉഗ്രനായ ചന്ത്രക്കാറന്റേയും ഹൃദയത്തെ സ്വല്പമൊന്നു ദ്രവിപ്പിച്ചു. ശിരസ്സിന്റെ പൂർവ്വഭാഗം മുഴുവൻ വളർത്തു നീട്ടി നേത്രക്കാപോലെ കെട്ടി മുമ്പറ്റം വികസിച്ച് പുറകോട്ടു വാലിട്ടിരിക്കുന്ന കുടുമയും, ക്ഷൗരകർമ്മംകൊണ്ട് നീലിമയോടു ശോഭിക്കുന്ന ശേഷം ശിരഃപ്രദേശവും, ആ വർണ്ണത്തോടുതന്നെ അതിമിനുസമായി വിളങ്ങുന്ന ഗണ്ഡങ്ങൾക്കും താടിക്കും മേൽച്ചുണ്ടിനും ഇടയ്ക്ക് രക്തവർണ്ണമായി ശോഭിക്കുന്ന അധരവും, ശാന്തമായ പ്രകൃതിഗൗരവത്തേയും അഗാധതമമായ വിജ്ഞാനത്തേയും സ്ഫുടീകരിക്കുന്ന നേത്രങ്ങളും, പൗരുഷസൂചകമായ വിസ്തീർണ്ണലലാടവും, പ്രഭുക്കളിടയിലും വിശുദ്ധവൃത്തന്മാരിൽ മാത്രം കാണപ്പെടുന്ന വർണ്ണകോമളിമാവും കൂടിയ ഈ യുവാവ് ചന്ത്രക്കാറന്റെ സന്നിധിയിൽ, ആ പ്രഭുവിനെ സൃഷ്ടിച്ച കൈപ്പിഴയ്ക്ക് ബ്രഹ്മാവ് പിഴ മൂളിയ ഒരു വിശിഷ്ടനിർമ്മാണമായി വിപര്യയപ്പെട്ടു. ആ യുവാവിനെക്കണ്ടപ്പോൾ, ആ കണ്ടകന്റെ ഹൃദയത്തിലും മൃദുവായ ഒരു കോണുണ്ടെന്നു തെളിയിക്കുമാറാണ് കേസ്സുവിസ്താരം തുടങ്ങിയത്.

ചന്ത്രക്കാറൻ: “ഉണ്ടോ നീ?”

കേശവൻകുഞ്ഞ്: “ഉണ്ടേ.”

ചന്ത്രക്കാറൻ: “എപ്പോൾ? വല്ലകൂട്ടത്തിലും ചെന്നിരുന്നാണോ തിന്നത്?”

കേശവൻകുഞ്ഞ്: “ഊണുകഴിഞ്ഞ് ഒന്നുരണ്ടു നാഴികയായി. അമ്മാവൻ ഉണ്ട ഇലയിൽ, അമ്മാവി വിളമ്പിത്തന്നു. ലക്ഷ്മിക്കുഞ്ഞിനും അവിടെത്തന്നെ ഇല വച്ചു.”

ചന്ത്രക്കാറൻ: (കോപം മുക്കാലേമുണ്ടാണിയും ശമിച്ചു. തന്റെ പുത്രിയുടെ അടുത്ത് ഉണ്ണാനിരുന്നു എന്നു പറഞ്ഞത്, പ്രമാണിത്വവും ജാതിശ്രേഷ്ഠതയും ഉള്ള ഒരു പഴയ കുടുംബത്തോട് ആ യുവാവിനെ സംഘടിപ്പിച്ച് തനിക്കു ബലവാന്മാരായ സംബന്ധികളെ ഉണ്ടാക്കണം എന്നു താൻ കരുതി ഇരിക്കുന്നതിനെ, വിഘ്നപ്പെടുത്തിയേക്കുമോ എന്നു ഭയപ്പെട്ട്) “യക്ഷിക്കുഞ്ഞിന്റെ അടുത്തും മറ്റും അങ്ങനെ ചെങ്ങാത്തവും മറ്റും വേണ്ട. ഞാനതിനൊക്കെ തക്കവും തരവും നോക്കണൊണ്ട്. നീ നാലക്ഷരം പടിച്ചവനല്ലയോ? നല്ലടത്തുവേണം ചേരാൻ, എപ്പോത്തിരിച്ചു തിരുവനന്തപുരത്തൂന്ന്?”

കേശവൻകുഞ്ഞ്: “എട്ടൊമ്പതു വെളുപ്പിന്.”

ചന്ത്രക്കാറൻ: “അത്ര കാലത്തെ പോന്നെങ്കിൽ പെലച്ചക്കിവിടെ എത്താത്തെന്ത്?”

കേശവൻകുഞ്ഞ്: “വെങ്കിടേശ്വരഭാഗവതർ ഇങ്ങോട്ടു കേറിയപ്പോൾ ഞാൻ തെക്കു വന്നു.”

ചന്ത്രക്കാറൻ: “എന്നിട്ടോ? അവിടെ വല്ല ആണിയും നിന്നെ ഒടക്കിപ്പിടിച്ചോണ്ടോ?”

കേശവൻകുഞ്ഞ്: “ആ കുപ്പച്ചാര് എന്നെ അകത്തോട്ടു വിളിച്ചു.”

ചന്ത്രക്കാറന്റെ അഭിപ്രായപ്രകാരം, രാജ്യസമുദായഗൃഹകാര്യങ്ങളുടെ ജീവനാഡിയാകുന്ന ധർമ്മം ആജ്ഞാനുസരണമാണ്. ആജ്ഞാലംഘനാപരാധത്തെ തന്റെ ജീവസുഖത്തിന് സന്നിപാതജ്വരം എന്നപോലെയാണ് അദ്ദേഹം ഗണിച്ചിരിക്കുന്നത്. ഈ യുവാവിനെ ആ പരദേശസ്ത്രീകളുടെ പാർപ്പിടത്തിൽ കയറ്റരുതെന്ന് ആ സ്ത്രീകൾക്ക് പ്രത്യേകം കല്പനകൾ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/62&oldid=158559" എന്ന താളിൽനിന്ന് ശേഖരിച്ചത്