Jump to content

താൾ:Dharmaraja.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ധരിപ്പിച്ചു. യോഗീശ്വരൻ പ്രചണ്ഡമായി കോപഭത്സനങ്ങൾ ചെയ്തുകൊണ്ട്, വൃദ്ധസിദ്ധനോട് എന്തോ അരുളിച്ചെയ്തു. അയാൾ പുറത്തുപോയി ഒരു ചെറിയ കരിംകുരങ്ങുസ്വരൂപനുമായി മടങ്ങിയെത്തി. രണ്ടാമതു പ്രവേശിച്ചവനോട് യോഗീശ്വരൻ മൂർഖസ്വരത്തിൽ ചില ചോദ്യങ്ങൾചെയ്തു. പൂർവ്വരാത്രിയിൽ യോഗീശ്വരാജ്ഞപ്രകാരമുള്ള ആളോട് തിരുവിതാംകൂർ വിട്ട് തത്കാലം താമസിപ്പാൻ ഗുണദോഷിച്ചു എന്നും അതിനു മറുപടിയായി അയാൾ ചിരിച്ചുകളഞ്ഞു എന്നും, അയാളെ ബോധംകെടുത്തിക്കൊണ്ടുപോയി ബന്ധനത്തിലാക്കി ഒളിക്കുന്നതിന് ഭസ്മം പ്രയോഗിച്ചതിൽ ഫലിച്ചില്ലെന്നും, അതിനാൽ അയാളുടെ കൈയിലിരുന്ന നാരായത്തെ പിടിച്ചുപറിച്ച് മാറിൽ കുത്തിയിറക്കിയിട്ടു പോന്നു എന്നും ഭൃത്യൻ ബോധിപ്പിച്ചു. അനന്തരം തന്റെ വസ്ത്രത്തിനിടയിൽനിന്ന് ഒരു ചെറിയ പൊതിയെടുത്ത് യോഗീശ്വരന്റെ മുമ്പിൽ വച്ചു നമസ്കരിച്ചു. അവൻ ഉടൻ തന്നെ ആ മുറിക്കകത്തുനിന്ന് അയയ്ക്കപ്പെട്ടു. ആ ഘട്ടത്തിൽ വൃദ്ധസിദ്ധൻ പരിചാരകഭാവം വിട്ട് ഹരിപഞ്ചാനനനു സിദ്ധിച്ചിട്ടുള്ള അധികാരത്തെക്കവിഞ്ഞു നടത്തപ്പെട്ട ആ ദുഷ്ക്രിയയെ ഉടനെ തന്റെ നാഥനെ ധരിപ്പിക്കുമെന്നും അവിടുന്നു മറുപടി വരുന്നതിനിടയിൽ ഇതിന്മണ്ണം ഇനി ഒരു ക്രിയകൂടി നടത്തപ്പെടുന്നെങ്കിൽ പരമാർത്ഥസ്ഥിതി എല്ലാം രാമവർമ്മമഹാരാജാവിനെ ധരിപ്പിക്കുമെന്നും ഗൗരവമായ ഒരു താക്കീതു കൊടുത്തു. ചന്ത്രക്കാറനോടുള്ള പരിചയം തന്റെ ശ്രമങ്ങളെ പരാജയോന്മുഖമാക്കുന്നതിനെപ്പറ്റി ക്ലേശിച്ചു കൊണ്ട് മറുപടിയൊന്നും പറയാതെ യോഗീശ്വരൻ അടങ്ങിയിരുന്നു.

ഭിക്ഷാമൃതേത്തുസമയത്ത് യോഗീശ്വരൻ മാമാവെങ്കിടനെക്കൂടി ഇരുത്തി രാജയോഗ്യവും ദേവയോഗ്യവുമായുള്ള സദ്യയുടെ വിഭവങ്ങളെ സരസസംഭാഷണപൂർവ്വം ബ്രാഹ്മണനെക്കൊണ്ട് സമൃദ്ധാശനം ചെയ്യിച്ചു. യോഗിവര്യൻതന്നെ ചില മധുരപദാർത്ഥങ്ങൾ പകർന്നുകൊടുക്കുകയും ചെയ്തു. അല്പനേരം കഴിഞ്ഞപ്പോൾ, അമിതഭക്ഷകനായ ആ ബ്രാഹ്മണന്റെ ശിരസ്സിന് ഒരു മാന്ദ്യം തുടങ്ങി. കുറച്ചുനേരംകൊണ്ട് അയാളുടെ അവശത വർദ്ധിച്ച് താടി നെഞ്ചോടമർന്ന് കണ്ണുകളടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ ഭീമാകാരൻ കൈകാലുകൾ നീട്ടി, അതിദയനീയമായ സ്ഥിതിയിൽ ബോധംകെട്ട് നെടുന്തടിപോലെ കിടപ്പുമായി. സ്ഥലത്തുള്ള ചില വൈദ്യന്മാരും ഭിഷഗ്വരനായ ഹരിപഞ്ചാനനനും പഠിച്ച വിദ്യകളെല്ലാം പരീക്ഷിച്ചിട്ടും, തിന്നു മലർന്ന ബ്രാഹ്മണന് ഉണർച്ചയുണ്ടാക്കാൻ കഴിഞ്ഞില്ല. ആ വൃദ്ധനെ ഇനിയും ഇവിടെ താമസിപ്പിക്കുന്നത് വിഹിതമല്ലെന്നു തീർച്ചയാക്കി, ചന്ത്രക്കാറൻ അയാളെ ഉടൻതന്നെ എടുപ്പിച്ച് തിരുവനന്തപുരത്തേക്കു യാത്രയാക്കി. ചന്ത്രക്കാറന്റെ ബുദ്ധിപൂർവ്വമായുള്ള ഈ ഉചിതക്രിയ കണ്ടുണ്ടായ സന്തോഷത്തെ സൂചിപ്പിച്ച് യോഗീശ്വരൻ തന്റെ കൈവശമുണ്ടായിരുന്ന വിലയേറിയ ഒരുജോടി രത്നത്തെ ചന്ത്രക്കാറനു സമ്മാനിച്ചു.

രണ്ടരമണിയോടുകൂടി സ്വാമികൾ സ്വല്പമായ ഒരു നിദ്രയ്ക്കാരംഭിച്ചു. ചന്ത്രക്കാറൻ വടക്കൊരു കെട്ടിൽ ചെന്നിരുന്ന് കുടുംബസംബന്ധമായുള്ള ഒരു കാര്യവിചാരം തുടങ്ങി. ചിലമ്പിനേത്തു തറവാടിന്റെ ഒരു ശാഖ കൊട്ടാരക്കരെ പാർപ്പുറപ്പിച്ചിട്ടുണ്ടെന്നും, ആ തായ്‌വഴിയിലല്ലാതെ അദ്ദേഹത്തിന് മറ്റു ശേഷക്കാരില്ലെന്നും, ഇതിനുമുമ്പിൽ സൂചിപ്പിച്ചിച്ചുണ്ടല്ലോ. ആ ശാഖയിൽ ഒരു സ്ത്രീയെ നന്തിയത്തുണ്ണിത്താൻ എന്ന മാടമ്പി പരിഗ്രഹിച്ച് ഒരു പുരുഷസന്താനം ഉണ്ടായിട്ടുണ്ട്. അച്ഛനുണ്ണിത്താൻ ധനികനും ധീരോദാത്തനും വലിയ വിദ്വാനും ആയിരുന്നു. സംസ്കൃതാഭ്യസനത്തിനു നിയോഗിക്കപ്പെട്ട പുത്രൻ നാട്ടിൻപുറത്തുള്ള ഗുരുനാഥന്മാരുടെ പാണ്ഡിത്യപരിമിതിയെ കവിയുകയാൽ ഉണ്ണിത്താൻ അയാളെ തർക്കവ്യാകരണാദി പഠനത്തിനായി തിരുവനന്തപുരത്തു താമസിപ്പിച്ച് സാംബദീക്ഷിതർ എന്ന ഒരു വിശ്രുതശാസ്ത്രജ്ഞനെ ഭരമേല്പിച്ചിരുന്നു. ചിലമ്പിനേത്തെ സ്വത്തുക്കൾക്കെല്ലാം അവകാശിയായിരുന്ന ഈ വിദ്യാർത്ഥി അനദ്ധ്യായദിവസങ്ങളിൽ അവിടെ ചെന്നു പോരാറുണ്ടായിരുന്നു. ഹരിപഞ്ചാനനസ്വാമികളെ എതിരേല്ക്കുന്നതിന് അന്നുദയത്തോടുകൂടി എങ്കിലും ആ യുവാവും ചെന്നുചേരണമെന്നു ദൂതമുഖേന കാരണവർ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അയാളുടെ സാന്നിദ്ധ്യംകൂടാതെ എതിരേൽപ്പും മറ്റും നടത്തേണ്ടിവന്നതുകൊണ്ട് ന്യായമായി കാരണവർക്കുണ്ടായ കോപത്തെ അടക്കിക്കൊണ്ടിരുന്നിട്ട്, സാവകാശംകിട്ടിയപ്പോൾ അനന്തരവന്റെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/61&oldid=158558" എന്ന താളിൽനിന്ന് ശേഖരിച്ചത്