താൾ:Dharmaraja.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഢി പിന്നെയും വിലസി. വാഹനത്തെ നിറുത്തുന്നതിന് അദ്ദേഹത്തിൽനിന്ന് ഒരു കല്പന പുറപ്പെട്ടു. ചന്ത്രക്കാറനെ സമീപത്തു വിളിച്ച്, ആ സ്ത്രീകൾ ആരാണെന്ന് ഗൂഢമായി ഒരു ചോദ്യത്തെ മന്ത്രിച്ചു. സ്വാശ്രയവർത്തിനികളായ ചില അനാഥകളാണെന്നു നിസ്സാരകാര്യം പോലെ ചന്ത്രക്കാറന്റെ മറുപടിയും ആ സ്വരത്തിൽത്തന്നെ ഗൂഢതമമായി ഉണർത്തിക്കപ്പെട്ടു. പല്ലക്കിന്റെ തെക്കുവശത്ത് അപ്പോൾ നിലകൊണ്ടിരുന്ന ഉമ്മിണിപ്പിള്ളയുടെ നേത്രങ്ങൾ പ്രാർത്ഥനാശതങ്ങളെ സ്വാമിപാദങ്ങളിൽ സമർപ്പണം ചെയ്തു. സമർത്ഥനായ ഗുസ്തിക്കാരന്റെ കായസാധകത്തോടുകൂടി യോഗീശ്വരൻ പല്ലക്കിൽനിന്നും താഴത്തു ചാടി, സകല ഘോഷങ്ങളേയും ഒരു കരവിന്യാസംകൊണ്ടു പ്രതിബന്ധനംചെയ്തു. തങ്ങളുടെ താൽക്കാലികമായ കേവലാവസ്ഥയ്ക്ക് അനുരൂപമായിക്കഴിപ്പാൻ പൂർവ്വദിവസത്തിൽ ചെയ്യപ്പെട്ട നിശ്ചയത്തെ വൃദ്ധയും ദൗഹിത്രിയും അനുഷ്ഠിച്ചതുകൊണ്ട് 'വന്നു കൂടിയതന്യഥാ.’ വസ്ത്രങ്ങളുടെ വർണ്ണവിശേഷത്താലും, അവയെ ധരിച്ചിരുന്ന രീതിഭേദത്താലും യോഗീശ്വരന്റെ ശ്രദ്ധ അവരിൽ ആകർഷിക്കപ്പെട്ടു. അവർ നിന്നിരുന്ന സ്ഥലത്തേക്ക് അദ്ദേഹം രാജരാജേശ്വരപ്രഭാവത്തോടുകൂടി നടന്നുതുടങ്ങി. യോഗീശ്വരന്റെ കാൽ നടയായ എഴുന്നള്ളത്തിൽ അദ്ദേഹത്തിന്റെ സ്ഥാനഗൗരവത്തെ പോഷിപ്പിക്കുന്നതിനോ തങ്ങളുടെ കുലധർമ്മത്തെ യഥാവിധി അനുഷ്ഠിക്കുന്നതിനോ, കഴക്കൂട്ടത്തെ വിഭൂതികാരകന്മാരായ പണ്ടാരങ്ങൾ തങ്ങളുടെ ശംഖങ്ങളെ ധ്വനിപ്പിച്ചു; കരയ്ക്കും കളരിക്കും നാഥന്മാരായ ആശാൻ, കുറുപ്പ് എന്നിവർ മുമ്പിൽ നടന്നു വഴികാട്ടി; ചാമുണ്ഡിക്കാവിലെ തറവാട്ടുപരമ്പരക്കാരനായ വെളിച്ചപ്പാട് തുരുമ്പുപിടിച്ച ഖഡ്ഗത്തെ വഹിച്ച് മുന്നകമ്പടി സേവിച്ചു; അക്ഷരവിദഗ്ദ്ധനായ ഉമ്മിണിപ്പിള്ള വിശറി മാറ്റി, ഒരു വെഞ്ചാമരം വഹിച്ചു വീശിത്തുടങ്ങി; ചന്ത്രക്കാറിയുടെ കാരണവൻ രണ്ടാംമുണ്ടിനെ തലയിൽ കെട്ടിക്കൊണ്ട് ചക്രവാളക്കുട പിടിച്ചു; ചന്ത്രക്കാറ സർവ്വസമ്രാട്ട് യോഗീശ്വരന്റെ പാദുകത്തെ വഹിച്ചു. ഈ സന്നാഹങ്ങളൊന്നും തന്റെ മനസ്സിൽ കടക്കാതെ മന്ത്രക്കൂടദേവതകളുടെ ആവേശംകൊണ്ടെന്നപോലെ ബോധവർജ്ജിതനായ യോഗീശ്വരൻ ഇമനിമേഷങ്ങൾകൂടാതെ വൃദ്ധ നിന്നിരുന്ന സ്ഥലത്തെത്തി. മീനാക്ഷി പടിക്കകത്തു പ്രവേശിച്ച്, കുപ്പശ്ശാരുടെ പുറകിലായി നിന്നു. അപ്പോൾ ഒരു നവസുകുമാരനായ ശശാങ്കന്റെ ദ്രുതതരാസ്തമയം ഉണ്ടായതിനെ സൂക്ഷ്മസൃഷ്ടിയായ യോഗീശ്വരൻ കാണാതിരുന്നില്ല. യോഗീശ്വരനെ തൊഴുന്നതിനായി മുകുളീകൃതമായ വൃദ്ധയുടെ കൈകളെ അദ്ദേഹം ക്ഷണത്തിൽ സ്വകരങ്ങളിൽ ഗ്രഹിച്ച്, അഞ്ജലിനിരോധനംചെയ്തു. ഭർത്തൃസന്താനങ്ങളുടെ പരിചരണത്താൽ ക്ഷീണങ്ങളായ ആ കരങ്ങളെ ബാഷ്പപൂർണ്ണമായ നേത്രങ്ങളോടുകൂടി തന്റെ ശിരസ്സിന്മേൽ പതിപ്പിച്ച് എന്തോ ഒരു പ്രണാമശ്ലോകത്തെ ചൊല്ലി അദ്ദേഹം വൃദ്ധയുടെ വയഃപൂർത്തിയെ ആരാധിച്ചു, ആ സംസ്പർശലാഭത്തിൽ വൃദ്ധയുടെ മനശ്ശരീരങ്ങൾ അനിർവാച്യമായ ദിവ്യാനന്ദലഹരിയെ ആസ്വദിച്ചു. ഈ വികാരത്തിന്റെ ബലത്താൽ വൃദ്ധയ്ക്കു ശേഷിച്ചിട്ടുണ്ടായിരുന്ന കായബലം നശിക്കയും, സ്ത്രീവർഗ്ഗസാധാരണവും അപസ്മാരശങ്കയെ ജനിപ്പിക്കുന്നതുമായ ഒരു മൂർച്ഛയ്ക്ക് അധീനനായി അവർ യോഗീശ്വരന്റെ മാറിൽ പതിക്കയും ചെയ്തു. വൃദ്ധയുടെ മുഖത്ത് ഒന്നു സൂക്ഷിച്ചുനോക്കിയപ്പോൾ, യോഗീശ്വരന്റെ ശരീരവും കഠിനമായി വിറകൊണ്ടു. അദ്ദേഹം വിളറിയ മുഖത്തോടുകൂടി, ബോധശൂന്യനായി, കരുണാപരിഭൂതനായിട്ട് വൃദ്ധയെ മാറോടണച്ചു മുറുകെപ്പുണർന്നു. പരസ്പരകരബദ്ധരായി വൃദ്ധയും യോഗീശ്വരനും നില്ക്കുന്ന ഘട്ടത്തിൽ കുപ്പശ്ശാർ യോഗീശ്വരനെ നമസ്കാരംചെയ്തെഴുന്നേറ്റ് നിർഭരമായ ഭക്തിഭയങ്ങളോടുകൂടി വൃദ്ധയുടെ അടുത്തുചെന്ന് കണ്ണുനീർ വർഷിക്കുന്ന ആ സ്ത്രീയെ യോഗീശ്വരഭുജങ്ങളിൽനിന്നു വേർപെടുത്തി സ്വരക്ഷയിൽ ഏറ്റു. യോഗീശ്വരൻ തന്റെ അച്ഛനും അമ്മാവനും അല്ലെന്ന് ഒരുദിവസംമുമ്പു വാദിച്ച മീനാക്ഷി ഭക്ത്യാനന്ദാർദ്രനേത്രങ്ങളോടുകൂടി അദ്ദേഹത്തിന്റെ അഞ്ജലീപ്രണാമം ചെയ്ത് മാതാമഹിയുടെ പാർശ്വത്തിൽ സഹായത്തിനായി എത്തി. കണ്ടുനിന്നവർ യോഗീശ്വരന്റെ മനോമാർദ്ദവത്തെയും ഭൂതദയയേയും കൊണ്ടാടുകയും, ഇങ്ങനെ പരമഗുണവാനായ മഹാവധൂതനെ സൽക്കരിപ്പാൻ തങ്ങൾക്കുണ്ടായ ഭാഗ്യത്തെ നിനച്ച് ആനന്ദസാഗരമഗ്നന്മാരാവുകയും ചെയ്തു.

ഹരിപഞ്ചാനനവാസത്തിനു പ്രത്യേകം ഒരുക്കപ്പെട്ടതായ ഇരട്ട നിലച്ചവുക്കയിലേക്ക്

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/59&oldid=158555" എന്ന താളിൽനിന്ന് ശേഖരിച്ചത്