ആ യോഗീശ്വരൻ, പ്രകൃത്യാ ശൈവതേജോമയനെങ്കിലും ബാലഗോവിന്ദതുല്യവിഗ്രഹനായും കരുണാകുലനേത്രനായും ആർദ്രഹസിതനായും കാണപ്പെട്ടു. അദ്ദേഹത്തിന്റെ ദീപ്രതരമായ ദൃഷ്ടിപാതം ഭൂതജാലങ്ങളുടെ ഇന്ദ്രിയവൃത്തിയെ നിരോധിക്കാറുള്ളതുപോലെ, കഴക്കൂട്ടത്തുപ്രദേശത്തിന്റെ സന്ദർശനം മന്ത്രശക്തിയാലെന്നപോലെ യോഗീശ്വരന്റെ ബാഹ്യാന്തഃകരണങ്ങളേയും പാടേ സ്തംഭിപ്പിച്ചു. യോഗിജീവിതത്തിന്റെ കഠിനവ്രതാനുഷ്ഠാനങ്ങൾകൊണ്ട് സമുഗ്രതരമാക്കപ്പെട്ടതെങ്കിലും, അദ്ദേഹത്തിന്റെ ഹൃദയം മജ്ജാമാംസരക്തസങ്കലിതരായ മനുഷ്യർക്ക് സാധാരണങ്ങളായ വികാരങ്ങളാൽ അസ്പൃഷ്ടമല്ലായിരുന്നു എന്നു തോന്നിപ്പിക്കുമാറ് അദ്ദേഹത്തിന്റെ നേത്രങ്ങൾ ആ ദേശത്തിന്റെ പ്രകൃതി വിലാസചാതുര്യത്തെ ദർശനംചെയ്‌വാൻ കൗതുകത്തോടുകൂടി നാലു ദിക്കിങ്കലും സഞ്ചാരം തുടങ്ങി. അദ്ദേഹത്തിന്റെ നേത്രങ്ങളോടിടഞ്ഞ ഓരോ വൃക്ഷാഗ്രവും ഗൃഹകൂടവും അദ്ദേഹത്തിന്റെ മനസ്സിൽ ക്ഷേത്രാദിപുണ്യസ്ഥലങ്ങൾക്കു മാത്രം ശക്യമായുള്ള ഒരു ആനന്ദാനുഭൂതിയെ അങ്കുരിപ്പിച്ചു. യോഗീശ്വരൻ തന്റെ ആത്മീയശക്തികൊണ്ട് ചന്ത്രക്കാറനെ വ്യാമോഹിപ്പിച്ചു എങ്കിൽ, ഇതാ ചന്ത്രക്കാറന്റെ ലൗകീകത്തിരിപ്പാൽ യോഗീശ്വരൻ ചഞ്ചലചിത്തനായി, മൂഢസാധാരണമായുള്ള പരവശതകളെ പ്രദർശിപ്പിച്ചുതുടങ്ങിയിരിക്കുന്നു. പ്രപഞ്ചബന്ധവിമുക്തനായി അക്ഷോഭ്യബ്രഹ്മയനായി ജനങ്ങൾക്കു കാണപ്പെടുന്ന ആ യോഗിപരമഹംസന്റെ മനസ്സിൽ പൊങ്ങിത്തിളച്ചുകൊണ്ടിരുന്ന വിചാരങ്ങൾ എന്തായിരുന്നിരിക്കാം? ഓരോ നേത്രത്തിലും നിന്ന് ഓരോ അശ്രുധാര നാസികാപ്രാന്തമാർഗ്ഗമായി പ്രവഹിച്ച് അധരപുടത്തേയും മീശയേയും നനച്ചുകൊണ്ട് ഉദരത്തിൽ പതിക്കുന്നു. അന്തോളികയ്ക്കുള്ളിൽ അദ്ദേഹത്തെ ആവരണം ചെയ്യുന്ന സൂര്യപടോപധാനങ്ങൾക്കിടയിൽ സ്ഥാനത്തിനും സന്ദർഭത്തിനും ഉചിതമായ പ്രൗഢതയോടുകൂടി സ്ഥിതിചെയ്യുന്നതിന് അജയ്യങ്ങളായ എന്തോ ചേതോവികാരക്ഷോഭങ്ങൾ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്ന് അസ്വാസ്ഥ്യസൂചകങ്ങളായ ചില അംഗചലനങ്ങൾ പ്രത്യക്ഷപ്പെടുത്തുന്നു. താൻ തരണംചെയ്യുന്ന ആകാശത്തെ സ്വമാതൃസ്തനപയസ്സെന്നപോലെ അദ്ദേഹം അത്യുൽക്കണ്ഠയോടെ പാനം ചെയ്യുന്നു. അന്തോളത്തിൽനിന്ന് താഴത്തുചാടി ആ പ്രദേശലക്ഷ്മിയെ പ്രണാമംചെയ്തുകളകയോ എന്നും അദ്ദേഹത്തിന് ഒരു വ്യാമോഹാവേശം ഉണ്ടാകുന്നു. ‘സർവം ബ്രഹ്മമയം’ എന്നുള്ള തത്വം കൊണ്ട് പരിപൂരിതമായ അദ്ദേഹത്തിന്റെ പാവനഹൃദയത്തിൽ ഇങ്ങനെയുള്ള വികാരങ്ങൾ അങ്കുരിച്ചത് ഏതു ജന്മത്തെ ബന്ധത്തിന്റെ ഫലമെന്നുള്ള രഹസ്യം തൽക്കാലം രഹസ്യനിലയിൽത്തന്നെ ഇരിക്കട്ടെ.
ആ ഘോഷയത്ര നാലഞ്ചു നാഴികകൊണ്ട് ചിലമ്പിനേത്തു പടിക്കൽ എത്തി. അപ്പോളുണ്ടായ കോലാഹലം മുമ്പിലത്തേതിലേയും അതിശയിച്ച് പ്രചണ്ഡമായപ്പോൾ ബ്രാഹ്മണരുടെ ഇടയിൽ ‘യസരീകാഭരാഗു’ എന്നുള്ള ഘോഷധ്വനിയും മുഴങ്ങിത്തുടങ്ങി. അതിനെ ശാസിച്ച് ഒരു വലിയ ശബ്ദം പടിക്കൽനിന്നും പുറപ്പെട്ടു. അതുകേട്ടുണർച്ചയുണ്ടായ ബ്രാഹ്മണസംഘം സന്ദർഭഗൗരവത്തെ മറന്ന് “മാമാക്കു ജേ, വെങ്കിടാക്കു ജേ!” എന്ന്, അതിരാവിലെ കുളി കുറി മുതലായതും കഴിഞ്ഞ് സമുദായാംഗവേഷത്തിൽ ചിലമ്പിനേത്തെത്തിയിരിക്കുന്ന മാമാവെങ്കിടനെ അഭിമാനിച്ച്, തങ്ങൾ അറിയാതെ ഉൽഘോഷിച്ചുപോയി, അതിനേയും കോപപൂർവ്വം ഭത്സിച്ചുനില്ക്കുന്ന ഭീമാകാരനായ മാമനെക്കണ്ടപ്പോൾ ചന്ത്രക്കാറന്റെയും ഉമ്മിണിപ്പിള്ളയുടെയും ഉത്സാഹപ്രവാഹം പെട്ടെന്ന് ഒന്നു നിലച്ചു. എങ്കിലും അവർ ക്ഷണമാത്രത്തിൽ ഊർജ്ജിതഭാവത്തെ കൈക്കൊണ്ട് കൈകൾ വീശിയപ്പോൾ, യാത്രാരംഭത്തിൽ ഉണ്ടായതുപോലെ വെടികളും കുരവകളും ആർപ്പുകളും സങ്കീർത്തനങ്ങളും വാദ്യഘോഷങ്ങളും, ഒത്തൊരുമിച്ചു തകർത്തു. ചിലമ്പിനേത്തു ഗോപുരദ്വാരത്തിൽ എത്തിയ പല്ലക്കിനെ താഴ്ത്തി അകത്തു കൊണ്ടുപോകുന്നതിന് വാഹകന്മാർ ഒരുമ്പെടുന്നതിനിടയിൽ യോഗീശ്വരന്റെ കണ്ണുകൾ തെക്കോട്ടൊരു യാത്രചെയ്തു. അല്പം ദൂരത്തായി വിചിത്രവർണ്ണങ്ങളോടുകൂടിയ വസ്ത്രങ്ങളെ അകേരളീയസമ്പ്രദായത്തിൽ ധരിച്ചു നില്ക്കുന്ന രണ്ടു സ്ത്രീകൾ അദ്ദേഹത്തിന് നേത്രഗോചരമായി. അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായ സിംഹനോട്ടം അപ്പോൾ ആ മുഖത്ത് ആവർത്തനം ചെയ്തു. മോഹാവേശകിരണങ്ങൾ ആ കടുനീലനേത്രതാരങ്ങളിൽനിന്നു പുറപ്പെട്ടു. യോഗീശ്വരന്റെ നന്ദനീയമായുള്ള നന്ദകുമാരത്വം മാറി ഹരിപഞ്ചാനനപ്രൗ