താൾ:Dharmaraja.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദാരമതിയായ അദ്ദേഹം അനുവദിച്ചു. ചില ദരിദ്രക്കൂട്ടത്തിന്റെ ഉദ്ധാരണത്തിനായി തമ്പിയുടെ ഭൂസ്വത്തിൽ നിസ്സാരമായ ഒന്നുരണ്ട് അംശങ്ങളുടെ അനുഭവകൈവശങ്ങളും മാറ്റപ്പെട്ടു. ഈ വ്യയങ്ങൾനിമിത്തം ഉണ്ടായ നഷ്ടം ഭാവിയിൽ മഹാശ്രേയസ്സുകളെ ആശംസിക്കുന്ന തന്റെ ശിഷ്യത്വത്തിലും സേനാനിത്വത്തിലും തമ്പിക്കുള്ള അഭിനിവേശത്തേയും ശുഷ്കാന്തിയേയും വർദ്ധിപ്പിച്ചതേയുള്ളു. രാജ്യത്തിന്റെ കോണസ്തംഭങ്ങളായ പ്രഭുകുടുംബങ്ങൾ രാജ്യമണ്ഡപകൂടത്തെ അതിൽ സംസ്ഥാപിതമാകുന്ന ജീവന്തികാസഹിതം വഹിക്കേണ്ടതാണെന്നു, വാതവൃഷ്ടിഭൂകമ്പാദി സംഭവങ്ങളിലും അസംഭിന്നധൈര്യമായി അതിനെ രക്ഷിക്കേണ്ടതാണെന്നും ഉള്ള രാജ്യരക്ഷാനിദാനങ്ങളെ പരമ്പരാസിദ്ധമായ ഊർജ്ജസ്വലത്വംകൊണ്ട് കുഞ്ചുത്തമ്പി നല്ലതിന്മണ്ണം ഗ്രഹിച്ചിരുന്നു. ചുരുക്കത്തിൽ തന്റെ ഭവനസ്ഥാപനംതന്നെ രാജ്യരക്ഷയ്ക്കായിട്ടാകയാൽ ആ പരിശ്രമത്തിൽ നേരിടുന്ന നഷ്ടം ധീരന്മാരാൽ അഭിലഷിതമായ ആത്മബലിതന്നെ എന്ന് അദ്ദേഹം പരിഗണനം ചെയ്തിരുന്നു. രാമവർമ്മമഹാരാജാവിന്റെ കല്പനകൂടാതുള്ള പടയൊരുക്കങ്ങൾ രാജദ്രാഹതുല്യമായി ഗണിക്കപ്പെടാമായിരുന്നെങ്കിലും മന്ത്രിമാർമുഖാന്തിരമല്ലാതെ മഹാരാജാവ് സ്വവിശ്വസ്തന്മാർമുഖേന ചില കാര്യങ്ങൾ നിർവ്വഹിച്ചുവന്നിരുന്നതിനാൽ തമ്പിയുടെ പ്രവൃത്തികളെ മുളയിൽത്തന്നെ ഛേദംചെയ്‌വാൻ സമീപാധികൃതന്മാർ മുതിർന്നില്ല. രാജകുടുംബാശ്രയത്താൽ ഒരു ഉൽകൃഷ്ടപദവിയെ പ്രാപിച്ചിരുന്ന കളപ്രാക്കോട്ട ഭവനത്തിലെ കാരണവർ മഹാരാജാജ്ഞകൂടാതെ പടക്കോപ്പുകൂട്ടാൻ പുറപ്പെട്ടത് എന്തു പരോക്ഷാധികാരത്തിന്മേലാണെന്ന് വഴിയേ സ്പഷ്ടമാകുന്നതാണ്.

കളപ്രാക്കോട്ടയിലേക്ക് അല്പമായുണ്ടായ ധനക്ഷയത്തെ നികത്തുന്നതിന് ഹരിപഞ്ചാനനമൈത്രിയാൽ ചില പ്രാധാന്യങ്ങളും തമ്പിക്കു സിദ്ധിച്ചു. തിരുവനന്തപുരത്തുനിന്നും രാജ്യകാര്യസംബന്ധമായി ഓരോ ഭടന്മാരും ചാരന്മാരും അടിക്കടി കളപ്രാക്കോട്ടയിലേക്കു വന്നുകൊണ്ടിരുന്നു. പത്മനാഭപുരത്ത് എഴുന്നള്ളുമ്പോൾ അമൃതേത്തു കഴിഞ്ഞയുടൻതന്നെ മധുരവിഭവങ്ങളുടെ ഒരു പകർച്ച തമ്പിക്ക് അയയ്ക്കുക നിയമമായിരിക്കുന്നു എന്നും അടുത്തൊഴിവുവരുന്ന മുഖത്തുസർവാധി ഉദ്യോഗത്തിന് തമ്പിയെത്തന്നെ നിയോഗിപ്പാൻ മഹാരാജാവ് നിശ്ചയിച്ചിരിക്കുന്നു എന്നും, കല്പനപ്രകാരവും യുവരാജാവിന്റെ ഗുരുസ്ഥാനത്തോടുകൂടിയും, തിരുവനന്തപുരത്തെഴുന്നള്ളി അനുഗ്രഹിച്ചരുളുന്ന സാക്ഷാൽ ശ്രീപരബ്രഹ്മപാദരായ ഹരിപഞ്ചാനനയോഗി പഞ്ചാസ്യസ്വാമിതീർത്ഥൻ തിരുമുമ്പീന്ന് കുഞ്ചുത്തമ്പിയുടെ സൂത്രത്തിരിപ്പിൽ ആടുന്ന ഒരു പ്രതിമ മാത്രമാണെന്നും, അതുകൊണ്ട് തിരുവിതാംകോടുസംസ്ഥാനത്തും ആ യോഗിസന്നിധികളുടെ ഗുരുസ്ഥാനാധികാരം വ്യാപിച്ചിട്ടുള്ള ഭാരതഖണ്ഡം മുഴുവനിലും തമ്പി വിചാരിച്ചാൽ അസാദ്ധ്യമായി യാതൊന്നും തന്നെയില്ലെന്നും, ‘ഡില്ലിപാച്ചാലും’, മൈസൂരിലെ സുലുത്താനും’, ആർക്കാട്ടിലെ നഭാവും, വെള്ളക്കാരുടെ തുറമുഖങ്ങളിലെ ‘കുമണ്ഡോദരന്മാരും’, ഗൗണധോരണന്മാരും’ അദ്ദേഹത്തിനു കറിത്താകൾ അയയ്ക്കാറുണ്ടെന്നും, അദ്ദേഹവും അദ്ദേഹത്തിന്റെ വേഴ്ചക്കാരും പ്രസിദ്ധം ചെയ്തുവന്നു. ഇപ്രകാരമുള്ള ജനശ്രുതി പലപ്പോഴും വാസ്തവമായി പരിണമിക്കാറുള്ളതിനെ വിചാരിച്ച്, അതിന്റെ പ്രചാരപുഷ്ടിയാൽ തമ്പിയുടെ വൃഥാഭിമാനവും പോഷിച്ചുകൊണ്ടിരുന്നു.

ഇപ്രകാരം പ്രതാപരുദ്രനായിക്കഴിയുന്ന തമ്പിയേയും ഒരാൾ ‘കൊടികുത്തിച്ച് ആചാരം’ ചെയ്യിച്ചുവന്നിരുന്നു. ലോകത്തിൽ സാഹിത്യരസമെന്നൊന്നുണ്ടെങ്കിൽ, അതിന്റെ സാരസർവസ്വത്തെ ഗ്രഹിച്ചവർ ഈ മര്യാദയ്ക്കെങ്കിലും തമ്പിയെ അഭിനന്ദിക്കാതിരിക്കയില്ല. ഗൃഹജീവിതചക്രത്തിന്റെ സംഘർഷണശൂന്യവും നിശ്ശബ്ദവുമായ ഗതിക്ക് തൈലവും കൊഴുപ്പുംപോലെ ഉപയോഗപ്പെട്ട ഈ മഹാനുഭാവത്വം ഗൃഹസ്ഥമറകളിലെ മർമ്മസൂത്രമായി അഭിജ്ഞന്മാർ കൈക്കൊള്ളുന്നു. ലോകരാവണനായ രാവണമഹാരാജാവും “ചടുലമിഴിനിന്നുടെയടിമലരിൽ വീണുഴന്നടിമപ്പെടുന്നെന്നെ വെടിയരുതു നാഥേ!” എന്നു യാചിച്ച്, സ്വപത്നിയായ മണ്ഡോദരിക്ക് ‘നാഥ’ എന്ന പദത്തെ നൽകിയില്ലേ? അതുകൊണ്ട് തമ്പിക്കുണ്ടായ അൽപമായ മടക്കവും അദ്ദേഹത്തിന്റെ മഹിമാസാക്ഷ്യമായി മാനിക്കപ്പെടേണ്ടതാണ്. കളപ്രാക്കോട്ടയിൽനിന്ന് അത്താഴം ഊണിൽ മുറിവേറ്റുകൊണ്ടു പോയ ബാലന്റെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/49&oldid=158544" എന്ന താളിൽനിന്ന് ശേഖരിച്ചത്