Jump to content

താൾ:Dharmaraja.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഗ്രാസനസ്ഥാനത്തിലേക്ക് അവരോധം മഹാരാജാവിൽനിന്നു സിദ്ധിച്ചത് കുലോത്തുംഗരാജവംശ്യനായ ഒരു പ്രഭുവിന്റെ സന്താനവർഗ്ഗത്തിൽനിന്ന് വേണാട്ടു രാജശേഖരപാദങ്ങളെ ശരണംപ്രാപിച്ച ഒരു ശാഖയ്ക്കായിരുന്നു. ഇവർക്ക് വേമ്പന്നൂരെന്ന ദിക്കിൽ സമുദ്രതീരത്തുനിന്നും അധികദൂരമല്ലാതെയുള്ള ഒരു രമണീയപ്രദേശത്ത് കോട്ടയും കൊത്തളവും പാളയവും പടനിലവും തനിക്കുളവും കോവിലും ഏർപ്പെടുത്തി, വേട്ടവിളിക്കും കൂട്ടവിളിക്കും അധികാരം പെറ്റ്, പല്ലക്ക്, പട്ടുക്കുട, പൊന്നിൻകൊടി, കുത്തുവിളക്ക്, മുരശ്, പഞ്ചവാദ്യം മുതലാന പദവി അറുപത്തിനായ്ങ്കും, ആചന്ദ്രതാരമേ സന്തതിപ്രവേശമേ ചെല്ല, കല്ലു നാട്ടി ചെമ്പിൽ പട്ടയവും കൊടുത്തുവിട തിരുവുള്ളമുണ്ടായി. ഇങ്ങനെ ഉത്ഭവിച്ച ഭവനത്തിന് കളപ്രാക്കോട്ട എന്നു നാമകരണവും ചെയ്യപ്പെട്ടു. ആദിയിൽ കേരളീയശ്രീസമ്പൂർണ്ണന്മാരായിരുന്ന കളപ്രാക്കോട്ടത്തമ്പിമാർ ‘ദുർഭഗമാരായ രാക്ഷസസ്ത്രീകളോടെപ്പോഴുമുള്ളതാം സംസർഗ്ഗകാരണാൽ’ ലങ്കാലക്ഷ്മിയുടെ സൗന്ദര്യം രാക്ഷസീയമായിത്തീർന്നതുപോലെ, കാലാന്തരം കൊണ്ട് ആകൃതിയിലും പ്രകൃതിയിലും ഒരു ആസുരവർഗ്ഗമായ് ഭവിച്ചു. ആ ഭവനക്കെട്ടുകൾക്കിടയിലുള്ള ഓരോ അങ്കണവും ഓരോ ഹതശരീരത്തിന്റെ സമാധിസ്ഥലമാക്കപ്പെട്ടതിനാൽ അനവധി ബ്രഹ്മരക്ഷസ്സുകളും പ്രേതങ്ങളും അവിടെ സംക്രമിച്ചിരുന്നു. ഇങ്ങനെയുള്ള പ്രാചീനതാലക്ഷ്യത്തെ ആ ഭവനം വഹിച്ചുതുടങ്ങിയതിനെ അനുകൂലിക്കുമാറ് കോട്ടകൾ ഇടിഞ്ഞും കിടങ്ങുകൾ തൂർന്നും കെട്ടിടങ്ങൾ ദ്രവിച്ചും തുടങ്ങി. എങ്കിലും, ആ കുടുംബം പൂർവവൽ യശഃപ്രസരത്തോടും രാജസന്നിഭപ്രഭാവത്തോടുംകൂടിത്തന്നെ കഴിഞ്ഞു.

നമ്മുടെ ഈ കഥാകാലത്തെ കാരണവപ്പാടായ വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി, അല്ലെങ്കിൽ കുഞ്ചുത്തമ്പി, തന്റെ തറവാട്ടുമഹിമയെ വഴിയാംവണ്ണം പുലർത്തി സ്മരണീയമായ ഒരു നിലയെ പ്രാപിച്ചത് ഈ കഥയിലെ സാരമായ ഒരു പർവമാകുന്നു. കുഞ്ചുത്തമ്പി കളപ്രാക്കോട്ടപ്പെരുമാളായി വാണ കാലത്ത്, അദ്ദേഹത്തിന്റെ ഒരു വിളികൊണ്ട് നാഞ്ചിനാട്ടുപിടാക പതിനെട്ടും, തിരുനാൾ ആദരിപ്പാൻ എത്തുന്നതിലും കൃത്യമായി കൂട്ടത്തോടിളകും. കുളച്ചൽമുതൽ കന്യാകുമാരിവരെയുള്ള തുറക്കാർക്കും, നാടാന്മാർക്കും, അന്തരാളവർഗ്ഗ്യർക്കും 'അരശും മന്തിരിയും' കുഞ്ചുക്കുട്ടിത്തമ്പ്രാക്കൾ തന്നെ ആയിരുന്നു. കാരണവന്മാരുടെ വിശദബുദ്ധി അവകാശരീത്യാ കുഞ്ചുത്തമ്പിക്കു സിദ്ധിക്കാത്തതുകൊണ്ടും, മാർത്താണ്ഡവർമ്മമഹാരാജാവിന്റെ സമഗ്രബലസ്ഥാപനത്തോടുകൂടി രാജ്യത്തിൽ ഗണനീയമായ ജ്ഞാനപ്രചാരം ഉണ്ടായതിനാലും, സ്വപൂർവഗാമികളുടെ പ്രതാപാഗ്നിയിൽ ദുർമ്മരണം പ്രാപിച്ച കൂട്ടത്തെ ഹോമാദിക്രിയകൾ കൊണ്ടു മുക്തന്മാരാക്കിത്തീർത്തില്ലെങ്കിൽ തന്റെ ഭവനൈശ്വര്യം സ്വേച്ഛാനുകൂലമായ സമുത്കർഷത്തെ പ്രാപിക്കയില്ലെന്നു തമ്പി ക്ലേശിച്ചുതുടങ്ങി. ഇങ്ങനെയിരിക്കുന്ന കാലത്ത്, ആ പ്രദേശത്ത് അവതീർണ്ണനായ ഒരു അവധൂതനിൽനിന്ന്, ഗൃഹബാധകളേയും ആത്മബാധകളേയും അപസാരണം ചെയ്യുന്നതിനുള്ള ചില ഉച്ചാടനവിധാനങ്ങളെ തമ്പി ഗ്രഹിക്കയും ജീവന്മുക്തനായ ആ യോഗീശ്വരനും തമ്പിയും തമ്മിൽ ദൃഢമായ മൈത്രി സ്ഥാപിക്കപ്പെടുകയും ചെയ്തു. 940-ാമാണ്ടിനിടയ്ക്ക് രണ്ടാമതും ആ യോഗീശ്വരൻ വേമ്പന്നൂർ ദിക്കിനെ പരിശുദ്ധമാക്കാൻ എഴുന്നള്ളിയപ്പോൾ, തമ്പിയുടെ അതിഥിയായി ഏകദേശം മൂന്നുമാസത്തോളം താമസിച്ച്, അവസാനത്തിൽ തന്റെ പരമാർത്ഥത്തേയും അപ്പോഴത്തെ സഞ്ചാരോദ്ദശ്യത്തേയും തമ്പിയെക്കൊണ്ടു ഖഡ്ഗമുഷ്ടി സത്യം ചെയ്യിച്ച്, ധരിപ്പിച്ചു. ഈ വിധം ക്ഷത്രയോഗ്യമായുള്ള ഒരു ക്രിയ തന്നെക്കൊണ്ടു ചെയ്യിച്ചതിനാൽത്തന്നെ, യോഗീശ്വരന്റെ അതിഗൂഢവും ഗുരുതരവുമായ തത്വം ശുദ്ധത്മാവായ തമ്പിക്കു പൂർണ്ണമായി ബോദ്ധ്യപ്പെട്ടു. ഗുരുനിയോഗാനുസാരമായി സ്വന്ത പടക്കളത്തിൽ ബ്രഹ്മാണ്ഡക്കണക്കിൽ ഒരു ഭജനമഠത്തേയും അതോടു ചേർത്ത് അനേകം ശാലകളേയും തീർപ്പിച്ച് സ്വയംവ്രതാചാരമായ ഭജനവും സ്വകുടുംവപാരമ്പര്യത്തെത്തുടർന്ന് അക്കാലത്തു പ്രചാരലുപ്തമായിരുന്ന സേനാസജ്ജീകരണവും തുടങ്ങി. ഈ ഉദ്യമങ്ങൾ പൂർവകാരണവന്മാരാൽ 'ഈടം' വയ്കപ്പെട്ടിരുന്ന ധനത്തെ അതിന്റെ പരമാർത്ഥോദ്ദിഷ്ടമായ വിനിമയോപയോജ്യതയെ നിർവഹിക്കുന്നതിനായി പുറത്തിറക്കി. കൊല്ലം രണ്ടുമൂന്നു കഴിഞ്ഞപ്പോൾ കുഞ്ഞുത്തമ്പിയുടെ സ്വന്തസമ്പാദ്യങ്ങളായ ചില ആഭരണാദികൾ സാമാന്യജനങ്ങളുടെ അംഗങ്ങളെ അലങ്കരിച്ചുകൊള്ളുന്നതിന്

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/48&oldid=158543" എന്ന താളിൽനിന്ന് ശേഖരിച്ചത്