താൾ:Dharmaraja.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അദ്ദേഹത്തിന്റെ കായദൈർഘ്യവും മുഖത്തു സർവദാ വ്യാപിച്ചിരുന്ന നരസിംഹക്രൗര്യവും അദ്ദേഹത്തിന്റെ ഏകാന്തവാസേച്ഛയെ അനുകൂലിച്ചു. മറ്റു ലോകരെല്ലാം നിസ്സാരന്മാരെന്നു ഗണിച്ചുവന്നിരുന്ന ഇദ്ദേഹത്തെകൊണ്ട് ഒന്നു സംസാരിപ്പിക്കുകയെന്നത് കൃച്ഛ്‌റസാദ്ധ്യമായി‌രുന്നു. എട്ടുവീട്ടിൽപിള്ളമാർക്ക് ആപൽക്കാലത്തിന്റെ ശകുനങ്ങൾ കണ്ടുതുടങ്ങിയപ്പോൾ അദ്ദേഹം ഭാര്യാപുത്രഭൃത്യസമേതം തിരുവിതാംകൂറിൽനിന്നു മറഞ്ഞു. അന്നുമുതൽ ആൾപാർപ്പില്ലാതെ നാശം പ്രാപിച്ചുതുടങ്ങിയ ആ ഭവനവും ചന്ത്രക്കാറന്റെ പാദാരവിന്ദങ്ങളെ ശരണംപ്രാപിച്ചു. ഈ ഭവനത്തിലെ പടിഞ്ഞാറേക്കെട്ട് കുട്ടിക്കോന്തിശ്ശന്റെ പൂജാസ്ഥലമായ തുറക്കാത്ത മുറികളും ആൾ കയറാത്ത മച്ചും ആൾ ഇറങ്ങാത്ത കല്ലറകളും ചേർന്നുള്ളതായ തായ്പുരയായിരുന്നു. പടിഞ്ഞാറേ കെട്ടിനേയും അതിലെ നിലവറയേയും തുറക്കുന്നതിനോ പരിശോധിക്കുന്നതിനോ, കുട്ടിക്കോന്തിശ്ശനെ തന്റെ വൻകണ്ണുകൾതന്നെ കണ്ടിരുന്നതുകൊണ്ട് അപ്രത്യക്ഷചാമുണ്ഡിയെ കൂസാതെ കുടിയിളക്കിയ ചന്ത്രക്കാറനും ധൈര്യപ്പെട്ടില്ല.

ചാമുണ്ഡിക്കാവിൽവച്ച് ചന്ത്രക്കാറന് ഉന്മാദം ജനിപ്പിച്ചതായ ബാലികാരത്നം ചേർന്നിരുന്ന സംഘക്കാർ കുട്ടിക്കോന്തിശ്ശനോടുകൂടി പുറപ്പെട്ട സംഘം വർദ്ധിച്ചതിൽ ശേഷിച്ച അദ്ദേഹത്തിന്റെ ഭാര്യ ത്രിപുരസുന്ദരി എന്ന കഴക്കൂട്ടംഭവനത്തിലെ പ്രച്ഛന്നയായ സന്താനവല്ലിയും, അവരുടെ ദൗഹിത്രിയും, ബാല്യം മുതൽ ത്രിപുരസുന്ദരിഅമ്മയെ സേവിച്ചുനടന്നിട്ടുള്ള ഭൃത്യനും ആയിരുന്നു. അവരുടെ ഗൃഹം പണ്ടാരവകയായിച്ചേർന്നതിനാലും ക്ഷേത്രം ഉപേക്ഷയാലും നശിച്ചുപോയതായി കണ്ടു കേണുതുടങ്ങിയ വൃദ്ധയെ ചന്ത്രക്കാറൻ തന്റെ മോഹകേന്ദ്രമായ നിധിയെ പ്രാപിപ്പാനുള്ള സോപാനമെന്നു കരുതി, സാഹസികനായ കുപ്പശ്ശാരിൽനിന്നുണ്ടായ അവമതിയെ മറന്ന് മന്ത്രക്കൂടത്തുഭവനത്തിൽ പാർപ്പിച്ചു. ഉഗ്രദേവതാസാന്നിദ്ധ്യമുള്ള ക്ഷേത്രങ്ങളിലെന്നപോലെ, ഐഹികമായുള്ള ഭോഗകാംക്ഷകളെ വർജ്ജിച്ച്, പരിശുദ്ധചിന്തകളോടുകൂടി മാത്രം ചരിക്കേണ്ടതായ മന്ത്രക്കൂടത്തുഭവനം, ചന്ത്രക്കാറന്റെ മനസ്സിൽ അംബികാഭ്രമത്തെ അങ്കുരിപ്പിച്ച ആ ബാലികയുടെ പ്രവേശനത്തോടുകൂടി അനംഗചാപല്യങ്ങൾക്ക് ഒരു രംഗമായിത്തീർന്നു. സമീപവാസികളിൽ വൃദ്ധയുടെ സമകാലീനരായുള്ളവർ ആ സ്ത്രീയുടെ തത്വത്തെ അറിഞ്ഞിരുന്നുവെങ്കിലും അനുകമ്പയോടും വിധിചക്രത്തിന്റെ ഗതിവിഗതികളെ ഓർത്ത് സഹതപിച്ചും, അവരുടെ അജ്ഞാതവാസത്തെ ലംഘിപ്പാൻ മുതിർന്നില്ല. മറ്റു ജനങ്ങൾ ‘ഇന്നെൻഭൃത്യജനത്തിലഗ്നി ചുടുമോ സൂര്യൻ തപിപ്പിക്കുമോ എന്നോണം പ്രതാപവാനായ ചന്ത്രക്കാറനെ ഭയന്ന് ആ സംഘത്തിന്റെ ചരിത്രത്തെ അന്വേഷിപ്പാൻ തല ഇട്ടില്ല. പ്രകൃത്യാ സ്ത്രീജിതനല്ലെങ്കിലും ‘അമ്മാളു’ എന്നു വിളിക്കപ്പെട്ടിരുന്ന മീനാക്ഷികുട്ടിഅമ്മയോട് സംഘടിച്ച ദിവസം മുതൽ ചന്ത്രക്കാറബ്രഹ്മജ്ഞനിൽ കാമബാണങ്ങൾ വിപൃഥുവിൽ പാർത്ഥാസ്ത്രംപോലെ മുറിവേൽപ്പിക്കാതെ ഏറ്റുതുടങ്ങി. അയാൾ അധികമായ കുളിയും കുറിതൊടലും ശുഭ്രവസ്ത്രധാരണവും ആരംഭിച്ചു; ഗർജ്ജനങ്ങളെ അൽപം മൃദുലങ്ങളാക്കി; മണ്ഡൂകയാനത്തെ ഉപേക്ഷിച്ച് ഗജഗമനത്തെ അനുവർത്തിച്ചു; നേത്രത്തുറിപ്പുകളെ ശാന്തമാക്കാൻവേണ്ടി വിശേഷരസപൂർണ്ണമായ ഒരു ഇമയാട്ടവും അഭ്യസിച്ചു. അർക്കൻ ഒന്നുദിച്ച് അസ്തമിക്കുന്നതിനിടയിലുള്ള നാഴിക ഓരോന്നും ചന്ത്രക്കാറന്റെ മന്ത്രക്കൂടത്തേക്കുള്ള ഓരോ യാത്രയെ ദർശനംചെയ്തു. സാപത്ന്യദുരിതം അനുഭവിക്കേണ്ടിവന്നാലും ഈ ഓരോ യാത്രയും ആപ്തവിജയമായി പരിണമിച്ച്, ഭർത്താവിന്റെ ഹൃദയം മനുഷ്യാർദ്രമാകട്ടെ എന്ന് പാചകശാലാപരദൈവമായ ചന്ത്രക്കാരി, ആ കുലീനയുടെ ഓജശ്ശൂന്യമാക്കപ്പെട്ട ആത്മാവുകൊണ്ടു പ്രാർത്ഥിച്ചു. ഹരിപഞ്ചാനനയോഗീശ്വരന്റെ അടുത്ത ദിവസമുള്ള എഴുന്നള്ളത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്യുന്ന തകൃതികൾക്കിടയിലും, ചന്ത്രക്കാറൻ മന്ത്രക്കൂടത്തു നാലുകെട്ടിനകത്ത്, വൃദ്ധയ്ക്ക് കണിയായിട്ടെന്നപോലെ അതി രാവിലെ പൂർണ്ണചന്ദ്രോദയം ചെയ്തു. മാതാമഹിയുടെ ശയ്യയിൽ ഇരുന്നിരുന്ന ബാലിക എഴുന്നേറ്റു മാറിനിന്നു. സ്വാശ്രിതലോകത്തിന്റെ ഹിതനിയന്താവായ ചന്ത്രക്കാറൻ താൻ അടുത്തദിവസം നടത്താൻപോകുന്ന മഹോത്സവത്തിൽ സ്വാതിഥികൾ ഭാഗഭാക്കുകളാകേണ്ടതിലേക്ക് താൻ തയ്യാറാക്കീട്ടുള്ള ഒരു കാര്യപരിപാടി അവരെ കേൾപ്പിച്ചു. “ഒദയത്തിനുനുമ്പ്, കുളിച്ചൊരുങ്ങി അങ്ങെത്തണം. നടയിൽനിന്ന് സാമീടെ എഴുന്നള്ളത്തു ദൂരേന്നു കാണാം. ധീവാരാണ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/40&oldid=158535" എന്ന താളിൽനിന്ന് ശേഖരിച്ചത്