Jump to content

താൾ:Dharmaraja.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഊക്കോടു പിടിച്ചു തള്ളീട്ട് കേശവപിള്ള പകടശാല[1]യിലേക്കും വാതലിനെ വലിച്ചു ചാരിക്കൊണ്ട് മാമാവെങ്കിടൻ തന്റെ യാത്രയ്ക്ക് സ്വന്തം ചില ഏർപ്പാടുകൾ ചെയ്‌വാനും തിരിച്ചു. പത്തായത്തിനടിയിൽക്കൂടി മാമാവെങ്കിടന്റെ അഭിനയങ്ങളെ കണ്ടപ്പോഴുണ്ടായ ചിരിയെ അമർത്തുന്നതിന് ടിപ്പുവിന്റെ ആക്രമണത്തെ തടയുവാനുണ്ടായതിലും അധികം വൈഷമ്യം മഹാരാജാവിനു നേരിട്ടു. അന്നുതന്നെ മാമാവെങ്കിടന്റെ മകന് പകടശ്ശാലയിൽ ഏഴു പണവും മാമന് അഞ്ചുപറ നെല്ല് ഉടമയിൽ കൂടുതലും പതിഞ്ഞു. ഈ ഭാഗ്യത്തെക്കുറിച്ച് ആ ബ്രാഹ്മണൻ കേട്ടപ്പോൾ കേശവപിള്ളയോടന്നുണ്ടായ കൂടിക്കാഴ്ചയുടെ ഫലമെന്ന് അയാൾ വ്യാഖ്യാനിച്ചു. അണ്ണാവയ്യനെക്കുറിച്ച് മാമൻ ചെയ്ത പ്രസ്താവനകൾ കേട്ടപ്പോൾ സ്വപ്നവിഭ്രമമോ എന്നു മഹാരാജാവ് അത്യാശ്ചര്യപ്പെട്ടു എങ്കിലും, തന്റെ ചാരന്മാരും തോല്ക്കുന്ന സംഗതിയിൽ കേശവപിള്ളയുടെ ദൃഷ്ടി എത്തുന്നതിനെക്കുറിച്ച് സന്തോഷിച്ചു. യാദൃച്ഛികമായി കിട്ടിയ ആ അറിവിന്മേൽ യാതൊരു ക്രിയയ്ക്കും പുറപ്പെടാതെ, തന്റെ ബുദ്ധിമാനായ സേവകൻ കൈയേറ്റ് നിർവഹിക്കുന്ന അന്വേഷണത്തെ പര്യവസാനം വരെ അയാൾ തുടരട്ടെ എന്നുള്ള നിശ്ചയത്തെക്കൊണ്ട് അവിടത്തെ തൽക്കാലചിന്തകളെ സമാപിപ്പിച്ചു. മാമനെ ഭരമേല്പിച്ച ദൗത്യം ഫലപ്രാപ്തമായില്ലെങ്കിലും അപകടത്തിൽ പര്യവസാനിക്കാതെ കഴിയണേ എന്ന് ഒരു പ്രാർത്ഥനയും അവിടത്തെ അകക്കാമ്പിൽനിന്നു വാർന്നു.


അദ്ധ്യായം അഞ്ച്


"സാദരം നീ ചൊന്നൊരു മൊഴിയിതു, സാധുവല്ല കുമതേ!
ഖേദമിതിനുടയ വിവരമിതറിക നീ, കേവലം പരനാരിയിൽ മോഹം."


മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹാരാജാവിനെ അറിയിച്ചു. ആ വൃത്താന്തം അറിഞ്ഞിരുന്ന മഹാരാജാവ് മുഖത്തിൽ വിശേഷസ്തോഭമൊന്നും കൂടാതെ അതിനെ ശ്രവിച്ചതിന്റെ ശേഷം, യുവരാജാവിന്റെ കുശലങ്ങളെപ്പറ്റി പൊതുവായും, സംസ്കൃതപാഠങ്ങളെക്കുറിച്ച് പ്രത്യേകമായും ചിലതെല്ലാം ചോദിച്ച് ചില സമ്മാനങ്ങളും അണ്ണാവയ്യന്റെ സംഗതി മറ്റാരും അറിയരുതെന്ന് കല്പനയും നല്കി രാജകുമാരനെ അയച്ചു. ഈ സമയത്ത് ചിലമ്പിനേത്തുഭവനത്തിന്റെ അടുത്ത് തെക്കുവശമുള്ള ഒരു നാലുകെട്ടിൽ ഗൃഹസ്ഥജീവിതത്തെ പരമാനന്ദപരിപൂർണ്ണമാക്കിത്തീർക്കുന്ന വിവാഹക്രിയയ്ക്ക് അവശ്യം വേണ്ടതായ ഒരു മനപ്പൊരുത്തപരീക്ഷ നടന്നുകൊണ്ടിരുന്നു. ഇവിടെ ശ്രീപത്മനാഭസേവിനി (ഈ സ്ഥാനം അന്നു സ്വീകരിക്കപ്പെട്ടിരുന്നില്ല) വഞ്ചിധർമ്മസംവർദ്ധിനി രാജരാജേശ്വരി ഉമയമ്മമഹാരാജ്ഞിയാൽ സൽകൃതനും വിശ്രുതധീരനും ശസ്ത്രാസ്ത്രവിദഗ്ദ്ധനും ആയിരുന്ന കോട്ടയത്തു കേരളവർമ്മതമ്പുരാന്റെ അനുചരനായി വന്നിരുന്ന ഒരു വിക്രാന്തയോദ്ധാവിന്റെ ഭാഗിനേയൻ കുട്ടിക്കോന്തിഅച്ഛൻ എന്നൊരു ഉഗ്രപുരുഷൻ മുമ്പു താമസിച്ചിരുന്നു. ഇദ്ദേഹം ആഴുവാഞ്ചേരി കാട്ടുമാടത്ത്, പാമ്പുമേക്കാട്, ചേന്ന(മംഗലം)ത്ത്, മറ്റപ്പള്ളി മുതലായ വിശ്രുത മലയാളബ്രാഹ്മണരുടെ ഇല്ലപ്പേരുകളിൽ അന്തർഭവിച്ചുള്ള മന്ത്രതന്ത്രാദിശക്തികളുടെ ഒരു സംഗ്രഹവും; നരസിംഹോപാസനം, ഹനുമൽസേവനം, രാജരാജേശ്വരിഭജനം എന്നീ അനുഷ്ഠാനങ്ങളാൽ പ്രസിദ്ധിയെ പ്രാപിച്ചവനും, വിശിഷ്യ വേട്ടയ്ക്കൊരുമകൻ എന്ന കിരാതാംശകമൂർത്തിയുടെ പ്രത്യേകോപാസകനും കലിയുഗസിദ്ധമല്ലാത്ത ധനുർവേദത്തിന്റെ പ്രാന്തദർശനം എങ്ങനയോ സിദ്ധിച്ച ശത്രുജേതാവും ആയിരുന്നുവെന്നു കേൾവിയുണ്ട്. ഒടുവിൽ കണ്ഠച്ഛേദം ചെയ്യപ്പെട്ട കഴക്കൂട്ടത്തുപിള്ളയുടെ ജ്യേഷ്ഠസഹോദരിയെ കുട്ടിക്കോന്തിശ്ശൻ പരിണയിച്ച്, തന്റെ ശുദ്ധമായ ഏകാന്തവാസക്കാലത്ത് മന്ത്രക്കൂടത്ത് എന്ന് അദ്ദേഹം പേരിട്ട നാലുകെട്ടിൽ കഴിച്ച്, ബ്രാഹ്മണപരിചര്യയോടുകൂടി തന്റെ തേവാരാദികൾ നടത്തിവന്നിരുന്നു. ഈ മഹാമാന്ത്രികൻ ഗാത്രലാവണ്യപ്രഭാവങ്ങൾകൊണ്ട് ദേവരാജതുല്യനായിരുന്നെങ്കിലും,


  1. സർവ്വാധിക്കാര്യക്കാരുടെ ആഫീസ്
"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/39&oldid=158533" എന്ന താളിൽനിന്ന് ശേഖരിച്ചത്