ൽ, അത്യുച്ഛത്തിൽ) "ഭോഗീന്ദ്രഭോഗശയനം ഭുവനൈകനാഥം' കേൾക്കട്ടുമേൻ—അങ്കേ—പെരിയരാശാതാൻ കേൾക്കട്ടും. അവരുടെ കൃതിതാനേ മാമൻ പാടറതെല്ലാം."
കേശവപിള്ള: "ഇതെന്തു നാശം! ചെവിതരാഞ്ഞാൽ കാര്യം എങ്ങനെ പറയും? വായേ ഉള്ളു. അതുകൊണ്ട് കൂപ്പിടാനെ കോപ്പുള്ളു."
മാമാവെങ്കിടൻ: (കേൾക്കാത്ത ഭാവത്തിൽ സ്വകാര്യമന്ത്രമായി) "കൊഞ്ചം മലർപ്പൊടി സാപ്പട്—"
കേശവപിള്ള: (അക്ഷമനായി) "അതല്ലാ ഇപ്പോഴത്തെ ആവശ്യം."
മാമാവെങ്കിടൻ: (വാ മാത്രമേയുള്ളു എന്ന് മുമ്പുണ്ടായ ആക്ഷേപത്തിനു പ്രത്യാക്ഷേപമായി) "ഒനക്ക് വായ്, കീയ്, വയർ, കിയർ ഒരെളവുമില്ലൈ. ഇതോ, ഇന്ത ഡാപ്പെക്കേൾ അഷ്ടവൈദ്യർക്കും തെരിയാത്ത യോഗം. പഞ്ചസാരപ്പൊടി ഇതൊ ഇവളവ്, ശീനക്കൽക്കണ്ട് കൈയ്യൊണ്ണ്, പൂനാക്കുങ്കുമപ്പൂ നുള്ളു രെണ്ട്, അറബിപ്പനിനീർ തുടം മുക്കാൽ, നമ്മ നാട്ടേലത്തരി പനിരെണ്ട്, തോവാഴ ഇലമിച്ചം പഴച്ചാറിലേ,— വേണമെന്നാൽ കൊഞ്ചം കരമനയാത്തു ജലവും—ശേർത്ത്; കലഞ്ചു, കുടിച്ചുണ്ടാക്കാൽ, 'സുരഭിലകുസുമൈർ വിരാജമാനം'— അപ്പടി, നവരസം വഴിഞ്ഞൂണ്ടേ ഇരിപ്പാൻ!"
കേശവപിള്ള: "തിന്നാനും കുടിപ്പാനുമല്ലാ ഞാനിപ്പോൾ വന്നത്. തിരുമനസ്സിലെ ഒരു കാര്യത്തിനാണ്."
മാമാവെങ്കിടൻ: "ആമാമാ? രാശാക്കാര്യമാ? പോച്ചൊല്ല്! അമ്പതുവർഷമാച്ച് സേവിക്കിറേൻ. പത്തുപറ നെല്ലുടമൈ— വീരശങ്കിലി തന്തുട്ടിതാ?"
കേശവപിള്ള: "മാമന്റെ തലമുതൽ ഉള്ളങ്കാലുവരെ പന്തിരുക്കോൽ ചുറ്റിൽപ്പക്കം, ഇടപ്പക്കം, കൊച്ചുമഠപ്പള്ളി, തേവാരപ്പുര, ഹോമപ്പുര കളരി, മാർത്താണ്ഡമഠം, സാക്ഷി, മൃഷ്ടാന്നം, ഗണപതി ഹോമപ്പുര ഈ സ്ഥലങ്ങളിലെ ചോറൂറ്റം എവിടെവിടെ എന്ന് ഞാൻ യമപടംപോലെ കാണിക്കാം."
മാമാവെങ്കിടൻ: "'കേശവ വദ തവ വചസാ മാമക ചേതസി മോദം വളരുന്നധികം' അടെ! വിളയാട്ടുക്കു ശൊന്നതെല്ലാം കാര്യമായെടാതെ. രാശാവിടത്തിൽ ചൊല്ലൂടാതെ—കെടുത്തൂടാതും പിള്ളായ്! എന്നപ്പൻ സർവാധിയാനാൽ എൻപിള്ളൈകാര്യത്തെയും വിശാരിച്ചുക്കൊ— വെങ്കിടൻ മണ്ണുക്കടിയിലെ പോയ്‌വിടുവാൻ അവനെ പാട്ടുക്കും കൂപ്പാട്ടുക്കും പലഹാരത്തൂക്കും വിടാതെ. ഒംകൂടി എഴുതുറാനെ? എങ്കെയാവതു കൈതാങ്കി ശാപ്പാട്ടുക്കു വഴി കൊടുത്തുവിട്. ഹരി! ഹരി! കേശവപിള്ളയ്ക്കു മാമന്റെ സമറാഴ്യമല്ലിയോ കാണണം? പരീക്ഷിച്ചുകൊള്ളു. രാജാ, അന്നദാനപ്രഭു കാര്യം —കേശവപിള്ളയുടെ നിർദേശം—മാമാവെങ്കിടൻ ത്രിലോകസ്വർഗ്ഗങ്ങളെ പൊടിപെടുക്കൂല്ലിയോ? ശൊല്ലു—കാര്യത്തെ അല്ലാം ശൊല്ല്—മൂണ്ണു ശെവിയാലെ കേൾക്കിറേൻ."
കേശവപിള്ള: "മാമൻ ചിലമ്പിനേത്ത് ചന്ത്രക്കാറൻ എന്നൊരാളെ കേട്ടിട്ടുണ്ടോ?"
മാമാവെങ്കിടൻ: "കേട്ടിട്ടുണ്ടോന്നൊ? ആ അറ്റകെയ്ക്കുപ്പിടാപ്പുണ്യവാളനെ അറിയുമെന്നോ? ഓഹോ! 'ഞാനറിയുമെന്നല്ലവൻ നൂനമെന്നെയുമറിയും'"
കേശവപിള്ള: "അവിടെ നാളെ കാലത്ത് ഹരിപഞ്ചാനനസ്വാമി പോകുന്നുണ്ട്."
മാമാവെങ്കിടൻ: "അന്ത ധൂമകേതുവാ? ആനാൽ കലിപുഷ്കരരാച്ച്! ഉത്സാഹിനാഥകലിനാ"
കേശവപിള്ള: "ഉറച്ചുകിടന്ന് വിളിക്കരുതെന്റെ മാമാ—"
മാമാവെങ്കിടൻ: (അട്ടഹാസം ചെയ്യുംവണ്ണം—യോഗീശ്വരനെ ഭത്സിച്ചും) "ജാതിയിന്നതെന്നിവനറിഞ്ഞിട്ടുണ്ടോ" (കേശവപിള്ള വാ പിടിച്ചമർത്തി വിട്ട ഉടനെ) "ജാതിധർമ്മമിവനിന്നതെന്നുമുണ്ടോ" (കേശവപിള്ള ദേഷ്യത്തോടുകൂടി മാമാവെങ്കിടനെ പിടിച്ചുകുലുക്കി) "ഇന്നു