ധരിച്ച് മുട്ടോളംമാത്രം എത്തുന്ന വാൽക്കുറിത്തോർത്തുമുണ്ട്, സാഹസികത്വം, പ്രമാണിത്വം, കൂക്കുവിളി എന്നിവകളോടുകൂടിയ പലഹാരപ്പുര മൂത്തണ്ണാവി; തലയോടു ചേർത്ത് ഇറുക്കിക്കെട്ടിയ കുടുമ, ചന്ദനഗോപി, നിലത്തിഴയുന്നതും കുടവയറ്റിൽ വച്ചുടുത്തതുമായ കോട്ടാറൻ ഇരട്ടാപ്പാവുമുണ്ട്, വലിയ തീയൻകല്ലുകൾ വച്ച കടുക്കൻ ജോടി, ഊക്കൻ ഉരുട്ടുമോതിരക്കൂട്ടം, പാവുമുണ്ടുകളുടെ മീതെ ധരിച്ചുള്ള സ്വർണ്ണകുത്തരഞ്ഞാണം, ശൃഗാരക്കുഴമ്പത്വം, കാഹളകണ്ഠത്വം, പ്രഹാരദാതൃത്വം എന്നിവകളോടുകൂടിയ കഥകളിഭാഗവതർ; മദ്ധ്യത്തിൽ കെട്ടോടുകൂടിയ കുടുമ, മുരിങ്ങയ്ക്കാ ഭസ്മക്കുറി, നെറ്റിയിൽ പതിച്ച ചന്ദന ഉരുള, ചെവിക്കിടയിൽ തുളസി, രുദ്രാക്ഷക്കടുക്കൻ, വേണ്ടിവന്നാൽ പണയംവയ്ക്കുന്നതിന് ഒന്നോ രണ്ടോ മോതിരം, നാഭിചുറ്റി ഉടുത്ത് മുട്ടിന് ഒരു ചാൺ താഴെ എത്തുന്ന പാണ്ടിക്കട്ടിമുണ്ട്, കക്ഷത്തിൽ മടക്കുപുടവ, വലിയ ഓലക്കുട, മുറുക്കാൻപൊതി, ചതയൻ പാക്കുവെട്ടി, സർവ്വത്രഗുണദോഷകഥനം, 'നാഴികതികച്ചൊരുനാൾ— വാഴുവേനല്ലൊരേടത്തും' എന്നു സമ്മതിച്ച ബ്രഹ്മജ്ഞാനിവര്യന്റെ സഞ്ചാരിത്വം, എന്നിവകളോടുകൂടിയ സമുദായാംഗം—ഇത്യാദി ഭാവഭേദങ്ങൾ അയാളെ അപരിജ്ഞേയനാക്കാതെ പരിചിതലോകത്തിന് 'ശുദ്ധസ്ഫടികസങ്കാശൻ' എന്ന് വിഷമംകൂടാതെ ഗ്രഹിപ്പിപ്പാൻ ഒരു ടീകയായി ഉപയോഗപ്പെട്ടു. മാമാവെങ്കിടന് അറുപതിൽപ്പരം വയസ്സുണ്ടെങ്കിലും ദേഹശക്തി, ഉത്സാഹശീലം, സരസവചനത്വം, മനോലാളിത്യം എന്നിവകളോർക്കുമ്പോൾ, അയാൾ ബാല്യാവസ്ഥയിൽനിന്നും യൗവനപ്പടിയിലേക്കു കയറ്റത്തിന് അപേക്ഷ ബോധിപ്പിച്ച് തീർച്ചയെ പ്രതീക്ഷിച്ചു നിൽക്കുന്നതേയുള്ളു എന്നു തോന്നിപ്പോകും.
നീട്ടെഴുത്തു കേശവപിള്ള ഈ ബ്രാഹ്മണന്റെ നിത്യപൂജാമൂർത്തികളിൽ ഒന്നായിരുന്നു. ആ യുവാവിന്റെ ആകൃതിഗുണങ്ങളേയും ബുദ്ധിവിശേഷങ്ങളേയും സ്തുതിക്കുന്നത് സർവ്വലോകബന്ധുവായ ആ ബ്രാഹ്മണന്റെ മാദ്ധ്യാഹ്നികാനുഷ്ഠാനമായിരുന്നു. തന്റെ ഉദ്യോഗശാലയുടെ ഗോപുരപാലകനായി നില്ക്കുന്ന കേശവപിള്ളയെ മാമൻ കണ്ടയുടനെ 'ലീലഗോപകുമാരഹരേ' എന്നും, പിന്നീട് അടുത്തുചെന്ന് ആ യുവാവിന്റെ തലയിലും തോളിലും തലോടിക്കൊണ്ട്, 'വദനസുധാകരകലിതാമൃതരസ' എന്നും ഗാനംചെയ്തു.
കേശവപിള്ള: "ഇങ്ങ് അകത്തുകേറണം. പാടേണ്ട കാലമല്ലിത്. അടിയന്ത്രത്തിൽ ഒരു സ്വകാര്യം പറവാനുണ്ട്. ഈ വാതിലിങ്ങനെ തുറന്നിട്ടിരുന്നാൽ കണ്ടവർ കേറി, പൊന്നുതമ്പുരാന്റെ മുതലിനെ കൊണ്ടുപോകൂല്ലയോ? അതുകൊണ്ട് മാമനു ചേതമില്ലെന്നായിരിക്കാം?"
മാമാവെങ്കിടൻ: (വലതുകരത്തിലെ ചൂണ്ടുവിരൽ നീട്ടി. അങ്ങനെ ഒരു ക്രിയ നടക്കുക അസാദ്ധ്യമെന്നു കാണിച്ച്) "ഏറിനാക്കാൽ 'ദുശ്ശാസനന്റെ രുധിരം' താനിങ്കൈ" (ദാനശീലത്തെ അഭിനയിച്ച് രണ്ടു കൈകളും മലർത്തിനീട്ടി) "കൊണ്ടുപോട്ടുമപ്പേൻ—രാശാ മുതൽ താനേ—എല്ലോരും ശാപ്പടട്ടും. നിറയെ ശാപ്പടട്ടും. എങ്കപ്പൻ വീട്ടുമുതലാ? രാശാ, രാജ്യത്തുക്കേ തോപ്പനാരാച്ചേ— കൊഴന്തകൾ കൊണ്ടുപോകട്ടും —കളവാണ്ട ഇങ്കെ ഏറ്റതാ? അതു നടവാത്—അന്തയവൻ—പിഴച്ചിത്! അടെ! രാശാ താനിങ്കൈ ഏറുവാനാ?" (വാ തുറന്ന് കബന്ധനാട്യത്തോടുകൂടി "വിഴുങ്ഗിടുവൻ—ഒരേ വിഴുങ്ഗ്! രാശാ, കീശാ, എല്ലാം മാമൻകിട്ടെ, 'ഗോത്രനാഥന്മാരെല്ലാരും, അത്ര വന്നു വണങ്ങുന്നു' —അപ്പടിയാക്കും. പെരിയ രാശാ, ഇന്തൈളിയിലെ വളന്തവർതാനേ? വിലേ, ഒനക്കൊരു മണ്ണും പഴങ്കഥൈ തെരിയാത്—കോപപ്പെടാതും, ഉസ്സീ! ഒന്നുടെ കാര്യത്തെ ശൊല്ലിമാട്ട് — വെടിയും മുന്നേ ശൊല്ല് — എന്ത ഉർവ്വശി? എന്ത മേനകൈ, രംഭൈ, തിലോത്തമൈ? എൻ കുഴന്തയ്ക്കു നാലുമിതുക്കട്ടും പിള്ളായ്—എവളവാനാലും നമ്മാൾക്കു ധർമ്മദാരംഗങ്ങൾതാനേ?"
കേശവപിള്ള: "ആട്ടപ്പാട്ടു വിളിക്കുംപോലെ കുപ്പാടുകൂടാതെ വർത്തമാനം പറയണം, മാമാ. അതിസ്വകാര്യമായിട്ടുള്ള ഒരു കാര്യം പറവാനുണ്ട്. മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണ് മാമന്റെ അടുത്തു വന്നത്—കിടന്നുവിളിച്ചാൽ എഴുന്നള്ളിയിരിക്കുന്നിടത്തും കേൾക്കും."
മാമാവെങ്കിടൻ: (ഗായകനായ തന്റെ ശബ്ദം ധിക്കരിക്കപ്പെട്ടതിനാലുണ്ടായ നീരസത്താ