Jump to content

താൾ:Dharmaraja.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ധരിപ്പിക്കുന്നു. ദുരാപത്തുകൾ നീങ്ങി എന്ന് ധീമനായ മഹാരാജാവും സ്വസ്ഥചിത്തനായി വർത്തിക്കുന്നു. അഹോ! കഷ്ടം! അടുത്ത സൂര്യോദയം — പ്രഭോ രാജകുമാരാ! നമ്മെ ധർമ്മപ്രചാരത്തിന്റെ കാംക്ഷയല്ലാതെ മറ്റെന്തു പ്രേരണംചെയ്യുന്നു? ആപത്തിന്റെ ഉദയം ഏറ്റവും അടുത്തിരിക്കുന്നു. മഹാ കഷ്ടം! ശ്രീകാശീവിശ്വനാഥോ രക്ഷതു!"

രാജകുമാരന്റെ മുഖത്ത് അസന്തോഷച്ഛായ പ്രസരിച്ച് അവിടുത്തെ സൂക്ഷ്മപ്രകൃതത്തെ പ്രദർശിപ്പിച്ചുതുടങ്ങി. ഹരിപഞ്ചാനനൻ രാജ്യകാര്യങ്ങളെക്കുറിച്ച് ഉപദേശിപ്പാൻ ധൈര്യപ്പെട്ടത് അവിഹിതമെന്ന് അവിടുത്തേക്കു തോന്നി, മഞ്ചത്തിൽനിന്നിറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആ യോഗിയാകട്ടെ അപമാനിതനായ ഗുരുവിന്റെ ഗൗരവഭാവത്തോടുകൂടി പീഠത്തിന്മേൽ ഇരുന്ന് ഒന്നു പുളഞ്ഞ്, പുഷ്പമിത്രസുംഗൻ, വൃഷലൻ എന്നിത്യാദി രാജഭൃത്യന്മാർ സ്വസ്വാമിനിഗ്രഹവും കിരീടധാരണവും ചെയ്തിട്ടുള്ള കഥകളെ പ്രഖ്യാപനംചെയ്തു. കേശവപിള്ള പോക്കുമൂസാവർത്തകന്റെ ആശ്രിതനാകയാൽ ഹൈദരുടെ ചാരനാണെന്ന് അദ്ദേഹം വാദിച്ചു. ഹൈദർ, മൈസൂർരാജകുടുംബത്തെ സിംഹാസനഭ്രഷ്ടമാക്കിയതുപോലെ കേശവപിള്ള ഒരു കടുങ്കൈ നോക്കിയേക്കാമെന്നു ബലമായ സൂചകത്തെ ഊന്നി ഉറപ്പിച്ചു; ഈ അഭിപ്രായം മഹാരാജാവും ധരിക്കേണ്ടതാണെന്ന് ഉപദേശിച്ചു. തനിക്ക് ഗംഗാപ്രാന്തങ്ങളിൽ നദീജലകണവാഹിയായുള്ള വാതത്താൽ ശീതളമാക്കപ്പെട്ട ഏകാന്തവനതലങ്ങൾ സുഖവാസദേശങ്ങളായി ഉണ്ടെന്നു പ്രസ്താവിച്ച് യാത്രയാരംഭിക്കയുംചെയ്തു. ബാലനായ രാജകുമാരൻ അല്പനേരത്തേക്കു കുഴങ്ങി. ഹരിപഞ്ചാനനന്റെ കരത്തെ ഗ്രഹിച്ച് തനിക്ക് എന്തോ സംശയ നിവൃത്തി വരാനുണ്ടെന്നും അതിലേക്ക് കുറച്ചുകൂടി സ്ഫുടമായ അറിവുകിട്ടണമെന്നും ഉള്ള ഭാവത്തിൽ യോഗീശ്വരന്റെ മാർഗ്ഗത്തെ നിരോധിച്ചു നിന്നു. യോഗീശ്വരന്റെ അകൃതി ഒന്നുവളർന്ന്, ധ്രുവ രാജകുമാരനെ സാക്ഷാൽ മഹാവിഷ്ണു എന്നപോലെ അദ്ദേഹം സ്വഹസ്തത്താൽ രാജകുമാരനെ തൊട്ടനുഗ്രഹിച്ചു തലോടുകയും നിസർഗ്ഗമായ വാങ്മാധുര്യപ്രവർഷത്തോടെ ഒരു രാജതന്ത്രോപദേശം ചെയ്കയും ചെയ്തു. ഏകച്ഛത്രാധിപനായ സാർവ്വഭൗമനോട് ദ്രോഹപ്രവൃത്തി തുടരുന്നവനെ കായവധം ചെയ്യാതെ തേജോവധം ചെയ്യേണ്ടതാണെന്ന്, ഒരു നവരാജധർമ്മോപനിഷത്ത്, ആ ക്രിയയുടെ അനുഷ്ഠാനപദ്ധതിസഹിതം അരുളിച്ചെയ്യപ്പെട്ടതു കേട്ടപ്പോൾ രാജകുമാരൻ വീണ്ടും മഞ്ചാസനത്തെ അവലംബിച്ചു. തന്റെ ഉപദേശാഭിചാരം നിഷ്ഫലമായില്ലെന്ന് ഹരിപഞ്ചാനനൻ സന്തോഷിച്ചു. ആ രാജകുമാരന്റെ അടുത്തണഞ്ഞ് കർണ്ണത്തിൽ സ്വകാര്യമായി, "അണ്ണാവയ്യൻ തിരുമ്പിവന്തിരിക്ക് – അവൻ എറന്തുപോകലെ— ഇന്ത വെടിയിറ രാത്രിയിലേയും അവനും കുമാരർ ഭക്തനായ കേശവപിള്ളൈ സുമന്ത്രരും സംഘടിത്താർ—ഹരോഹര! ഹരോഹര! എന്നതെല്ലാം തമാശാ കാണപ്പോകിറതോ? അംബികൈ—ഏന്നംബാ— രക്ഷിക്കട്ടും" എന്നു മന്ത്രിച്ചുകൊണ്ട് യോഗീശ്വരൻ തടിത്പ്രഭപോലെ മറഞ്ഞു.

യുവരാജയോഗീശ്വരന്മാരുടെ സംവാദത്തിനിടയിൽ വലിയ കൊട്ടാരത്തിനകത്തുതന്നെ മറ്റൊരു സംഭാഷണവും രാജ്യകാര്യസംബന്ധമായി നടന്നുകൊണ്ടിരുന്നു. ഗുരുശിഷ്യന്മാർ തമ്മിലുണ്ടായ സംഭാഷണത്തിന് സാക്ഷിയുണ്ടായിരുന്നില്ല. രണ്ടാമത്തെ സംഭാഷണത്തെ തിരുവിതാംകോട്ടുകാരുടെ ഹൃദയസാക്ഷിപ്രകാരം കളങ്കരാഹിത്യംകൊണ്ട് പ്രഥമഗണനീയനായ കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവുതന്നെ കേൾക്കുന്നതിനു സംഗതിയായി. ഈ മഹാരാജാവിനെ സംബന്ധിച്ച് പ്രജകളുടെയും ചരിത്രകാരന്മാരുടെയും ദേശസഞ്ചാരികളുടെയും അഭിപ്രായം ഐകകണ്ഠ്യേന സ്തോത്രപരിപൂർണ്ണമായിരിക്കുന്നു. മലിനരേഖാസങ്കലനം ഇല്ലാത്ത അവിടുത്തെ യശസ്സുതന്നെ അവിടുത്തെ അനസ്തമയമായ ഭാഗ്യമഹിമയെ പ്രഖ്യാപനംചെയ്യുന്നു. ക്രൗര്യം, കാപട്യം, വഞ്ചനം, ദ്വന്ദ്വവൃത്തി എന്നിത്യാദിയായ കുത്സിതവൃത്തികൾ അവിടുത്തേ ഭരണനയത്തിലാകട്ടെ ദിനചര്യയിലാകട്ടെ ലവലേശവും സംഗിച്ചിരുന്നില്ല. സകല ഹൃദയങ്ങളാലും ആർദ്രമായുള്ള ഭക്തിസ്നേഹങ്ങളുടെ പരിപൂർണ്ണതയോടുകൂടി അന്നും ഇന്നും എന്നും ആരാധനീയനാവാനുള്ള പുണ്യസമ്പത്തിനെ അവിടുത്തെ സുസ്ഥിരമായ ധർമ്മതൽപരത സമ്പാദിച്ചു. "ധർമ്മരാജാവ്" എന്ന ശാശ്വതവിഖ്യാതിയെ സമ്പാദിച്ച രാമവർമ്മമഹാരാജാവുതന്നെ അന്നത്തെ പ്രജാസഭയും അദ്ധ്യക്ഷനും

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/34&oldid=158528" എന്ന താളിൽനിന്ന് ശേഖരിച്ചത്