പ്രവഹിക്കുന്ന ആ യോഗീശ്വരന്റെ സങ്കീർത്തനധാര, ആശ്ചര്യരസംകൊണ്ടു വികസിക്കുന്ന മുഖകമലത്തോടുകൂടി ഉപധാനങ്ങളെ പരിരംഭണംചെയ്തുകൊണ്ട് സ്വമഞ്ചത്തിൽ ശയിക്കുന്ന രവിവർമ്മാഖ്യനായ യുവരാജകുമാരന്റെ നിദ്രാസക്തിയെ ദുരീകരിക്കുന്നു. ഈ രാജകുമാരൻ ‘സിംഹവിക്രമപരാക്രമനും’ ജ്യേഷ്ഠഭ്രാതാവിന്റെനേർക്കുള്ള ഭക്തിയിൽ ‘ഭരതസമാനനനും’ ആയിരുന്നു എന്നു കവികൾ കീർത്തിച്ചിട്ടുള്ളതുകൂടാതെ, മാർത്താണ്ഡവർമ്മമഹാരാജാവിന്റെ വീര്യസമഗ്രതയേയും അതിലംഘിച്ച്, അനന്തരകാലീനനായ വേലുത്തമ്പിദളവായുടെ ഭൂതദയാവിഹീനത്വമെന്നു ശങ്കിക്കാവുന്ന കഠിനമായ നീതിനിഷ്ഠയെ ഈ തരുണ വയസ്സിലും അനുവർത്തിച്ചിരുന്നു എന്നു കിംവദന്തിയും ഉണ്ട്. ഇവിടുന്നു സരസകലാംഗങ്ങളിൽ അഭിരുചിയും പടുതയും രസികജീവിതത്തിൽ പ്രസക്തിയും കഥാകാലമായ തന്റെ ഈ കൗമാരദശയിലും പ്രദർശിപ്പിച്ചിരുന്നു. മുഖംനോക്കാതെ പരേംഗിതങ്ങളെ നിരസിക്കുന്നതിൽ ഈ യുവരാജാവ് പ്രകടിപ്പിച്ചിരുന്ന സ്വാതന്ത്ര്യബുദ്ധി ദുഷ്കീർത്തിപര്യവസായികളായ മാർഗ്ഗങ്ങളിലേക്കു നയിക്കുന്ന യന്ത്രികളുടെ ദുരുപദേശങ്ങളിൽനിന്ന് അവിടുത്തെ രക്ഷിച്ചു. സ്വരാജ്യത്തിന്റെ ഐശ്വര്യത്തെയും കുടുംബത്തിന്റെ അഭിമാനത്തെയും സംരക്ഷിക്കയെന്നത് അവിടുത്തെ മുഖ്യദീക്ഷയായി അനുഷ്ഠിക്കപ്പെട്ടിരുന്നതിനാൽ മഹാരാജാവിന്റെ വിശ്വാസപാത്രങ്ങളായ കേശവപിള്ള മുതലായവരെ ആ നിലയിൽത്തന്നെ അവിടുന്നും വരിച്ചിരുന്നു.
അടുത്തദിവസം ഉദയത്തിനുമുമ്പ്, താൻ ചന്ത്രക്കാറന്റെ അതിഥിയായി ചിലമ്പിനേത്ത് എത്തുവാൻ നിശ്ചയിച്ചിട്ടുണ്ടെന്നു യാത്ര അറിയിച്ചിട്ട്, തിരുമാടമ്പോടടുത്ത പ്രായം മാത്രം ചെന്നിട്ടുള്ള ആ രാജകുമാരനോട് ഹരിപഞ്ചാനനഗുരുഭൂതൻ ചില കലിപ്രേരണങ്ങൾ തുടങ്ങി. സന്ദർഭവശാലെന്നുള്ള ഭാവത്തിൽ അനന്തമുദ്രമോതിരത്തിന്റെ സംഗതിയെക്കുറിച്ച് പ്രസ്താവം ആരംഭിക്കയും കേശവപിള്ളയുടെ പേരിനെ ആ പ്രസ്താവത്തോടു സംഘടിപ്പിക്കയും ചെയ്തു. യുവരാജാവിന്റെ മുഖം ആ ഉദയകാലത്തിനെ അർദ്ധാന്ധകാരത്തിലും മ്ലാനമായി കാണപ്പെട്ടു. തന്റെ ആത്മാവും കേശവപിള്ളയും വേറല്ലെന്നും. എന്നാൽ ശ്രീപത്മനാഭസ്വത്തായ വഞ്ചിരാജ്യത്തിന്റെ ഐശ്വര്യത്തെ കാംക്ഷിച്ചു മാത്രം താൻ മിത്രാമിത്രഭേദം കൂടാതെ ഒരു രാഷ്ട്രീയത്വത്തെ വദിക്കുന്നതാണെന്നും ഹരിപഞ്ചാനനൻ ഉപന്യസിച്ചു. എവരൊരുവനിൽ ധർമ്മസിദ്ധാന്തം, തീക്ഷ്ണബുദ്ധി, സ്ഥിരപ്രജ്ഞത, മരണധൈര്യം എന്നീ ഗുണഭാവങ്ങൾ അന്യാദൃശമായി കാണപ്പെടുന്നുവോ അവൻ രാജ്യത്തിന് അവശ്യം വേണ്ടതായ സന്ദർഭയുക്തോപായങ്ങളെ അനുവർത്തിക്കാതെ ധർമ്മവാദിത്വം കൊണ്ട് മഹാകാര്യങ്ങൾക്കു വിഘാതം വരുത്തിയേക്കാമെന്നും, ഇങ്ങനെയുള്ളവനെ രാജഹൃദയം ഗ്രഹിപ്പാൻ അനുവദിക്കുന്നതു രാജധർമ്മവിലോപത്തിൽ പരിണമിച്ചേക്കാമെന്നും ആ യോഗി പ്രമാണസഹിതം പ്രസംഗിച്ചു.
യുവരാജാവ്: “അവിടുന്ന് ഉള്ളിരിപ്പിൽ മാർത്താണ്ഡപ്പിള്ള സർവ്വാധികാര്യക്കാർ, ദളവാമാരായിരുന്ന ആറുമുഖംപിള്ള, രാമയ്യൻ, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള എന്നിവരുടെ കഥകൾ കേട്ടിട്ടില്ലേ? ഇപ്പോൾ പറഞ്ഞ ഗുണങ്ങളെല്ലാം അവർക്കുണ്ടായിരുന്നു. അവരും താണസ്ഥിതികളിൽനിന്ന്, അമ്മാവന്മാരെ സേവിച്ച്, വലിയ സ്ഥാനങ്ങളെ പ്രാപിച്ചു. അവരെപ്പോലെ കേശവനും—“
ഹരിപഞ്ചാനനൻ: “വത്സ! എന്തു ചോദ്യമാണിത്? നാം ഈ രാജ്യത്തിന്റെ ചരിത്രവും ഗ്രഹിച്ചിട്ടുണ്ട്. ആ മന്ത്രിമാർ നമ്മുടെ മതാനുയായികളായിരുന്നു. കേശവന്റെ കുടുംബം, മതം, അനുഷ്ഠാനങ്ങൾ, എന്തെന്നു അവിടുന്ന് അറിഞ്ഞിരിക്കുന്നോ? മഹമ്മദിയരുടേയും നവയവനന്മാരുടേയും ഇഷ്ടത്തെ അവൻ സമ്പാദിച്ചിരിക്കുന്നു. മിത്രഭാവത്തിൽ ശത്രുവായിത്തിരിഞ്ഞ് വഞ്ചന തുടങ്ങിയാൽ ഈ രാജ്യമെവിടെ? രാജശക്തിയെവിടെ? അഷ്ടഗ്രഹസ്ഥാനികൾ മൂർഖന്മാരായിരുന്നു. അവരുടെ ദർശനം ഇവിടത്തെ കുന്നുകളേയും മലകളേയും കവിഞ്ഞിരുന്നില്ല. അന്ധമായ പ്രതാപത്തെ ഇച്ഛിച്ചിരുന്ന അവർക്ക് മിത്രങ്ങളുടെ സ്വാധീനതയല്ലാതെ എന്തു ബലം? എന്തു സന്നാഹം ഉണ്ടായിരുന്നു? അവരുടെ ആയുധാഭ്യാസവും പരിചയവും അതിതുച്ഛമായിരുന്നില്ലേ? അവർക്കു ദുഷ്കരമായ കാര്യങ്ങൾ കേശവന് ക്ഷിപ്രസാദ്ധ്യങ്ങളല്ലേ? നമ്മുടെ ബുദ്ധിക്ക് ദൃശ്യമായതിനെ നാം ഇവിടെ