താൾ:Dharmaraja.djvu/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ത്രോപദേശപ്രാർത്ഥനകളും ചേർന്നപ്പോൾ, മഹാരാജാവിന് തമ്പിയുടെ സന്ദർശനമാകുന്ന പരമവൈഷമ്യത്തെ സഹിപ്പാൻ വേണ്ട പ്രഗത്ഭതയെ നല്കി.

മഹാരാജാവ്: (ഗൗരവഭാവത്തിൽ) “സ്വർഗം ചേർന്ന ഭാഗ്യവാന്മാരെകണ്ട കഥ പുറത്തു പറയരുത്. വലിയ രഹസ്യമാണത്. പുറത്തു പറഞ്ഞാൽ അനർത്ഥങ്ങൾ പലതുമുണ്ട്. തമ്പിയുടെ കാര്യം വേണ്ടപോലെ നാം ഏറ്റു—എല്ലാം ശരിയാകും." ഇങ്ങിനേയും മറ്റും അരുളിച്ചെയ്ത്, കുഞ്ചുത്തമ്പിയുടെ അഭിലാഷനേത്രങ്ങൾക്ക് ഐന്ദ്രപദമായുള്ള ‘കണക്കു തമ്പി ചെമ്പകരാമൻ’ എന്നുള്ള സ്ഥാനങ്ങൾക്ക് അദ്ദേഹത്തെ അവകാശിയാക്കി, ആ സായുജ്യസാലോകസാമീപ്യദാനങ്ങൾക്കുള്ള നീട്ടിനെ തൃക്കൈകൊണ്ടുതന്നെ, വൈഷ്ണവപ്രഭാപ്രസൃതവും, കോമളാനന്ദപരിപൂർണ്ണവും ആയുള്ള വദനത്തോടുകൂടി മഹാരാജാവ് നൽകി. തമ്പിയേയും അദ്ദേഹത്തിന്റെ പത്നിയേയും തുല്യസ്ഥാനികരാക്കി. തമ്പി അമൃതപ്രളയവർഷംകൊണ്ട് അഭിഷിക്തനായതുപോലെ, അകവും പുറവും കുളുർത്ത് ഹ്രസ്വഗാത്രനായി, സങ്കുചിത സർവ്വാംഗനായി താടിവെട്ടികിടുങ്ങുന്ന നാവുകൊണ്ട് തന്റെ ചാരിതാർത്ഥ്യത്തെ പുലമ്പി: “പൊന്നുതിരുമേനി. . . നൂറ്റിരുപതും പിന്നേം ചെന്നു. . . പേരും പെരുമയും ചേർന്ന് . . . നാട്ടാർക്ക്. . . തായും തകപ്പനുമായി. . . ശെൽവവും നിറശെൽവവും പെരുകി. . . എൺ‌തിശയും തുലങ്ക. . . ആണ്ടുരുള. . . മുമ്മൂർത്തിയും ഒരുമകൊണ്ട. . . മൂവുലകുടയ. . . താണു മലയപ്പെരുമാൾ അനുഗ്രഹിക്ക . . . അടിയൻ! അടിയൻ!”

*****************
"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/240&oldid=158517" എന്ന താളിൽനിന്ന് ശേഖരിച്ചത്