Jump to content

താൾ:Dharmaraja.djvu/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ദോഷിച്ചു. ഈ ഉപദേശം കളപ്രാക്കോട്ടത്തമ്പിയുടെ ഭടജനങ്ങളിലും ഫലിച്ചു. ഭൈരവൻ ഹരിപഞ്ചാനനസേവനത്തെ ഉപേക്ഷിച്ച വൃത്താന്തം അറിഞ്ഞപ്പോൾ, മരുത്വാന്മലയിലെ അവസ്ഥകളെ ആരായുവാൻ വൃദ്ധസിദ്ധൻ പുറപ്പെട്ട് ഭഗവതിയമ്മയോടു സംഘടിച്ചതായിരുന്നു. തിരുവനന്തപുരത്തു മടങ്ങിയെത്തി, കേശവപിള്ളയുടെ മടക്കത്തെ കാത്തു പാർത്ത് പക്കീർസായുടെ വേഷത്തിൽ നടക്കുമ്പോൾ, പടത്തലവർക്കു നേരിടുന്ന ആപത്തിനെക്കുറിച്ച് മാമാവെങ്കിടനിൽനിന്ന് അറിവു കിട്ടി. വൃദ്ധസിദ്ധൻ ഝടിതിയിൽ ഓടിയത് ആര്യശാലയിലുള്ള ഹരിപഞ്ചാനനവാടത്തിലേക്കായിരുന്നു. അവിടെ എത്തി, തന്റെ വൃദ്ധസിദ്ധവേഷത്തെ ധരിക്കുന്നതിനിടയിൽ, ദൈവാധീനവിശേഷംകൊണ്ട് ഹൈദർ നായിക് മഹാരാജാവിന്റെ മറുപടിക്കൽപന അവിടെ എത്തി. അദ്ദേഹത്തെ പരമോത്സാഹത്തിനും തൽക്കാലശ്രമത്തിൽ വിജയത്തിനും ശക്തനാക്കി.

പടത്തലവരുടെ പുത്രിയുടെ വിരഹദുഃഖശാന്തി ആ മഹതിയുടെ പ്രിയതമലബ്ധികൊണ്ടു പരിഹരിക്കപ്പെട്ട്, ചെമ്പകശ്ശേരിയിൽ ഒരു മഹോത്സവം ആയിരിക്കുന്നെങ്കിലും, ആ പ്രഭു അപനീതായുധനായതുകൊണ്ടോ പേക്ഷാവത്തുക്കളായ രണ്ടു തരുണന്മാർ അപനിയന്ത്രണംകൊണ്ട് കാപഥാനുയായികളായി അകാലദുർമ്മരണത്തെ തപിച്ചോ, പടത്തലവർ ക്ലാന്തമനസ്കനായി ഭവിച്ചു. ഉഗ്രശാന്തന്മാരുടെ ദേഹത്യാഗഭാരത്തെ മനസ്സിൽ വഹിച്ചുകൊണ്ടും, അദ്ദേഹം ഉണ്ണിത്താന്റെ അപേക്ഷാനുസാരം അടുത്തദിവസം ഉച്ചയോടുകൂടി മന്ത്രക്കൂടത്തെത്തി, തന്റെ വാഗ്ദത്താനുസാരം മീനാക്ഷിയുടെ സംരക്ഷണത്തെ ഭരമേറ്റ്, ശാന്തപഞ്ചാനനന്റെ പ്രാർത്ഥനാനുസാരം സഹോദരസ്ഥാനത്തിൽ, പുത്രകഥാപ്രസ്താവനകൂടാതെയും പൂർണ്ണബോധത്തോടുകൂടിയും ഭർത്തൃപാദസ്മരണവും ദേവീപദധ്യാനവുംചെയ്ത് ചരമഗതിയെ പ്രാപിച്ച സ്വസംബന്ധിയുടെ ഉദകക്രിയകൾ ചെയ്തു. മരണസംബന്ധമായുള്ള അടിയന്തരങ്ങൾ കഴിഞ്ഞ് പടത്തലവർ ചെമ്പകശ്ശേരിയിലേക്കു മടങ്ങിയപ്പോൾ മീനാക്ഷിയേയും ആ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

943–ാം കൊല്ലത്തിന്റെ ഉദയം ഒരു മഹാലോകബന്ധുവെ സാർവത്രികകാരണവത്വത്തിൽനിന്നു നിഷ്കാസനംചെയ്തു. അനന്തശയനപുരത്തിലെ ഗൃഹം ഓരോന്നും ‘മാമ’ എന്ന പ്രാജപത്യമഹാമുദ്രയുടെ അപഹരണവാർത്താശ്രവണംകൊണ്ട് സ്വൈരവിഹീനമായി. ‘ധർമ്മരാജാ ’ എന്ന പദത്തിലെ ‘ധ’കാരം എങ്ങനെയെല്ലാം രൂപാന്തരപ്പെട്ടു എന്ന് ആ പദത്തിന്റെ അനവരതപ്രയോഗം മാറ്റിയും മറിച്ചും തുടങ്ങിയ ‘മാമാ’ ഭാഗവതർക്കേ രൂപമുള്ളു. ഈ സംഭവസംബന്ധമായുള്ള ‘താടകാരാഘവം’ കേശവപിള്ള തന്റെ പ്രത്യേകാധീനതയിൽ ആക്കിയിരിക്കുന്ന പൂർവഭവനത്തിൽവച്ച് അഷ്ടകലാശപുഷ്ടിയോട് അഭിനയിക്കപ്പെട്ടു—താടകയായ ഭഗവതിയമ്മ— “ങ്യേ! അല്യോ, വിശാരിപ്പാരസ്സാമീ! ഇതെന്തൊരു ചൂനെന്നേ! തെരുവഴിയേ മാരടിച്ചോണ്ടു നടന്നാലക്കൊണ്ട്, വാ കഴയ്ക്കൂല്യെന്നോ?”

രാഘവനായ മാമൻ: “ഹടീ! ശപ്പടച്ചീ! ‘വിശാരിപ്പുകാരസ്വാമിയെ’ വൈകുണ്ഠസ്വർഗ്ഗം കടത്ത്—‘കാളീ നീ പോടി കുടിലേ മഹാശഠേ—പാടവമുരയ്ക്കാതെ വിരവേ ദൂരെ—കാളി’ ശാതം പോടറ സ്വാമിയാട്ടം, നീ പേച്ചേച്ചിക്കാളിയും കൂത്താടുന്നോ? വിശാരിപ്പുകാര്! അടിയേ അതുക്കാക നാൻ തപസ്സുശെയ്തനാ?”

ഭഗവതിയമ്മ: “അല്ലല്ലാ എന്നു വല്ലോരും ചൊല്യോ? പാട്ടിന്റെ രാഘം ഉച്ചാണീക്കേറിഥടുക്കനെ വിഴുന്നപ്പം അതുംകൂടി ഇറ്റൂട്ടു.” പിന്നത്തെ സമരം സമപരാക്രമത്തോടുകൂടി നടന്നു. പൂർവകഥയുടെ ചുരുക്കം ഇങ്ങനെ ആയിരുന്നു. പലഹാരശ്രീ വെങ്കിടേശ്വരനണ്ണാവി മഹാരാജാവിന്റെ ഉപാന്തസേവനത്തിന് “അകത്തെ പ്രവൃത്തിവിചാരിപ്പുകാർ” എന്ന ഉദ്യോഗത്തിലേക്കു നിയമിക്കപ്പെട്ടു. ആ സ്ഥാനപ്രാപ്തിയിൽ ‘മാമാ’ എന്നുള്ള കർണ്ണാമൃതം ചന്ദ്രപഥത്തോടു സംഘടിച്ചു. മാമന്റെ ജീവിതാനന്ദം ‘അമ്മാർക്കമേ’ അന്തർദ്ധാനംചെയ്തു. ക്ഷണംപ്രതി തന്റെ നവ‘വിചാരിപ്പുകാരെ’ മഹാരാജാവ് ആവശ്യപ്പെട്ടുതുടങ്ങിയപ്പോൾ, മാമന്റെ ‘അസഹ്യത’ പൊറുത്തുകൂടാഞ്ഞ്, അയാൾ ബധിരതയെ അവലംബിച്ചു. മഹാരാജാവിനുണ്ടായ അസഹ്യതയും വർദ്ധിച്ചു. ‘പൊട്ടാ! ’ എന്ന് അവിടത്തെ തിരുവുള്ളക്കേടു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/235&oldid=158511" എന്ന താളിൽനിന്ന് ശേഖരിച്ചത്