താൾ:Dharmaraja.djvu/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരിച്ചുകൊടുക്കപ്പെട്ടു. അതുകളുടെ പ്രഭാതിശയപൂർണ്ണിമകൊണ്ട് വിശ്രുതമായ ഒരു കോടീശ്വര കുടുംബത്തെ ഇന്നും മാണിക്യൈശ്വരപ്രഭാവത്താൽ അനുഗ്രഹിക്കുന്നുപോലും.

വൃദ്ധസിദ്ധന്റെ കഥ ചുരുക്കമായിരുന്നു. ഇദ്ദേഹം ഭർത്താവെന്നുള്ള സ്ഥാനത്തിൽ, ബുദ്ധിസംയുക്തനായ ഒരു കുഞ്ചുത്തമ്പിതന്നെ ആയിരുന്നു. കായപരിചിതിയും ദേഹബലവുംകൊണ്ട് സൃഷ്ടിശക്തിയാൽ അദ്വിതീയനായി അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലും, മനഃക്ലേശത്തിൽ ഒട്ടുംതന്നെ സഞ്ചയിക്കപ്പെട്ടിരുന്നില്ല. മാങ്കോയിക്കൽ കൊച്ചുകുറുപ്പായി ജനിച്ച്, മാർത്താണ്ഡൻ വലിയപടവീട്ടിൽ തമ്പിയായി രാജസമക്ഷസേവകനായി വർത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഈ ന്യൂനതയ്ക്ക് ഭാര്യയായ കൊച്ചുമ്മിണിക്കുട്ടിയാൽ പരിഹസിക്കപ്പെട്ടും മാർത്താണ്ഡവർമ്മമഹാരാജാവിനാലും പടത്തലവരാലും ശാസിക്കപ്പെട്ടും പോന്നിരുന്നു. ഇതുകൾ ഈ സന്ദർഭത്തിൽ ദുസ്സഹമായിത്തീരുകയാൽ, അദ്ദേഹം തന്റെ ഉദ്യോഗത്തേയും ഭാര്യയേയും ഉപേക്ഷിച്ച് സ്വരാജ്യസമുദായരംഗങ്ങളിൽനിന്നു നിഷ്ക്രാന്തനായി. എന്നാൽ തന്റെ അപഹാസകരെ പ്രത്യപഹസിപ്പാൻ ശക്തമാക്കുന്ന ഒരു വിദ്യയെ ഗ്രഹിച്ച്, എന്തെങ്കിലും ഒരു വിജയകൃത്യംകൊണ്ടു പടത്തലവരുടെയും സ്വകളത്രത്തിന്റെയും വിശേഷ സമ്മാന്യതയെ വരിപ്പാനായി, അദ്ദേഹം മർമ്മവിദ്യാചതുരനായ മായപ്പൊടിമലുക്കുവിനു ശിഷ്യപ്പെട്ട് ആ ഗുരുകുലവാസകഷ്ടങ്ങളേയും അനുഷ്ഠിച്ച്, ആ അപൂർവകലയിൽ സമഗ്രപടുത്വം സമ്പാദിച്ചു. ബഹുജനങ്ങൾക്കു സൂക്ഷ്മദർശനലബ്ധി കിട്ടീട്ടില്ലാതിരുന്ന ആ തസ്കരവിദ്വാന്റെ നിര്യാണത്തിൽ, അയാളുടെ നാമത്തെ വിനോദാർത്ഥം ധരിച്ച്, മഹമ്മദീയജനസംഹതിയുടെ ഇടയിൽ പരമ ബന്ധുവും പരമോപകാരിയുമായി കുറച്ചുകാലം കഴിച്ച്, പോക്കു മൂസാമരക്കായരുടെ പരമമിത്രമായിത്തീർന്ന്, പരദേശസഞ്ചാരങ്ങളും ചെയ്ത് തന്റെ വിശിഷ്ടങ്ങളായ മർമ്മവിദ്യാപ്രയോഗങ്ങൾകൊണ്ടു മഹാപ്രഭുജനങ്ങളുടേയും മഹജ്ജനങ്ങളുടേയും അഭിമതിയും മഹാബിരുദങ്ങളും സമ്പാദിച്ച്, ഹൈദരുടെ സമക്ഷത്തിൽ പ്രവേശിച്ച്, ഹരിപഞ്ചാനനസഹചരനായി നിയോഗിപ്പെട്ട് തിരുവിതാംകൂറിൽ സഞ്ചരിച്ചു. ഹരിപഞ്ചാനനവാടത്തിൽ താമസിക്കുന്ന കാലത്ത് തന്റെ ഭാര്യയുടെ വരണത്തിനു പ്രഥമകാംക്ഷിയായി പുറപ്പെട്ടിരുന്ന ഉമ്മിണിപ്പിള്ള രണ്ടാംസ്വയംവരകാംക്ഷിയായും യത്നിക്കുന്നു എന്നറിഞ്ഞ് ആ ചപലന്റെ ചാപല്യങ്ങളെ വൃദ്ധസിദ്ധൻ സൂക്ഷിച്ചു. കേശവപിള്ളയുടെ നാമത്തെ ആ സ്ത്രീയുടെ നാമത്തോട് ഉമ്മിണിപ്പിള്ള സംഘടിപ്പിച്ചുവന്നത് വൃദ്ധസിദ്ധൻ ധരിച്ച്, പരമാർത്ഥസ്ഥിതി അറിയുന്നതിനായി പക്കീർസായുടെ വേഷത്തിൽ ചെമ്പകശ്ശേരിയിലെ ഗാഢമിത്രമായ കേശവപിള്ളയുടെ സഹകാരിയായി. അതിന്റെ പരിണാമം ആ യുവാവിന്റെ ദൃഢധാർമ്മികത്വത്തെ ധരിച്ച വൃദ്ധസിദ്ധൻ അയാളുടെ ആത്മമിത്രമായിത്തീർന്ന് അയാൾക്ക് അപ്പൊഴപ്പോൾ വേണ്ട അറിവുകളും ആജ്ഞകളും കൊടുത്ത് മഹാവിജയിയാക്കിയതായിരുന്നു. ഉമ്മിണിപ്പിള്ളയുടെ വധകർമ്മസമയത്ത് ആ സ്ഥലത്തുകൂടി എത്തിയിരുന്ന വൃദ്ധസിദ്ധൻ ഹരിപഞ്ചാനനനോടുള്ള സഖ്യത്തെ ഖണ്ഡിച്ച്, ആ അപനയവൃത്താന്തം ഹൈദർമഹാരാജാവ് ധരിപ്പാനായി അടുത്ത ദിവസംതന്നെ ഒരു ലേഖനത്തെ അയച്ചു. ഹരിപഞ്ചാനനന്റെ ലേഖനം ഹൈദർസമക്ഷത്തിൽ എത്തുന്നതിനുമുമ്പായി ധരിപ്പിപ്പെട്ടത് വൃദ്ധസിദ്ധന്റെ നിവേദനപത്രമായിരുന്നു. കേശവൻകുഞ്ഞിന്റെ അപഹരണം ഹരിപഞ്ചാനനനാൽ ചെയ്യപ്പെട്ടു എന്ന് വൃദ്ധസിദ്ധൻ ഊഹിച്ചു എങ്കിലും, ആ യുവാവിന് ആ ബന്ധനംകൊണ്ട് യാതൊരാപത്തുമില്ലെന്നും വൃദ്ധസിദ്ധൻ അനുമാനിച്ചിരുന്നു. വൃദ്ധസിദ്ധന് ഹരിപഞ്ചാനനന്റെ കുടുംബസ്ഥിതിപരമാർത്ഥങ്ങളെക്കുറിച്ച് യാതൊരറിവും സംശയവും ആദ്യത്തിൽ ഇല്ലായിരുന്നു. എന്നാൽ, ഹരിപഞ്ചാനനൻ തന്റെ ജന്മഭൂസ്നേഹംകൊണ്ട് കഴക്കൂട്ടത്തെ യാത്രയിലും വൃദ്ധയെ സന്ദർശനംചെയ്തപ്പോഴും, പിന്നീട് കുപ്പശ്ശാരെ കണ്ട സന്ദർഭങ്ങളിലും പ്രകടിപ്പിച്ച മൈത്രീസൂചനങ്ങളിൽനിന്ന് അയാൾ ചിലതെല്ലാം ഊഹിച്ചു വന്നിരുന്നു. അതിന്റെശേഷം ചില അന്വേഷണങ്ങൾ ചെയ്കയും കേശവപിള്ളയുടെ അന്തർഗ്ഗതങ്ങളറിയുകയും ചെയ്തുകൊണ്ട് ഹരിപഞ്ചാനനസംഭാഷണങ്ങളേയും ക്രിയകളേയും സൂക്ഷിച്ചപ്പോൾ, പരമാർത്ഥസ്ഥിതി മിക്കവാറും ധരിച്ചു. ഉമ്മിണിപ്പിള്ളയുടെ നിഗ്രഹാനന്തരം വൃദ്ധസിദ്ധൻ ദക്ഷിണദേശസഞ്ചാരംചെയ്ത് ഹരിപഞ്ചാനനശിഷ്യസംഘങ്ങളെ രാജ്യകാര്യവ്യാപാരങ്ങളിൽനിന്നു പിൻവലിപ്പാൻ ഗുണ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/234&oldid=158510" എന്ന താളിൽനിന്ന് ശേഖരിച്ചത്