നീശ്ശബ്ദത, ശ്മശാനദേശത്തെ നീശ്ശബ്ദത, പ്രേക്ഷകജനങ്ങളുടെ മനസ്ഖലനംചെയ്യുമാറുള്ള നീശ്ശബ്ദത, ആ യതിവരാശ്രമത്തെ ബന്ധിച്ചിരിക്കുന്നു. ദീപപ്രവാളകോടികൾ വൈധവ്യപാതത്താൽ എന്നപോലെ ശിഖാമുണ്ഡിതരായി മംഗല്യാസ്തമയത്തെ പ്രാപിച്ചിരിക്കുന്നു. അങ്ങുമിങ്ങും ശേഷിക്കുന്ന രണ്ടുമൂന്നു ദീപികാസുമംഗലികൾ സ്വസഹോദരീസംഘാസ്തമയത്തിൽ സഹദീനതയാൽ ക്ലാന്തമായ നേത്രങ്ങളോടുകൂടി നില്ക്കുന്നു. ആ മന്ദിരത്തെ അനന്തശയനാലയവൈകുണ്ഠത്തിലും അത്ഭുതകരമാക്കിത്തീർത്തിരുന്ന രംഗവിതാനപ്രഭയും, ദീപനിർഝരിയോടു സഹപ്രവണംചെയ്തു മറഞ്ഞിരിക്കുന്നു. പരിസരവാതം രാജകോപതൈക്ഷ്ണ്യത്തെ വഹിച്ച് ആതപകാരിയായി പ്രചരിക്കുന്നു. ആ വാടത്തിൽ യോഗധർമ്മപ്രവർത്തനം പ്രവർദ്ധിതമായി, ദ്രോഹഗരിമാത്വത്തെ അവധാനംചെയ്യുന്നു. അതിനാൽ പ്രശാന്തത—ഭൂഗർഭാന്തപ്രശാന്തത, കേശവപിള്ളയുടെ ദൈവാനുഗൃഹീതമായുള്ള വാണിയിൽ ഉദിച്ച് ഹരിപഞ്ചാനനന്റെ അക്ഷോഭ്യതയെ അസ്തമിപ്പിച്ച ‘ദശാസ്യകാലം’ എന്ന അവസ്ഥയെ ആവരണംചെയ്യുന്നു.
രണ്ടുമൂന്നു പ്രധാനമുറികളിലായി, ഹരിപഞ്ചാനനന്റെ പാരദേശികഭടന്മാർ അമ്പതോളം പേർ ആയുധപാണികളായി, ആപൽ പ്രതീക്ഷകരായി, എന്തു കൃത്യത്തിനും ബദ്ധകങ്കണന്മാരായി സഞ്ചയിച്ചിട്ടുള്ളവർ ‘രാമരസ’സരസ്സിൽ മുങ്ങി, ആ ഋഷിവാടസംരക്ഷണത്തിന്, ജീവമോഹസന്ന്യസ്തരായി, ആജ്ഞാപ്രതീക്ഷന്മാരായി ഇരിക്കുന്നു. യോഗീശ്വരന്റെ തൽക്കാലാജ്ഞകളെ നിർവ്വഹിപ്പാനായി നിൽക്കുന്ന ചില ജവാന്മാരും പുരോഭാഗദ്വാരത്തിൽ ഗാട്ടു സേവിക്കുന്ന ഒന്നു രണ്ടു ശല്യധരന്മാരും മാത്രം അന്തർഗൃഹത്തിനു പുറത്തുള്ള ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്. ഹരിപഞ്ചാനനശത്രുവായ കേശവപിള്ളയും, ഗുരുപാദതൽപരന്മാരായ ഏതാനും നാട്ടുഭക്തന്മാരുടെ കൂട്ടത്തിൽ, ആ രംഗകാളിമയിൽ ഒരു നടാംഗത്തെ നിർവ്വഹിച്ചു കൊണ്ടു സഞ്ചരിച്ചിരുന്നു. മാമവെങ്കിടന്റെ കൽപന കേട്ടു മണ്ടിത്തുടങ്ങിയ പക്കീർസായുടെ ഭീമാകാരം, മതപ്രതിബന്ധംകൊണ്ടായിരിക്കാം, ശുദ്ധാശ്രമഭംഗസാഹസത്തിനു സന്നിഹിതമായിട്ടില്ല.
ഹരിപഞ്ചാനനപരമഹംസൻ ആകട്ടെ, അന്നു രാത്രി വിദ്യായോഗാരണ്യങ്ങളിലെ പഞ്ചാനനനായിട്ടല്ല, സാക്ഷാൽ വൃക്ഷനിബിഡമായുള്ള അരണ്യത്തിലെ മൃഗരാജപഞ്ചാസ്യനായിത്തന്നെ തന്റെ പൂജാമുറിയുടെ മുൻഭാഗത്തുള്ള ശാലയിൽ അസ്തക്ഷമനായി, നിസ്സാരമായ ഭക്ഷ്യമൃഗത്താൽ അപഹതനായപോലെ ദംഷ്ട്രാനഖരങ്ങളെ പുറത്തുകാട്ടി, ക്രൂരതയെ പ്രകാശിപ്പിച്ച്, വട്ടക്കൺമണികളെ വിശേഷവേഗോഗ്രതകളോടുരുട്ടി, മേഘനാദകടുതയേയും താഴ്ത്തുന്ന ഋജൂഗർജ്ജനങ്ങൾകൊണ്ടു ശത്രുഭജ്ഞനശപഥങ്ങൾ ചെയ്ത്, ദർശനത്തിന് ഒരു മഹാവിക്രമപുഞ്ജമായി കാണപ്പെടുന്നു. ഐരാവതദന്തചതുഷ്ടയത്തെ തകർത്തതിനോടു തുല്യമായ, ആ യതീശ്വരന്റെ വക്ഷോദേശം കോപാവേഗശ്വാസങ്ങൾകൊണ്ട് ഉയർന്നുതാഴുന്നത് ആ വിസ്തൃതിയിലെ മാംസപുഷ്ടിയെ സംവരണംചെയ്യുന്ന നീല ഞരമ്പുകളെ മരതകതന്ത്രികളെപ്പോലെ പ്രകാശിപ്പിക്കുന്നു. സൈംഹക്രൗര്യത്തിന്റെ പരമകാഷ്ഠയെ പരിഹസിക്കുന്ന കോപാവേശവും കുങ്കുമമായ ശത്രുശോണിതവും രക്താംബരവേഷ്ടനങ്ങളായ കുടൽമാലയും സംയോജിച്ച്, മഹാഭയങ്കരനായി ചമഞ്ഞിരിക്കുന്ന ഹരിപഞ്ചാനനൻ ആ അർദ്ധാന്ധകാരരംഗത്തിൽ സാക്ഷാൽ നരസിംഹനടനത്തെ പുനഃപ്രകടനംചെയ്യുന്നു.
കാപട്യമാകുന്ന അഭേദ്യകൃഷ്ണശിലയാൽ രചിതമായ ആ ‘കലിധർമ്മദ്യോതിനി’ നാടകശാലയുടെ, അന്തർഗൃഹമദ്ധ്യത്തിലെ നൃത്തസോപാനം നിശാദുഷ്കൃതിപ്രവർത്തനത്തിനായി ദീപപ്രസരം താഴ്ത്തി ഒരുക്കപ്പെട്ടിരിക്കുന്നു. അഭിനയിക്കപ്പെടുന്നത് ഒരു ‘അന്തകസഭ’യാണെന്നു വിജ്ഞാപിതമാകുംവണ്ണം, രംഗത്തിന്റെ പാർശ്വാദിഭാഗങ്ങൾ കാളിമാപ്രചുരിമകൊണ്ടു സമർത്ഥരംഗസാമഗ്രികർമ്മാക്കളാൽ സവിശേഷം ഭയാനകരസാനുകൂലമാക്കപ്പെട്ടിരിക്കുന്നു.
ഹരിപഞ്ചാനനയോഗിസിംഹന്റെ വിശ്രമസോപാനം അപ്രാകാശ്യതയും പ്രശാന്തതയും മഹാവിലതുല്യമായുള്ള സാധനശൂന്യതയുംകൊണ്ട് വിലക്ഷണീകൃതമായതിന്റെ പരിഹരണ