താൾ:Dharmaraja.djvu/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുവിതാംകൂറിലേക്കു ഭദ്രദീപസ്ഥാപനമായി ഭവിക്കും. അപ്പോൾ ഇന്നു ഗുരുപാദങ്ങളെന്നു കൽപിച്ച് തന്റെ പാദങ്ങളിൽ തൊട്ടു നമിക്കുന്ന ജനങ്ങൾ, രാജപാദനഖപത്മരാഗപ്രഭയാൽ നിമീലിതനേത്രന്മാരായി, ദൂരത്തു വാങ്ങിനിന്ന്, ഭൂമിയിൽ ഫാലഘട്ടനം ചെയ്ത്, താണുവീണു നമിക്കും. ഇങ്ങനെയുള്ള പ്രഭാവത്തെ സന്ദർശിച്ച സന്ദർഭത്തിൽ യോഗീശ്വരന്റെ സുഹൃദ്ദയാവസതിയായുള്ള മനസ്സ് ഒരു വിഷമത്തേയും സന്ദർശിച്ചു. തന്നെ വിശ്വസിക്കുന്ന ബന്ധുവും ശിഷ്യനുമായ യുവരാജാവ്! അതേ, ആ രാജകുമാരൻ ശിഷ്യനും ബന്ധുവും തന്നെ. അതിനെന്ത്? ശത്രുശേഷത്തെ ശേഷിപ്പിക്കുന്ന നയം ജളാഗ്രഗണ്യന്റെ ജളത്വമാവുകയില്ലേ? രാജകുമാരന്റെ പുരുഷത്വം വികസിതപ്രായമാകുമ്പോൾ, അദ്ദേഹം ഗുരുവായ തന്നോടും നിഷ്കരുണനയനായിത്തന്നെ വർത്തിക്കും. അകാരണമായുള്ള ബുദ്ധിക്ഷീണത്തിൽ താൻ വലഞ്ഞുതുടങ്ങുന്നതെന്തിന്? എത്ര ജനങ്ങളെ ഈശ്വരൻ തന്റെ കൃത്യഗതികളായ രോഗദാരിദ്ര്യാദികൾകൊണ്ട് ആത്മഹത്യപോലും ചെയ്യിക്കുന്നു? ഹരിപഞ്ചാനനനായ സൂക്ഷ്മപ്രകൃതി തത്വജ്ഞന് ഒരു ഒറ്റ ധൂർത്താദാവിനെ പീഡിപ്പിച്ചുകൂടെന്നോ? യുക്തിഭംഗം! ബ്രഹ്മാണ്ഡഭരണവും രാജ്യഭരണവും തമ്മിൽ ഈഷലും ഭേദമില്ല. രണ്ടിലും ചോദ്യംചെയ്തുകൂടാത്ത ദുഷ്കൃതികളും മർമ്മഭേദകമായ ദുഃഖവിതരണങ്ങളും ജീവികളെ ഞെരിക്കും. അവർ സഹിക്കും; ഇതുകൾ അപ്രമേയഗതികൾ എന്ന് അഭിജ്ഞൻ വാദിക്കും. അങ്ങനെയുണ്ടാകുന്ന പണ്ഡിതസംഹതിയുടെ അഭിഘോഷണം നമ്മുടെ രണ്ടാം പരശുരാമത്വത്തേയും ഏകദശാവതാരസംഹിതയാക്കിത്തീർക്കട്ടെ! ഇങ്ങനെ വാദിച്ചും വാഞ്ഛിച്ചുംകൊണ്ട്, ഹരിപഞ്ചാനനൻ തന്റെ ആശ്രമത്തിലുരുന്ന് സ്വാനുകാരികളായ വൃകങ്ങളെ യുദ്ധാങ്കണവേട്ടയ്ക്ക് ശൃംഖലാബന്ധം വേർപെടുത്തി വിടേണ്ടതിനുള്ള ഒരു കാര്യപരിപാടി പള്ളിച്ചാർത്തുചെയ്തു. സൂര്യനും അസ്തമിച്ചു.

അസ്താചലപ്രാപ്തനായ ആദിത്യനു പകരമായി ഹരിപഞ്ചാനനമന്ദിരത്തിലെ സന്ധ്യാരാധനാദീപങ്ങൾ ലോകപ്രശോഭനമാകുന്നപണിയെ അന്യൂനജഗത്സമ്മതിയോടു നിർവഹിക്കുന്നു. ആ ലക്ഷദീപപ്രഭയുള്ള നക്ഷത്രതതിയുടെ പ്രഭാസമേളനത്തിനിടയിൽ യോഗീശ്വരൻ പൂർണശശാങ്കസമനായി വിലസി ഭക്തഹൃദയകുഡ്മളങ്ങളെ ഹിമജലസേചനംചെയ്തു ഫുല്ലദളങ്ങളാക്കുന്നു. പുഷ്പസമൃദ്ധികാലാനുകൂല്യത്താലും, രത്നസുവർണ്ണങ്ങളുടെ സമൃദ്ധി ഉത്സവാരംഭാനുയോഗ്യതയ്ക്കുവേണ്ടിയും സാമാന്യത്തിലധികം അനവധികത്വത്തോട് ആ പൂജാശാലയെ ഹരിപഞ്ചാനനപട്ടാഭിഷേകമണ്ഡപമാക്കുന്നു. ആ രാജസോന്മത്തതയുടെ സങ്കേതത്തിൽനിന്നു പ്രവഹിക്കുന്ന സുഗന്ധനാനാത്വം അടുത്തുള്ളക്ഷത്രമുറ്റവെളികളിലും വ്യാപിച്ച് അവയെ പരമാസൂയാലുക്കളാക്കിത്തീർക്കുന്നു. ഹരിപഞ്ചാനനന്റെ ദീപാരാധനയെ ദർശനംചെയ്തു പ്രസാദങ്ങൾ വാങ്ങി, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളെക്കൊണ്ടു സന്തുഷ്ടചിത്തന്മാരായി പോകുന്നതിന്, ബഹുസഹസ്രജനങ്ങൾ തിക്കിത്തിരക്കി തള്ളിത്തളർന്ന് ആ യോഗിവാടത്തിനകത്തും പുറത്തും അണിയിടുന്നു.

ഒരു നവപ്രഭാകരന്റെ മഹോദയമുണ്ടായി, ഹരിപഞ്ചാനനനിശാകരൻ പെട്ടെന്നുയർന്ന ആ വിന്ധ്യാദ്രിശിരസ്സിന്റെ പുറകിൽ മറയുന്നു. ഇങ്ങനെ അപ്രതീക്ഷിതമായി അസ്തമിച്ച ഹരിപഞ്ചാനനൻ പുനരുദയംചെയ്യുന്നില്ല. അദ്ദേഹത്തിന്റെ ഭക്തസംഘക്കാർ ശ്രീപത്മനാഭക്ഷേത്രത്തിലെ പൂജാകോലാഹലങ്ങളെക്കേട്ടു നിശാവൃത്തിയെ കണക്കാക്കുന്നു. ആ ക്ഷേത്രകർമ്മങ്ങളിലെ പല ഘട്ടങ്ങളിലേയും നാഗസ്വരശംഖനാദങ്ങൾ അപ്രതിബന്ധമായി കഴിയുന്നത് അവരെക്കൊണ്ട് രാജശക്തിയുടേയും രാജയോഗശക്തിയുടേയും ലൗകികാന്തരത്തെ പരിഗണനംചെയ്യിക്കുന്നു. രാത്രിയിലെ ശീവേലിഘോഷങ്ങൾ ചതുഷ്പ്രദക്ഷിണാവൃത്തിയിലും കഴിഞ്ഞത് അവരുടെ ഹൃദയതടങ്ങളേയും ഭേദിച്ച്, ഉദരാഗ്നികുണ്ഡത്തെ പ്രജ്വലിപ്പിച്ചു. ഹരിപഞ്ചാനനയോഗീശ്വരന്റെ (ഇതെങ്ങനെ സാധിച്ചു എന്നറിയുന്നില്ല) നാലെട്ടു തൃക്കൈകളോടും അത്രയും ആയുധങ്ങളോടുംകൂടിയ മഹിഷമർദ്ദിനീനടനം കാണുന്നതിനു കാത്തുനിന്ന ആ ഭക്തന്മാർ ഭക്താകർഷിതരായപ്പോൾ, ഒരു ശിഷ്യപ്രധാനനന്റെ ആസ്വാരസ്യമായുള്ള തീയുഴിച്ചിലിനെ കണ്ടു മുഷിഞ്ഞ്, “സ്വാമികൾക്കെന്തോ ക്ഷീണം” എന്നു പറഞ്ഞു പലഹാരക്കടകളിലേക്കു തുരുതുരെ ഗമനം തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/216&oldid=158490" എന്ന താളിൽനിന്ന് ശേഖരിച്ചത്