താൾ:Dharmaraja.djvu/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുട്ടിത്തുടങ്ങിയിരിക്കുന്ന ഭാഗ്യദശയ്ക്ക് ഇങ്ങനെ ഗൃഹശുദ്ധ്യനുകൂലംകൂടി ലഘുവായി കിട്ടുന്നതു പരമഭാഗ്യമായി. കളപ്രാക്കോട്ടത്തളങ്ങളിൽ പുഷ്പാദിസംഭാരങ്ങൾ കുമിഞ്ഞുതുടങ്ങി. ഓരോ മുറിയും, അറയും കല്ലറയും തുറക്കപ്പെട്ടു. ഭഗവതീമാന്ത്രിക കുത്തിയുടുത്ത്, കുറിയും ചാർത്തി, പല്ലുകടിച്ച്, കണ്ണുതുറിച്ച്, ദേഹം ആഞ്ഞുവിറച്ചും, തലയാട്ടി ഭീഷണി കാട്ടിയും, ഇളിച്ചും, ഇമച്ചും, ചീറിത്തുമിച്ച് ‘ഖാ’ദിവകയഞ്ചും ‘ഉ’കാരതയുതമായി തെള്ളിപ്പൊടിത്തീയിൽ അർപ്പണം ചെയ്തും, ആ ഭവനത്തിനു വഴിപോലെ ഉച്ചാടനശുദ്ധികഴിച്ചു. ഈ ‘മാണിക്കച്ചെമ്പഴുക്ക’ക്കൂത്തെല്ലാം ആടീട്ടും കേശവൻകുഞ്ഞിന്റെ പൊടി അവിടെങ്ങും കാൺമാനില്ല. ചെമ്പകശ്ശേരിയിലുള്ളതിലും അധികം അറകളും കല്ലറകളും ഉണ്ടെന്നുള്ള അറിവിൽ പടത്തലവർക്കു തെറ്റീട്ടില്ല. കേശവൻകുഞ്ഞിനെ അതുകളിൽ ബന്ധനംചെയ്തിരിക്കുമെന്നുള്ള ഊഹം—എന്തു കഥയോ—അബദ്ധമായി. യോഗീശ്വരൻ ആ ഭവനത്തിന്റെ രക്ഷാമൂർത്തിയാണെന്നു തന്റെ ചികിത്സാസഹായത്താൽ പാട്ടിലാക്കപ്പെട്ട ചില ഭൃത്യരിൽ നിന്നു ഭഗവതിഅമ്മ ഗ്രഹിച്ചു. തമ്പി പടകൂട്ടുന്ന വൃത്താന്തത്തേയും അവർ സമ്മതിച്ചു. എങ്കിലും കേശവൻകുഞ്ഞന്നൊരുവനെ ആ ഭവനത്തിനകത്തു കൊണ്ടുവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ചില സംശയഭാവങ്ങളോടുകൂടിയുള്ള നിഷേധോത്തരമാണുണ്ടായത്. ഭഗവതിയമ്മ ക്രാസ്സും മറുതലക്രാസ്സും ചോദ്യങ്ങൾ തുടങ്ങി. ആയിടയിലും യോഗീശ്വരൻ കളപ്രാക്കോട്ടവക പടനിലത്തിൽ എഴുന്നള്ളിയിരുന്നു എന്ന് ആ ഭൃത്യർ സമ്മതിച്ചു. തക്കതായ കാരണമുണ്ടാക്കി, ഭഗവതിയമ്മ പടക്കളരിക്കെട്ടിടങ്ങളേയും സന്ദർശിച്ചു. എന്നാൽ ആ സ്ഥലങ്ങളിലെ പടവട്ടങ്ങളുടെ ‘തൃമാകണിശം’ തന്റെ മാന്ത്രികത്വത്തിന് അടുത്തുകൂടാത്തതായി കാണപ്പെടുകയാൽ ഭഗ്നോവാഹയായി മടങ്ങേണ്ടിവന്നു. ഈ തോലി കഴിഞ്ഞപ്പോൾ, തന്നെ സംശയിച്ചുതുടങ്ങുന്നതുപോലെ ചില ലക്ഷ്യങ്ങളും ഭഗവതിയമ്മ കണ്ടു. ഭഗവതിയമ്മ വചനനേത്രങ്ങളെക്കൊണ്ടുള്ള പണികളെ നിറുത്തി, ശ്രവണേന്ദ്രിയാംഗങ്ങളെ തന്റെ യത്നസാധ്യത്തിനായി ഏകാഗ്രമാക്കി.

തമ്പി ചിന്താഗ്രസ്തനായി നടക്കയും പലരെയും വരുത്തി പല ആജ്ഞകളും നൽകുകയും ദ്രവ്യശേഖരവും വ്യയവും ചെയ്കയും, തങ്കച്ചി ഉന്മേഷം പെരുകി ഒന്നുകൂടി വീർക്കുകയും ചെയ്തു. ആ ഭവനത്തിനകത്ത് കാഷായവസ്ത്രക്കാരുടെ വരവു പെരുകി. പടനിലത്തിലെ ആരവങ്ങൾ ഭവനത്തിലും കേൾക്കുമാറായി. അടുക്കള അക്ഷയപാചകശാലയായി. തമ്പി ഇടയ്ക്കിടെ നെടുംകുപ്പായശരായികൾക്കകത്തു കടന്ന്, നടുക്കെട്ടും തലക്കെട്ടും ധരിച്ച്, ഹരിപഞ്ചാനനനാൽ സമ്മാനിക്കപ്പെട്ട ഖഡ്ഗവും നടുക്കെട്ടിൽ തിരുകി, മഹമ്മദീയമന്ത്രിവേഷത്തെ അഭ്യസനംചെയ്യുന്നതും കണ്ടുതുടങ്ങി. താൻ പോന്ന കാര്യം നിവർത്തിക്കാതെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ച് ഭഗവതിയമ്മ വളരെ വ്യസനിച്ചു. കന്യാകുമാരിമുതൽ സകല ഗൃഹങ്ങളും വഴിയമ്പലങ്ങളും കാടും കുഴിയും കുന്നും മലയും പരിശോധിച്ച് ഒരു കാനേഷുമാരിക്കണക്കെടുത്തെങ്കിലും കേശവൻകുഞ്ഞിനെ കണ്ടുപിടിക്കുന്നുണ്ടെന്നു നിശ്ചയിച്ചുകൊണ്ട് അതിൽ വിജയമുണ്ടാകുവാൻ ചില ‘ഉക്കുര’മന്ത്രങ്ങളെ ജപിച്ചു. സന്ധ്യ കഴിഞ്ഞയുടനെ പ്രാർത്ഥന ഫലിച്ചു. ഒരു കാവിവസ്ത്രക്കുപ്പായക്കാരൻ ഓടിക്ഷീണിച്ച്, സംഭ്രമവശനായി, വാടിത്തളർന്ന്, അവിടെ എത്തി ചില വസ്തുതകൾ തമ്പിയെ ഗൂഢമായി ധരിപ്പിച്ചു. ഭഗവതിയമ്മ, മസൂരിയാൽ ഇരട്ടിക്കപ്പെട്ട തന്റെ കൃഷ്ണവർണ്ണം ഇരുളിനോടു ചേരുന്ന ലയചാതുരിയുടെ ആനുകൂല്യത്തിൽ, തന്റെ ശ്രവണങ്ങളെ ആ സംഭാഷണസ്ഥലത്തേക്കു നിയോഗിച്ചു. തൽക്കാലമുണ്ടാകുന്ന ഒരു മഹാപത്തിൽ കുലുങ്ങാതെ തന്നെ വിശ്വസിച്ചു കാത്ത്, മരുത്വാൻഗിരിയിൽ അൽപകാല ഭജനംചെയ്ത്, ഹരിശ്ചന്ദ്രസമനായി തമ്പിയുടെ പ്രതിജ്ഞാമഹത്വത്തെ രക്ഷിക്കണമെന്ന് ഹരിപഞ്ചാനനൻ അരുളിച്ചെയ്തിരിക്കുന്നതായി ആഗതനായ ദൂതൻ തമ്പിയെ ഗ്രഹിപ്പിച്ചു. ആപത്തിന്റെ സ്വഭാവമെന്തെന്നു ചോദിച്ചതിൽ, ഭൃത്യനു രൂപമുണ്ടായിരുന്നില്ല. തമ്പി ക്ഷീണപാദനായി, തന്റെ കട്ടിലിന്മേൽ ചെന്നു വീണു. "മരുത്വാമലയോ?” എന്നു ഭഗവതിയമ്മയുടെ ഉള്ളിൽ ഒരു ചോദ്യം ഉദിച്ചു.

ഈശ്വരൻ ശരീരത്തെ കൈക്കൊണ്ട്, സകല സ്ഥലത്തും ഈശ്വരനായി പ്രത്യക്ഷപ്പെട്ട്, പ്രപഞ്ചഭരണത്തെ നിർവഹിക്കുന്നില്ല. ദൃശ്യവും ചേതനവും ആയുള്ള ഓരോ സത്വങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/189&oldid=158459" എന്ന താളിൽനിന്ന് ശേഖരിച്ചത്