താൾ:Dharmaraja.djvu/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർവ്വാധികാര്യക്കാർ: “കിനാവു കണ്ടതല്ല—അല്ലാ, പൊന്നു തിരുമേനീ—ഈ വേഷം, കാശീപ്പട്ടുകള്, വൈരക്കടുക്കൻ, പടിയരഞ്ഞാണം—എല്ലാം ഇതുതന്നെ, ഈ വേഷംതന്നെ. അവിടെച്ചെന്നു കാവൽകിടന്നവരെ മയക്കി കുറ്റപ്പുള്ളിയെ കൊണ്ടുപോയി! തിരിയെപ്പിടിപ്പാൻ വേണ്ട ശ്രമങ്ങൾ ചെയ്യുന്നു. അഞ്ചൽക്കുതിരകളും നാലുവഴിക്കും ഓടീട്ടുണ്ട്.”

മഹാരാജാവ്: (രോഷഹാസ്യത്തോട് ) “തിര്യെപ്പിടിക്കുന്നത് തീയെപ്പിടിക്കുന്നപോലാകരുത്. തടിയന്മാർ എല്ലാം കിടന്നുറങ്ങി—മിടുക്കന്മാർ കൊണ്ടുകടന്നു! പഴിചുമക്കാൻ കൊണ്ടവനും കൊടുത്തവനും കണ്ടുനിന്നവനുമല്ല, സർവ്വവ്യാപി ഹരിപഞ്ചാനനൻ. ഇനി ഹൈദരാലിഖാൻ രാജ്യവും ഇതുപോലെ ഒരു രാത്രി കൈയ്ക്കലാക്കിക്കൊണ്ടു പറന്നു എന്നും വന്നേക്കാം. ഭാഗ്യവാന്മാർക്ക് സമർത്ഥന്മാരായ മന്ത്രിമാരുണ്ടായിരുന്നു. നമ്മുടെ ഭാഗ്യമിങ്ങനെ! ഈ കണ്ണിൻ മുമ്പിൽ പതിനഞ്ചുനാഴികയായി നിൽക്കുന്ന ഹരിപഞ്ചാനനൻ, അതിനിടയിൽ അവിടെ പറന്നുചെന്ന്, അവനെ കൊണ്ടുപോയി എന്ന് ഒരു വിദ്വാൻ ഒരു കൂസലും കൂടാതെ പറയുന്നു! മറ്റുള്ള യോഗ്യന്മാർ വായുംതുറന്ന്, നാം ജളനാകുന്നതു കണ്ടു രസിപ്പാൻ വട്ടമിട്ടു നിൽക്കുന്നു! കാര്യങ്ങൾ ഒന്നും നിങ്ങൾ അന്വേഷിക്കണ്ട. നേരം വെളുക്കട്ടെ. ഇനി അവനോന്റെ കാര്യം അവനോൻ നോക്കിക്കൊള്ളാം. ദളവായും വലിയ സർവ്വാധിയും സർവ്വാധിയും! സഹിക്കേണ്ടേ പൊളി കേട്ടാൽ? ആ കേശവനെ രാവിലെ ഇവിടെ വരുത്തി നിറുത്തിയേക്കട്ടെ—ഉണരുമ്പോൾ കാണണം”

മഹാരാജാവിന്റെ ദേഷ്യം ഹേതുവാൽ സർവാധികാര്യക്കാർ വിറച്ചു വിയർത്ത് കണ്ണുനീര് വാർത്തുതുടങ്ങി. കേശവപിള്ളയുടെ ജീവചരിത്രത്തിലെ ഒരു സംഭവം ഇതിഹാസമായി ഇന്നും നടപ്പിലുണ്ടല്ലോ. അയാളുടെ പ്രവേശനാരംഭത്തിൽ അയാളെ മഹാരാജാവ് ഒരു ദിവസം കണിയായി കാണുകയുണ്ടായി. പ്രാകൃതന്റെ ദർശനത്തിലുണ്ടായ നീരസത്താൽ അയാളെ മഹാരാജാവ് ബന്ധനത്തിലാക്കി. അക്കാലത്ത് പഞ്ചസാരക്ഷാമം ബാധിച്ച് ക്ഷേത്രത്തിൽ ചില നിവേദ്യങ്ങൾപോലും മുട്ടിയിരുന്നു. എന്നാൽ ഇങ്ങനെയുണ്ടായ കണിദിവസത്തിൽ ഒരു കപ്പൽ പഞ്ചസാര തിരുവനന്തപുരത്തു തുറമുഖത്തടുത്തു. ഈ സംഭവത്തിലുണ്ടായ സന്തോഷത്തിന്റെ സൂചകമായി കേശവപിള്ളയെ ബന്ധനത്തിൽനിന്നും മോചിപ്പിച്ചു. എന്നു മാത്രമല്ല, പകടശാലയിൽ എഴുത്തുവേലയ്ക്കു നിയമിക്കുകയും ചെയ്തു. ഈ ശിക്ഷയും സമ്മാനവും നൽകിയത് മാർത്താണ്ഡവർമ്മ മഹാരാജാവും, കേശവപിള്ള പടത്തലവന്റേയും പോക്കുമൂസാമുതലാളിയുടേയും ശുപാർശപ്രകാരം രാമവർമ്മ യുവരാജാവിനാൽ അവിടത്തെ എഴുത്തുകാരനായി സ്വീകരിക്കപ്പെട്ട് അവിടത്തെ സേവിച്ചിരുന്ന കാലത്തും ആയിരുന്നെങ്കിലും അയാളെ വരുത്തി നിർത്തണമെന്ന് ഈ കഥാരാത്രിയിൽ കല്പന ഉണ്ടായതു കേട്ട്, “നാളെയും പഞ്ചസാരക്കപ്പൽ വരുമെന്നായിരിക്കാം വിചാരം; എന്നും കാണണമെങ്കിൽ കണ്ണിനകത്തിട്ടടച്ചോട്ടെ” എന്ന് അസൂയക്കാരായ പരിചാരകന്മാർ ഓരോവിധം അഭിപ്രായപ്പെട്ടു. മഹാരാജാവിന്റെ നിയോഗതാല്പര്യം വായനക്കാർ ഊഹിച്ചിരിക്കാം. അവിടുന്ന് ആ യുവാവിന്റെ സന്ദർശനം ആവശ്യപ്പെട്ടത്, കേശവൻകുഞ്ഞിനെ കണ്ടുകൊൾവാൻ അയാൾക്കു നൽകിയ അനുവാദത്തെ ഏതുവിധത്തിൽ ഉപയോഗിച്ചു എന്നു നിർണ്ണയംവരുത്തീട്ട് ആ സംഗതിയിൽ അന്വേഷണം നടത്താൻ മാത്രമായിരുന്നു.

കേശവപിള്ളയെക്കുറിച്ചുള്ള കല്പനയും അതിനെക്കുറിച്ചുള്ള ഗൂഢാപഹാസവുകൊണ്ടും, ആ രംഗം അവസാനിച്ചില്ല. ദ്വാദശി ഊട്ടിന് ആതിഥ്യനിമന്ത്രണം ചെയ്തതിന്റെ ശേഷം തന്നെക്കൂടാതെ അംബരീഷമഹാരാജാവ് പാരണവീടിയതിലേക്കു ശിക്ഷ ചെയ്‌വാനായി, അത്രിപുത്രനായ ദുർവാസാവ് തിളച്ച ഗർവത്തോടും എരിഞ്ഞ കോപത്തോടും ആ മഹാരാജാവിന്റെ മുമ്പിൽ പ്രത്യക്ഷനായതുപോലെ, ഇതാ വീണ്ടും ഹരിപഞ്ചാനനൻ രാമവർമ്മമഹാരാജാവിന്റെ സന്നിധിയിൽ പ്രവേശിച്ചിരിക്കുന്നു. ഭക്ഷ്യം കണ്ട സർപ്പത്തിന്റെ ചീറ്റം അകമേ പ്രസരിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ രോഷദീപ്തമായ മുഖം മഹാരാജാവിന്റെ സ്മിതചന്ദ്രികാവിലാസത്താൽക്ഷണത്തിൽ പ്രശാന്തമായി, രാമണീയകത്തിന്റെ പരമോൽക്കർഷത്തെ പ്രാപിച്ച്, ആ രാജശേഖരനെ ആശ്ചര്യസരസ്സിൽ മഗ്നനാക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/128&oldid=158392" എന്ന താളിൽനിന്ന് ശേഖരിച്ചത്