താൾ:Dharmaraja.djvu/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരകൗശലങ്ങളുടെ അപേക്ഷയാൽ അദ്ദേഹത്തിന്റെ അന്നത്തെ വേഷവൈഭവം പരിപുഷ്ടമാക്കപ്പെട്ടിരുന്നു. കേശമീശകളുടെ അതിർത്തികൾക്കുണ്ടായിരുന്ന രേഖാസൂക്ഷ്മതയും രമ്യതയും ക്ഷുരകന്റേയും, പുറകോട്ടു ബന്ധിച്ചിരിക്കുന്ന കേശമകുടത്തിൽ കുഞ്ചമായി തിരുകിയിരിക്കുന്ന ഹാരം ഒരു സുദാമാവിന്റേയും, അദ്ദേഹം അണിഞ്ഞിരിക്കുന്ന ചന്ദനകുങ്കുമങ്ങൾ ഒരു കുബ്ജസൈരന്ധ്രിയുടേയും, വസ്ത്രാഭരണങ്ങൾ അതതിന്റെ വിദഗ്ദ്ധനിർമ്മാതാക്കളുടേയും സാഹായ്യത്തെ പ്രത്യക്ഷമാക്കുന്നു. മുഖത്തിന്റെ സ്വർണ്ണപ്രഭയ്ക്കു ചാന്ദ്രികാത്വമുണ്ടാക്കുവാൻവേണ്ടി അഭ്രചൂർണ്ണപ്രയോഗത്തേയും പ്രാസംഗികനടരാജൻ അപേക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നെറ്റിയിൽ തെളിയുന്ന കുങ്കുമക്കുറിയുടെ ശോണതയെ സുഗന്ധപരിപൂർണ്ണമായുള്ള താംബൂലദ്രവ്യങ്ങളുടെ ചർവണംകൊണ്ടു ശോഭിക്കുന്നതും തനിക്കുള്ള അജിതപ്രഗത്ഭതയ്ക്ക് അനുരൂപകമായ ഒരു സദസ്സ് അവിടെ ലഭിക്കുന്നതല്ലെന്നുള്ള നിർഭാഗ്യത്താൽ ശോചിക്കുന്നതും ആയ അധരങ്ങൾ അപഹരിക്കുന്നു. ത്യാഗരാജഗോവിന്ദസ്വാമി പ്രഭൃതികളായ ഗായകകേസരികളുടേയും ‘ഗുരുപാദര്’ എന്നു സങ്കൽപിക്കപ്പെടാവുന്ന ആ പ്രാസംഗികനായ ഉദ്ധതസിദ്ധന്റെ നേത്രങ്ങൾ കനകജലസമുദ്രത്തിൽ ഇന്ദ്രനീലമത്സ്യങ്ങൾപോലെ കളിയാടികൊണ്ടിരിക്കുന്നു. ആ മഹാരാജസമക്ഷം രാജാങ്കമായുള്ള രണ്ടു സാമ്പ്രാണിക്കുറ്റികളിൽ പ്രാസംഗികന്റെ ഭൃത്യന്മാരാൽ തിരുകപ്പെട്ട തിരികളിൽനിന്നു പ്രവഹിക്കുന്ന പരിമളവിശേഷം ഭക്തിദ്യോതകവും ബുദ്ധിസ്തംഭകവും ആയി പരിലസിക്കുന്നു. മൃദംഗാദിവാദ്യസ്വരങ്ങളുടെ പ്രതാപത്തോടു ലയിപ്പിച്ച്, ഹരിപഞ്ചാനനൻ സ്വശ്രുതിഝരികയെ പ്രണവശബ്ദസംയുതമായ ശ്രീപത്മനാഭനാമഘോഷത്തോടുകൂടി മഞ്ജുളപ്രവാഹം ചെയ്യിച്ചുതുടങ്ങിയപ്പോൾ, മഹാരാജാവും മയങ്ങിത്തുടങ്ങി. ഹരിനാമപുണ്യഹ്രദത്തിൽനിന്ന് ഉൽഭൂതമായ അമൃതപ്രവാഹം നാട്ടമലഹരിയാദി ഗിരിസാനുക്കളും, സാന്ദ്രകരുണമായ ഘണ്ഡപുന്നാഗാദി വനതലങ്ങളും, കേദാരവാരാട്യാദിശിലാദ്വീപങ്ങളും, സൈഗ്നവസൗരാഷ്ട്രാദി വിസ്തൃതികളും, ഗളമാളവാദി പുരവരങ്ങളും, കല്യാണികാമോദരിയാദി ചൈത്രരഥങ്ങളും, തോടിഭൈരവിയാദി വിഷമശാഡ്വലങ്ങളും, ആഹരിബലഹരിയാദി കർദ്ദമദേശങ്ങളും തരണംചെയ്ത് ആരഭീമൃദുശഷ്പശീതളാനുഭൂതിയോടെ, ഭൂപാളബ്രഹ്മാനന്ദസാഗരത്തോടു സംഗമിച്ചു. മൃഗേന്ദ്രോൽപതനംപോലുള്ള ആരോഹങ്ങളും, നദിഝരികകൾപോലുള്ള അവരോഹങ്ങളും, ഗജപ്രൗഢിയോടുകൂടിയുള്ള പ്രപാതങ്ങളും, സർപ്പപ്ലവതുല്യമായുള്ള ഭ്രമണങ്ങളും, ആകാശമദ്ധ്യസ്ഥനായ ഗരുഡന്റെ പക്ഷനിശ്ചലതപോലെ പ്രവർത്തനംചെയ്യുന്ന സ്വരലയങ്ങളും കൊണ്ട് സരസ്വതീദേവിയെ സംഗീതാത്മികയായി ആ പ്രാസംഗികഗായകൻ അവിടെ പ്രത്യക്ഷയാക്കി. കഥാവിഷയം, നശ്വരമായ പ്രപഞ്ചത്തിൽ ആത്മാവൊന്നേ ശാശ്വതമായുള്ളു എന്നും അത് പരമാത്മാവിന്റെ ചൈതന്യമാകയാൽ പരമാത്മാനുഭൂതിയെ സ്വാത്മാവിനാൽ സാധിക്കണമെന്നും, അത് ഗുരുപ്രസാദലബ്ധിയാൽ ബാലന്മാർക്ക് ക്ഷിപ്രസാദ്ധ്യമാണെന്നും ഇതിന് ദൃഷ്ടാന്തം ധ്രുവരാജകുമാരോപാഖ്യാനംതന്നെ എന്നും ആയിരുന്നു. പ്രാസംഗികനായ ഹരിപഞ്ചാനനന്റെ സംഗീതതരളതയും സ്വരമാധുര്യവും അഭിനയനൈപുണിയും വചനപ്രൗഢിയും രംഗവാസികളെ ആത്മമാത്രന്മാരാക്കി: സൗധാന്തർഗൃഹവാസിനികളായ മഹാരാജാസംബന്ധികളെമുക്കാലും ധ്രുവപദത്തിലേക്കു ഗമിപ്പിച്ചു. ഗായകശത്രുവായ മാമാവെങ്കിടനെക്കൊണ്ട് സന്ദർഭാനുസാരമായ സന്താപഹർഷാനുതാപാശ്രുക്കളെ വർഷിപ്പിച്ചു: മഹാരാജാവിന്റെ ഭക്തിസംപൂർണ്ണമായുള്ള മനസ്സിന്റെ പൗരുഷത്തെ ഉന്മൂലനംചെയ്തു: ഇത്രയിലും പരം ആശ്ചര്യമായി അവിടെ സന്നിഹിതരായുള്ളവരിൽ ക്ഷീണചിത്തന്മാരെക്കൊണ്ട് പുത്രനാൽ അലങ്കരിക്കപ്പെട്ട അങ്കത്തോടുകൂടിയ ഉത്താനപാദനേയും, മത്സരേർഷ്യാകലുഷയായ സുരുചിയേയും, സ്ത്രീലമ്പടനായ അച്ഛനാൽ അധിക്ഷിപ്തനായ രാജകുമാരനേയും, പുത്രപാരവശ്യം കണ്ട് പരിപീഡിതയായ സുനീതിയേയും, വിഷ്ണുപാദാന്വേഷകന്റെ നിലയിൽ രണ്ടാമതും രാജകുമാരനേയും, തപോമാർഗ്ഗോപദേഷ്ടാവായ ശ്രീ നാരദബ്രഹ്മർഷിയേയും, വൈനതേയവാഹനാരൂഢനായി അവതീർണ്ണനായ മഹാവിഷ്ണുവിനേയും കഥയിലെ അതാതുഘട്ടത്തിൽ ഹരിപഞ്ചാനനവിഭവനിൽ സന്ദർശനം ചെയ്യിച്ചു. കഥാമദ്ധ്യത്തിൽ ശ്രീകൃഷ്ണാവതാരരാത്രിയിലെന്നപോലെ ചെറ്റു ചെറ്റ് ഇടിമുഴക്കവും ശ്രീപത്മനാഭവിജയാശംസകമായ മംഗളഗാനഘോഷങ്ങളോടുകൂടി ഹരിപഞ്ചാനനൻ ദീപവന്ദനംചെയ്ത് കഥയെ സമാപനംചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/126&oldid=158390" എന്ന താളിൽനിന്ന് ശേഖരിച്ചത്