താൾ:Dharmaraja.djvu/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കേട്ടില്ലിയോ? ഇന്നു നേരമല്ലാനേരത്ത് —എങ്ങെല്ലാം ഞാൻ തപ്പരവി” എന്നു പുലമ്പിയപ്പോൾ, തന്നെ നിഷ്കാമമായി സ്നേഹിക്കുന്ന ഒരു ബന്ധുവെങ്കിലുമുണ്ടെന്നു കേശവപിള്ള സമ്പ്രീതനായി.


അദ്ധ്യായം പതിനാറ്


“ലളിതം നടനം മനോഭിരാമം
കളസംഗീതകമംഗലം വിളങ്ങി.”


രാജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയോജമധുരിമകൊണ്ട് കലിംഗാദി മഹാരഷ്ട്രാധിപന്മാരുടെ നവരാത്രിസമ്മേളനങ്ങളേയും ഭിക്ഷാടംചെയ്യിക്കുന്നു. മഹാരാജാവിന്റെ അനുമതിയോടുകൂടി ആരംഭിച്ചിരിക്കുന്ന ഹരികഥാകാലക്ഷേപത്തെ അനുഭവിച്ച് കാലക്ഷേപോപയുക്തമായ അവിടത്തെ പ്രസാദഫലങ്ങളെ സമ്പാദിപ്പാൻ, ആ ‘സഭാകല്പതരു’വെ പൗരാണിക ചകോരങ്ങളും കവിവരമയൂരങ്ങളും ഗായകകോകിലങ്ങളും ശാസ്ത്രാപയുക്തം അഭിനന്ദനീയമാംവണ്ണം മണ്ഡനംചെയ്യുന്നു. ആ സഭാതലത്തിന്റെ ഒരു പാർശ്വത്തെ ദളവാ, സർവാധി, ജനറൽ, സമ്പ്രതി എന്നിത്യാദി വികസിതകുസുമങ്ങളാൽ രചിതങ്ങളായ ഹാരങ്ങളും, മറ്റൊരു പാർശ്വത്തെ ദളവാദിസ്ഥാനകോരകങ്ങളായ കണക്കു തമ്പി ചെമ്പകരാമനിരകളും സവിശേഷം അഭിരാമമാക്കുന്നു. പടിഞ്ഞാറു ഭാഗത്തുള്ള സൗധാന്തരം ‘മിന്നും പൂഞ്ചേല’കളുടെ അവികലവിമലഭാസ്സുകൊണ്ട് അളികുലസങ്കീർണ്ണമായുള്ള കമലകുവലയേന്ദീവരാദി ദളങ്ങളുടെ ചടുലവിലാസങ്ങളാലും, കർണ്ണഭൂഷകളായുള്ള പൊന്നോലകളുടെ കാന്തിസ്ഫുരണംകൊണ്ടും, മണികനകമയമായ മാലാകലാപം കൊണ്ടും, ‘അത്ഭുതശ്രീവിലാസ’മായി പരിലസിക്കുന്നു. ആ അന്തർഗൃഹത്തിൽനിന്നു പ്രചരിക്കുന്ന മുല്ലമല്ലികചമ്പകാദികുസുമചയത്തിന്റെ പരിമളരൂക്ഷതയെ, ആ സദസ്സിനെ അലങ്കരിക്കുന്ന ഭൂദേവതതിയുടെ വക്ത്രാന്തർഗൃഹത്തിൽനിന്നു പ്രവഹിക്കുന്ന അഗ്രശാലാരസാളത്തിന്റെ കട്വമ്ലദ്രവസമ്മിശ്രണം നന്ദനാരാമത്തിനും ദുർല്ലഭമായുള്ള ഒരു വിശിഷ്ടസൗരഭ്യമാക്കുന്നു.

പ്രമത്തതകൊണ്ടു പ്രതിബന്ധംകൂടാതെ പിതൃപാദപരിസരത്തിലെന്നപോലെ സഞ്ചയിച്ചിരുന്ന പൗരജനാവലിയുടെ നിസ്വനംകൊണ്ട് കളകളായിതമായിരുന്ന ആ രംഗം, മഹാരാജാവിന്റെ ആഗമനസൂചകമായുള്ള അകമ്പടിക്കാരുടെ പ്രവേശനത്തിൽ സാക്ഷാൽ ചിദാസ്പദമായ വൈകുണ്ഠത്തിന്റെ മാഹാത്മ്യത്തേയും പ്രപഞ്ചസൃഷ്ടിയുടെ പൂർവഗാമിയായ പ്രശാന്തതയേയും കൈക്കൊണ്ടു. ആ മണ്ഡപത്തിലെ സകല ജീവചലനങ്ങൾക്കും ഇങ്ങനെ പഞ്ചത ഭവിച്ച മാത്രയിൽ, ആ രംഗം അഖിലജനമനോഹരനായ ഒരു ശാരദീയകോകിലത്തിന്റെ ക്രീഡാവനമായി വിഡംബനത്തെ അവലംബിച്ചു. പഞ്ചമുഖനായ ആദിമപിതാമഹനെപ്പോലെ വിശിഷ്ടനായ ഒരു പ്രാസംഗികൻ ആ സഭാതലബ്രഹ്മാണ്ഡത്തെ ഭൂഭരണം ചെയ്‌വാൻ നിൽക്കുന്നുണ്ടെന്ന് സഭാവാസികൾ സാമാന്യേന ധരിച്ചിരുന്നു എങ്കിലും, അവരുടെ നേത്രന്ദ്രിയങ്ങൾക്കു ദൃശ്യമായത് മേചകവർണ്ണമായ കേശബന്ധസ്തൂപിയെ വഹിക്കുന്ന ഒരു കസവു പട്ടാംബരത്തഴയായിരുന്നു. ആ രാജസാലങ്കാരമുദ്രയുടെ വാഹകനെന്നപോലെ പ്രാസംഗികനായ ബുദ്ധന്റെ സുരചിതമായുള്ള മുഖഹസ്തപാദങ്ങൾ കാണുമാറാകുന്നു. രത്നസംഖചിതങ്ങളായ കനകകാഞ്ചീവലയാദികളും, വജ്രകുണ്ഡലങ്ങളും, ചക്രദീപയഷ്ടിദ്വന്ദ്വംപോലെ അദ്ദേഹത്തിന്റെ മുമ്പിൽ പ്രശോഭിക്കുന്ന ഹംസനിലവിളക്കുകളിലെ ദീപശിഖകളെ അനേകവർണ്ണങ്ങളായി നക്ഷത്രകോടികൾ എന്ന പോലെ പ്രതിബിംബിപ്പിക്കുന്നു. പ്രാസംഗികോദ്ദണ്ഡൻ ആദിബ്രഹ്മാവോട് സാമ്യവാനാണെങ്കിലും, സൃഷ്ട്യാരബ്ധിക്കു പരമായി ഉല്പന്നമായ അനവധി

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/125&oldid=158389" എന്ന താളിൽനിന്ന് ശേഖരിച്ചത്