കൂടി അവർ കാണുന്നുണ്ട്. മർദ്ദിതരായ തൊഴിലാളിവർഗ്ഗം അവസാനം വിപ്ലവം നടത്താൻ നിർബ്ബന്ധിതരായിത്തീരുകയാണെങ്കിൽ ഇപ്പോൾ വാക്കാലെന്നപോലെ പ്രവർത്തിയിലും കമ്മ്യൂണിസ്റ്റുകാരായ ഞങ്ങൾ തൊഴിലാളികളുടെ ലക്ഷ്യത്തെ കാത്തുരക്ഷിക്കുന്നതാണ്.
ചോദ്യം 17: സ്വകാര്യ സ്വത്തുടമസ്ഥതയെ ഒറ്റയടിക്കു് ഇല്ലാതാക്കാൻ കഴിയുമോ ?
ഉത്തരം: ഇല്ല, കൂട്ടായ സമ്പദ്വ്യവസ്ഥയെ സൃഷ്ടിക്കാനാവശ്യമായ അളവിൽ നിലവിലുള്ള ഉല്പാദനശക്തിയെ ഒറ്റയടിക്ക് വർദ്ധിപ്പിക്കാൻ സാധ്യമല്ലാത്തതുപോലെതന്നെ ഇതും സാധ്യമല്ല. അതുകൊണ്ട്, ആസന്നമായിരിക്കുന്നുവെന്ന് എല്ലാ സൂചനകളുമുള്ള തൊഴിലാളിവർഗ്ഗവിപ്ലവത്തിനു് നിലവിലുള്ള സമൂഹത്തെ ക്രമേണ രൂപാന്തരപ്പെടുത്താൻ മാത്രമേ കഴിയൂ. ഉല്പാദനോപാധികൾ വേണ്ടത്ര സൃഷ്ടിച്ചുകഴിയുമ്പോൾ മാത്രമേ അത് സ്വകാര്യസ്വത്തുടമസ്ഥത അവസാനിപ്പിക്കൂ.
ചോദ്യം 18: ഈ വിപ്ലവത്തിന്റെ ഗതി എന്തായിരിക്കും ?
ഉത്തരം: ഒന്നാമത്, അതു് ഒരു ജനാധിപത്യഭരണക്രമവും അങ്ങിനെ പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയവാഴ്ചയും നിലവിൽ കൊണ്ടുവരും. തൊഴിലാളിവർഗ്ഗം ഇപ്പോൾത്തന്നെ ജനങ്ങളിൽ ഭുരിപക്ഷമായിട്ടുള്ള ഇംഗ്ലണ്ടിൽ ഇത് പ്രത്യക്ഷരൂപത്തിൽ നടക്കും. ഫ്രാൻസിലും ജർമനിയിലും അത് സംഭവിക്കുന്നത് പരോക്ഷമായിട്ടായിരിക്കും. അവിടങ്ങളിൽ തൊഴിലാളികൾക്ക് പുറമെ ചെറുകിടകൃഷിക്കാരും പട്ടണങ്ങളിലെ ചെറുകിട ബൂർഷ്വാകളും കുടി ചേർന്നാണ് ജനങ്ങളിൽ ഭൂരിപക്ഷം. ഇപ്പോൾ തൊഴിലാളിവർഗ്ഗമായി മാറിക്കൊണ്ടിരിക്കുന്നവരും രാഷ്ട്രീയതാല്പര്യങ്ങളിൽ തൊഴിലാളിവർഗ്ഗത്തെ കൂടുതൽ കൂടുതൽ ആശ്രയിക്കേണ്ടിവരുന്നവരുമാണ് അവർ. അതുകൊണ്ട് അവർക്ക് താമസിയാതെ തൊഴിലാളിവർഗ്ഗത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരും. ഒരുപക്ഷേ ഇത് രണ്ടാമതൊരു പോരാട്ടത്തിന് ഇടയാക്കിയേക്കും. ആ പോരാട്ടം തൊഴിലാളിവർഗ്ഗത്തിന്റെ വിജയത്തിലേ കലാശിക്കൂ. സ്വകാര്യസ്വത്തുടമസ്ഥതയെ നേരിട്ടു കടന്നാക്രമിക്കുകയും തൊഴിലാളിവർഗ്ഗത്തിന്റെ നിലനില്പിന് ഉറപ്പുവരുത്തുകയും ചെയ്യുന്ന അനന്തരനടപടികളെടുക്കാനുള്ള ഒരു മാർഗ്ഗമായി ജനാധിപത്യ