Jump to content

താൾ:Communist Manifesto (ml).djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1883-ലെ ജർമ്മൻ പതിപ്പിനുള്ള
മുഖവുര

ഈ പതിപ്പിനുള്ള മുഖവുര, ഹാ ! ഞാൻ ഒറ്റയ്ക് എഴുതേണ്ടിവന്നിരിക്കുന്നു. മാർക്സ് -യൂറോപ്പിലെയും അമേരിക്കയിലെയും മുഴുവൻ തൊഴിലാളിവർഗ്ഗവും മറ്റാരോടുമെന്നതിനേക്കാൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു - ഇന്ന് ഹൈഗേറ്റ് സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. അദ്ദേഹത്തിന്റെ ശവകുടീരത്തിന്മേൽ ആദ്യത്തെ പുൽക്കൊടികൾ മുളച്ചുകഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം മാനിഫെസ്റ്റോയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ തിരുത്തുകയോ ചെയ്യുന്നതിനെപ്പറ്റി ഇതുവരെയുണ്ടായിരുന്നത്ര പോലും ചിന്തിക്കാനാവില്ല. പ്രത്യേകിച്ചും താഴെപറയുന്ന കാര്യം അസന്നിഗ്ധമായി വീണ്ടും പ്രസ്താവിക്കേണ്ടത് ആവശമാണെന്ന് ഞാൻ കരുതുന്നു

ഓരോ ചരിത്രകാലഘട്ടത്തിലേയും സാമ്പത്തികോല്പാദനവും അതിൽനിന്ന് അവശ്യമുയരുന്ന സാമൂഹ്യവ്യവസ്ഥയുമാണ് ആ കാലഘട്ടത്തിന്റെ രാഷ്ട്രീയവും ബുദ്ധിപരവുമായ ചരിത്രത്തിന്റെ അടിത്തറ; അതിനാൽ (പ്രാചീനമായ പൊതുഭൂവുടമവ്യവസ്ഥയുടെ നാശത്തിനുശേഷമുള്ള) ചരിത്രമാകെ സാമൂഹ്യവികാസത്തിന്റെ വിവിധദശകളിൽ നടന്നിട്ടുള്ള വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്, ചൂഷകരും ചൂഷിതരും, മേലാളരും കീഴാളരുമായ വർഗ്ഗങ്ങൾ തമ്മിൽ നടന്നിട്ടുള്ള സമരങ്ങളുടെ ചരിത്രമാണ്. എന്നാൽ ചൂഷിതരും മർദ്ദിതരുമായ വർഗ്ഗത്തിന് (തൊഴിലാളി വർഗ്ഗത്തിന്) ചൂഷണത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും വർഗ്ഗസമരത്തിൽനിന്നും സമൂഹത്തെയാകെ എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ ചൂഷകരിൽ നിന്നും മർദ്ദകരിൽ നിന്നും (ബൂർഷ്വാസിയിൽ നിന്ന്) സ്വയം മോചനം നേടാൻ കഴിയുകയില്ല എന്നൊരു ഘട്ടത്തിൽ ഇന്ന് ആ വർഗ്ഗസമരം എത്തിച്ചേർന്നിരിക്കുന്നു- മാനിഫെസ്റ്റോയിലുടനീളം പ്രസരിച്ചിട്ടുള്ള ഈ മൗലികചിന്താഗതി മാർക്‌സിന്റേതു മാത്രമാണ്, മറ്റാരുടേയുമല്ല.[1]

  1. ഇംഗ്ലീഷ് പരിഭാഷയിലുള്ള മുഖവുരയിൽ ഞാനെഴുതിയിരുന്നു: ജീവശാസ്ത്രത്തിൽ ഡാർവിന്റെ സിദ്ധാന്തം7 എതൊരു പങ്കാണോ നിർവ്വഹിച്ചിട്ടുള്ളത് ആ പങ്ക് ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിറവേറ്റാൻ പരികല്പിതമാണ് ഈ പ്രമേയം എന്നാണ് എന്റെ അഭിപ്രായം. 1845-നുമുമ്പുള്ള ഏതാനും കൊല്ലങ്ങളിലായി ഞങ്ങളിരുപേരും ഈ പ്രമേയത്തിലെത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ സ്വന്തമായി, സ്വതന്ത്രമായി അതിലേക്കെത്രകണ്ടു പുരോഗമിച്ചിട്ടുണ്ടായിരുന്നുവെന്നത് ഞാനെഴുതിയിട്ടുള്ള 'ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി ' എന്ന പുസ്തകത്തിൽ നിന്നും സ്പഷ്ടമാകും. എന്നാൽ 1845-ലെ വസന്തത്തിൽ ബ്രസൽസിൽ വച്ച് ഞാൻ മാർക്‌സിനെ വീണ്ടും കണ്ടപ്പോഴേയ്ക്കും അദ്ദേഹം അത് നിർവ്വചിച്ചുകഴിഞ്ഞിരുന്നുവെന്നു മാത്രമല്ല, ഞാൻ മുകളിൽ പ്രസ്താവിച്ച രീതിയിൽ മിക്കവാറും അത്രതന്നെ വ്യക്തമായ വിധത്തിൽ അത് എന്റെ മുമ്പിൽ വയ്ക്കുകയും ചെയ്തു. (1890 ലെ ജർമ്ൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പ്).
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/54&oldid=157911" എന്ന താളിൽനിന്ന് ശേഖരിച്ചത്