കേഴും കുന്തിക്കൊരാശ്വാസമാക്കി യുക്തികൾകൊണ്ടുടൻ
ക്ഷത്താവു വിദുരൻ തന്റെ ഗൃഹം പൂകിച്ചു മെല്ലവേ. 31
ധാർത്തരാഷ്ട്രസ്തീകളെല്ലാം കേട്ടിതാ വിവരം പരം
പോയതും കൃഷ്ണയെച്ചൂ തരങ്ങത്തങ്ങിട്ടിഴച്ചതും. 32
പൊട്ടിക്കരഞ്ഞാരെല്ലാരും കുരുനിന്ദന ചെയ്തുതാൻ
മുഖാബ്ജം കൈകൊണ്ടു താങ്ങിച്ചിരം ചിന്തിച്ചുമേവിനാർ. 33
ധൃതരാഷ്ട്രനൃപൻ താനും സുതദുർന്നീതിയോർത്തുടൻ
ഉദ്വിഗ്നനായ് ധ്യാനമാണ്ടു ശമം കിട്ടാത്ത മട്ടിലായ്. 34
ഏകാഗ്രമായ് ചിന്തയാണ്ടു ശോകവ്യാകുലനായവൻ
വിദുരന്നായാളെ വിട്ടൂ വേഗം വരണമെന്നുതാൻ. 35
ഉടനെത്തീ വിദുരനും ധൃതരാഷ്ട്രന്റെ മന്ദിരേ
ഉദ്വിഗ്നനായിച്ചോദിച്ചിതവനോടാ നരാധിപൻ. 36
80. വിദുരധൃതരാഷ്ട്രദ്രോണവാക്യം
പാണ്ഡവന്മാരുടെ വനവാസയാത്രയെപ്പറ്റി വിദുരൻ ധൃതരാഷ്ട്രരെ വിശദമായി പറഞ്ഞു മനസ്സിലാക്കുന്നു. പെട്ടെന്ന് അവിടെ വന്നുചേർന്ന നാരദൻ പതിന്നാലാംകൊല്ലത്തിൽ പാണ്ഡവന്മാർനിമിത്തം കൗരവവംശം മുടിയാൻ പോവുകയാണെന്നു ധൃതരാഷ്ട്രരോടു പറയുന്നു.
വൈശമ്പായനൻ പറഞ്ഞു
ആദ്ദീർഗ്ഘദർശി വിദുരൻ വന്നപ്പോളംബികാസുതൻ
ആശങ്കപൂണ്ടു ചോദിച്ചൂ ധൃതരാഷ്ട്രനരാധിപൻ. 1
ധൃതരാഷ്ട്രൻ പറഞ്ഞു
പോവതെങ്ങനെ കൗന്തേയൻ ധർമ്മപുത്രൻ യുധിഷ്ഠിരൻ
ഭീമനർജ്ജുനനും മാദ്രീസുതരാം പാണ്ഡുപുത്രരും? 2
ധൗന്യനെങ്ങനെ പേരാണ്ട പാഞ്ചാലസുതയെങ്ങനെ
എനിക്കു കേൾക്കണം ചൊല്ലുകവർക്കുള്ള വിചേഷ്ടിതം. 3
വിദുരൻ പറഞ്ഞു
വസ്ത്രത്താൽ മുഖവും മൂടിക്കുന്തീപുത്രൻ യുധിഷ്ഠിരൻ
വിരുത്തിക്കൈകളും നോക്കിബ്ഭീമൻ പോകുന്നു പാണ്ഡവൻ. 4
മണൽവാരിയെറിഞ്ഞാണു മന്നൻ പിൻപോവതർജ്ജുനൻ
പോന്നൂ മുഖം തേച്ചു സഹദേവൻ മാദ്രീകുമാരകൻ. 5
പൊടി മേലൊക്കയും പൂശി നകുലൻ വിഹ്വലാശയൻ
ലോകത്തിൽ സുന്ദരതമൻ പോന്നൂ മന്നന്റെ പിൻപുറേ. 6
കൃഷ്ണ വാർകൂന്തലിൽ മുഖം മറച്ചായതലോചന
മന്നന്റെ പിൻപേ പോകുന്നൂ കരഞ്ഞൂംകൊണ്ടു സുന്ദരി. 7
ധൗമ്യൻ രൗദ്രങ്ങളാം യാമ്യസാമങ്ങളെയിളാപതേ!
വഴിക്കു പാടിപ്പോകുന്നൂ കയ്യിൽ ദർഭയുമായഹോ! 8