താൾ:Bhashabharatham Vol1.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബന്ധുനാശംവന്നുകൂടി ഹന്ത!മേ ബഹുസങ്കടം 29
അതല്ലെന്നുടെ നാശംതാനിതെൻ ബന്ധുക്കളാരെയും
നൃശംസനേപ്പോലുപേക്ഷിച്ചിഹ ജീവിക്കയില്ല ഞാൻ. 30
സധർമ്മിണിപരം ദാന്തഹിതയെന്നമ്മപോലെതാൻ
സഖീ വാനവർകൽപ്പിച്ച സുഖസൽഗതിയായവൾ, 31
അച്ഛനമ്മക്കൾ തന്നോൾ ഗാർഹസ്ഥ്യവൃത്തി നടത്തുവേൾ ,
വരിച്ചുമന്ത്രമുറയായ് പരിണീതി കഴിച്ചവൾ, 32
കുലീനശീലമുടയോൾ കുലസന്തതി പെറ്റവൾ
സ്വാദ്ധിനിർദ്ദോഷനീയെന്റെ ഭാര്യയേറ്റമനുവ്രത. 33
നിന്നേജ്ജീവന്നുവേണ്ടീട്ടു കൈവിടാൻ ശക്തനല്ലഞാൻ
പിന്നെയുണ്ടോ മകനെയങ്ങുപേക്ഷിക്കുന്നു ഞാനിഹ? 34
ചെറുപെൺപ്രായമൊക്കാത്തോൾ ചിഹ്നങ്ങൾ തികയാത്തവൾ
ഭർത്താവിന്നുകൊടുപ്പാനായ് ബ്രഹ്മാവേൽപ്പിച്ചു തന്നവൾ 35
പിതൃക്കൾക്കുമെനിക്കും ദൗഹിത്രനാൽ ഗതിനൽകുവോൾ
ഞാനുണ്ടാക്കിയൊരീക്കുട്ടിയിവളെക്കൈവിടില്ല ഞാൻ. 36
ചിലർക്കുമകനിൽ സ്നേഹമേറിക്കാണാം മനുഷ്യരിൽ
ചിലർക്കു മകളിൽ കൂടുമെന്നെനിക്കോരണ്ടുമൊപ്പമാം 37
സൽഗതിക്കും സന്തതിക്കും ദുഖത്തിന്നുമൊരാശ്രയം
ബാലയാമിവൾ നിർദ്ദോഷയിവളെക്കൈവിടാദൃഢം. 38
ആത്മത്യാഗംചെയ്തുവെങ്കിൽ പരലോകത്തു ദുഃഖമാം
ഇവർ ഞാൻ കൈവിടുന്നാകിൽ ജീവിപ്പാൻ ശക്തരായ് വരാ.
ഈ കൂട്ടത്തിലൊരാളെ വിട്ടെന്നാലും ക്രൂരകർമ്മമാം
ആത്മത്യാഗം ചെയ്കിലിവർ ഞാനില്ലാഞ്ഞുമരിക്കുമേ. 40
ഈ കഷ്ടത്തില്പെട്ടുപോയി ഞാൻ ശക്തനല്ലാർത്തി തീർക്കുവാൻ
അയ്യോ! കഷ്ടം! ബാന്ധവരൊത്തെന്തുഞാൻ ഗതിനേടുവൻ?
ഏവരും ചാകയാം ഭേദം ജീവിക്കുന്നതുകഷ്ടമാം.

158. ബ്രാഹ്മണീവാക്യം

പല യുക്തികളുടെയും സഹായത്തോടുകൂടി, ഭർത്താവല്ല ഭാര്യയാണ് മരണത്തിനുസന്നദ്ധയാകേണ്ടതെന്ന് ബ്രാഹ്മണപത്നി വാദിക്കുന്നു.

ബ്രാഹ്മണസ്ത്രീ പറഞ്ഞു

ഹന്ത! നീ പ്രാകൃതപ്രായം സന്തപിക്കൊല്ല ലേശവും
സന്താപകാലമല്ലിപ്പോളറിവുള്ള ഭവാനിതിൽ. 1
മനുഷ്യനായാൽ മരണംകൂടാതൊക്കില്ലൊരുനാൾക്കുമേ
കൂടാതൊക്കാത്തദിക്കിങ്കൽക്കൂട സന്താപസംഗതി. 2

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/457&oldid=147448" എന്ന താളിൽനിന്ന് ശേഖരിച്ചത്