താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52

ണിയും കാമരൂപിണിയുമായ നിന്നെ ആർ ഈ അവസ്ഥയെ പ്രാപിപ്പിച്ചു. അന്തകതുല്യമായ ഭയങ്കരൂപത്തോടുകൂടിയാണല്ലൊ നീ ഇവിടെ എത്തിച്ചേർന്നതു്. ദേവഗന്ധർവ്വന്മാരൊ മഹാത്മാക്കളായ മഹർഷികളൊ ആരാണു് നിനക്കു് ഈവിധം വൈരൂപ്യം വരുത്തിയതു്. ആ മഹാവീര്യ്യവാൻ ആരെന്നു പറയുക. എനിക്കു വിപ്രിയം ചെയ്വാൻ സഹസ്രാക്ഷനും പാകശാസനനുമായ മഹേന്ദ്രന്നുപോലും സാദ്ധ്യമല്ല. പിന്നെ ഈ ലോകവാസികളെപ്പറ്റി പറയേണമൊ. ആരായാലും വേണ്ടതില്ല. ഹംസം വെള്ളത്തിൽ കലർത്തിയ ക്ഷീരത്തെയെന്നപോലെ ജീവിതാന്തകരങ്ങളായ എന്റെ ബാണങ്ങൾ ഉടൻ അവന്റെ പ്രാണങ്ങളെ നുകർന്നെടുക്കും. സംഗരത്തിൽ എന്റെ ശസ്ത്രങ്ങളേറ്റു മർമ്മം പിളരുന്ന ഏതൊരുവന്റെ പതയ്ക്കുന്നു കടുഞ്ചോരയാണു് മേദിനി പാനംചെയ്യാറായതു്? എന്റെ നിശിതബാണമേറ്റു ചത്തുവീഴുന്ന ഏതൊരുവന്റെ മാസം തിന്നു് പക്ഷികൾ പരിതുഷ്ടരാകുമാറായിരിക്കുന്നു? പോരിൽ ഞാൻ ഏല്പിക്കുന്ന പീഡകളിൽനിന്നും രക്ഷപ്രാപിപ്പാൻ ദേവഗന്ധർവ്വന്മാരാകട്ടെ പിശാചുക്കളാകട്ടെ രാക്ഷസന്മാരാകട്ടെ സമർത്ഥരല്ല. നീ മെല്ലെ എഴുന്നേല്ക്കുക. നിന്നോടു നേരിട്ട ആ ദുർവ്വിനീതൻ ആരെന്നു പറയുകയേ വേണ്ടു." ക്രോധകാഠിന്യത്തോടുകൂടിയ തന്റെ ഭ്രാതാവിന്റെ വാക്കുകൾ കേട്ടു ശൂർപ്പണഖ കണ്ണുനീർ ചൊരിഞ്ഞുകൊണ്ടിങ്ങിനെ പറഞ്ഞു. "ദശരഥപുത്രരായി രാമൻ, ലക്ഷ്മണൻ എന്നിങ്ങിനെ രണ്ടു യുവസഹോദരന്മാർ ദണ്ഡകാരണ്യത്തിൽ വന്നുചേർന്നിട്ടുണ്ടു്. കോമളന്മാരും സുകുമാരശരീരരും മഹാബലരുമാണ് അവർ. പുണ്ഡരീകാക്ഷരും, ദാന്തരും, ധർമ്മചാരികളുമായ അവർ ചീരകൃഷ്ണാജിനങ്ങൾ ധരിച്ചു് താപസവേഷത്തോടുംകൂടെ ഫലമൂലങ്ങൾ ഭക്ഷിച്ചുംകൊണ്ടാണു് വനത്തിൽ സഞ്ചരിക്കുന്നതു്. ഗന്ധർവ്വരാജതുല്യരും രാജചിഹ്നങ്ങൾ തികച്ചും ഉള്ളവരുമായ അവർ ദേവന്മാരോ അതല്ല മാനുഷരോ എന്നു തീർച്ചപറഞ്ഞുകൂടാ. രൂപസമ്പന്നയും സർവ്വാഭരണഭൂഷിതയുമായ ഒരു തരുണിയും അവരോടൊന്നിച്ചുണ്ടു്. അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/57&oldid=203269" എന്ന താളിൽനിന്ന് ശേഖരിച്ചത്