സാഹചർയ്യങ്ങൾ മുതലാവയിൽനിന്നു നമ്പൂരിമാരും ദ്രാവിഡരീത്യാ ഉള്ള വസ്ത്രാഭരണം സ്വൈരസഞ്ചാരം ആദിയായവയിൽനിന്ന് അന്തർജ്ജനങ്ങളും നിമന്ത്രിക്കപ്പെട്ടതിനാൽ ആ വർഗ്ഗത്തിനു പ്രായേണ വിശേഷമേന്മയ്ക്കു വകയായി. വേദാദ്ധ്യയനം, മന്ത്രോച്ചാരം എന്നിവ സംബന്ധിച്ചുണ്ടായ നിർബന്ധനിയമങ്ങൾ നിമിത്തം അവരുടെ ബുദ്ധിയിൽ സംസ്കൃതഭാഷാപക്ഷപാതത്തിനും വഴിതുറന്നു. എന്തിനധികം, കേരളത്തിൽ ഇതു് അഭ്രതപൂർവ്വമായ ഒരു മഹാപരിവർത്തനദശ ആയിരുന്നു. തന്നിമിത്തം അന്നുതുടങ്ങി കേരളീയരുടെ വിദ്യാഭ്യാസം, സാഹിത്യാഭിരുചി, ഭാഷാപ്രണയം എന്നിവ രണ്ടു വഴിക്കു പിരിയാൻ സംഗതിയായി. അതോടെ ദേശഭാഷയായിരുന്ന കൊടുംന്തമിഴിൽ ഉച്ചാരം ത്വരീഭവിച്ചും മൗലിലികങ്ങളായ അനേകം ശബ്ദങ്ങളും ശബ്ദാന്തങ്ങളും പ്രത്യയങ്ങളും ലോപിച്ചും നൂതനമായ ആഗമാദേശമർയ്യാദകൾ ഏർപ്പെട്ടും പഴയ സംസ്കൃതതത്ഭവങ്ങൾ ചുരുങ്ങി തത്സമപദങ്ങൾ മേൽക്കുമേൽ വർദ്ധിച്ചും ഒരു പുതിയഭാഷ ഉണ്ടാകാൻ തുടങ്ങി. അതിന്റെ പ്രാരംഭരൂപം കരിന്തമിഴെന്നും അവസാനരൂപം മലയാളമെന്നും പറയപ്പെടുന്നു. മലയാളം ഒരു ജീവൽഭാഷ ആയതുകൊണ്ട് വീണ്ടും അതിന്റെ വളർച്ചയിൽ പല ഘട്ടങ്ങൾ ഉണ്ടായിട്ടുള്ളതും ഇതഃപരം ഉണ്ടാകുന്നതുമാണ്.
ഇനി മണിപ്രവാളഭാഷാചരിത്രമാണ് വിചിന്ത്യമായിരിക്കുന്നതു്. ഇതിന്റെ ഉദ്ഭവം അലോകസാധാരണവും സ്വരൂപം വിവൃതവും നാമം ആലങ്കാരികവുമാകുന്നു. മലയാളവും സംസ്കൃതവും സമ്മേളിച്ചുണ്ടായ ഭാഷാരുപത്തെയാണല്ലൊ നാം മണിപ്രവാളമെന്നു പറയുന്നതു്. ഒരു ഭാഷയിൽ മറ്റൊരു ഭാഷയുടെ സങ്കലനമുണ്ടാകുക ദുർല്ലഭമല്ലെങ്കിലും അതു് , രണ്ടിൽ ഏതെങ്കിലും ഒരു ഭാഷക്കാരുടെ പരിജ്ഞാനസീമയ്ക്ക് അധീനമായേ ഇരിക്കൂ എന്നുള്ളതു് നിശ്ചയമാണ്. മണിപ്രവാളോല്പത്തിയാകട്ടെ അങ്ങനെയല്ല. അതിനു കാരണം സ്വാഭാവികധർമ്മത്തെ അതിക്രമിച്ചു് സംസ്കൃതത്തിൽനിന്ന് തത്സമപദങ്ങളും പ്രയോഗങ്ങളും ഭാഷയിൽ കൂട്ടിക്കലർത്തിയതാകുന്നു. ഏതന്മൂലം അതു മലയാളിക്കും സംസ്കൃതജ്ഞനും ഒന്നുപോലെ അപരിചിതമായ ഉച്ചാരദശയേയും വ്യാകര