ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ദേഹാഹംകാരംതന്നോടഭിന്നമായ്
- സ്ഥിതമെങ്കിലും സത്ഗുരുവാക്യത്താൽ
- ശ്രുതിയുക്ത്യനുഭൂതികളെക്കൊണ്ടും
- പൃഥൿസാക്ഷാത്കൃതാത്മസ്വരൂപവും
- വേറെതന്നെയിരിക്കുന്നു പത്മ-(?)
- പത്രത്തിൽ പയോബിന്ദുവിനെപ്പോലെ.
- ഗീതഭാഗവതാദികളിലിതു-
- മോതി നന്നായ് ജഗത്പതി മാധവൻ
- ഭീതിയൊട്ടുമില്ലീവഴി കണ്ടവ-
- ർക്കായതിനൊരു സംശയവുമില്ല.
- വർത്തമാനശരീരജനകമാം
- കർമ്മം പ്രാരബ്ധമെന്നല്ലോ ചൊല്ലുന്നു.
- ആരബ്ധഫലമാകയാലതു
- ചാപനിർവൃത്തമായ ശരംപോലെ
- മധ്യേ വിച്ഛിത്തികൂടാതതിനുടെ
- ഭോഗത്തിന്റെയവധി വരുവോളം
- ജ്ഞാനത്തിനുപകാരമാമജ്ഞാനം
- കൊണ്ടു നഷ്ടമാം ദേഹേന്ദ്രിയങ്ങൾക്കും.
- സുഖദുഃഖാദി നല്കീടുമെന്നല്ലോ
- പരിഭാഷ നടക്കുന്നു ശാസ്ത്രത്തിൽ
- ആത്മാവങ്ങതിനുംകൂടെ സാക്ഷിയായ്
- നിർവ്വികാരനായ്ത്തന്നെ വസിക്കുന്നു.
- ഇപ്രകാരമുള്ളോരു സ്ഥിതിയല്ലോ
- ജീവന്മുക്തിയെന്നോതുന്നു ശാസ്ത്രത്തിൽ.