Jump to content

താൾ:Adhyathmavicharam Pana.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നിങ്ങനെയുള്ള മുഖവുരയോടുകൂടിയാണു വിഷയപ്രതിപാദനം സമാരംഭിക്കുന്നത്. പരബ്രഹ്മത്തിൽ നിന്നുളവായിട്ടുള്ളതാണു് ഈ ജഗത്തെന്നും ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ തന്നെ ലയിക്കുന്നു എന്നും പ്രസ്താവിച്ചിട്ടു് അതിനു ഏതാനും ഉത്തമോദാഹരണങ്ങൾ കാണിച്ചിരിക്കുന്നു. ഉദാഹരണത്തിനു ഒന്നുമാത്രം ചുവടേ ചേർക്കാം.

പുത്രന്മാരെന്നും വിത്തമെന്നും ചില

മിത്രമെന്നും കളത്രമെന്നിങ്ങനെ
എത്ര ജന്മം കഴിഞ്ഞു നാമെന്നതും
കുത്ര പോയെന്നും ചിന്തിച്ചു ചൊല്ലാമോ.

വേദവ്യാസൻ, വസിഷ്ഠൻ, ആചാര്യസ്വാമികൾ, വിദ്യാരണ്യസ്വാമികൾ തുടങ്ങിയ മഹാത്മാക്കൾ അവരുടെ കൃതികളിൽ പ്രതിപാദിച്ചിട്ടുള്ള ഗഹനതത്ത്വങ്ങൾ തന്നെ സുലളിതമായി ഈ പാനയിൽ കൈകാര്യം ചെയ്തിരിക്കുന്നു. ഉദാഹരണമായി -

വിശ്വമൊക്കെയും നശ്വരമെന്നല്ലേ

വിശ്വനാഥൻ അരുൾചെയ്തു ഗീതയിൽ

എന്ന ഭാഗത്തിലെ ആശയഗാംഭീര്യവും പ്രതിപാദന ലാളിത്യവും നോക്കുക!.

പൂന്താനം നമ്പൂതിരി ഭക്തിവിഷയകമായി വിതരണം ചെയ്തിട്ടുള്ള തത്ത്വസംഹിതയ്ക്കു തുല്യമായിട്ടു തന്നെ അധ്യാത്മവിചാരം പാനയിൽ അദ്വൈത വേദാന്തവിഷയങ്ങളേയും തത്കർത്താവു് സമാഹരിച്ചിട്ടുണ്ട്. ആചാര്യസ്വാമികളുടെ അപരോക്ഷാനുഭൂതിയേയും ആത്മബോധത്തേയും സ്വാത്മനിരൂപണത്തേയും വാക്യവൃത്തിയേയും വിവേകചൂഡാമണിയേയും മറ്റും ഉപജീവിച്ചുകൊണ്ടാണു് ഈ കൃതി രചിച്ചിരിക്കുന്നതെന്നു് അവകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ നമുക്കു മനസ്സിലാകുന്നതാണു്.

മഹാകവി ഉള്ളൂർ ഈ കൃതിയെ സംബന്ധിച്ചു് കേ: സാ: ചരിത്രത്തിൽ യാതൊന്നും തന്നെ പ്രസ്താവിച്ചു കാണുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/4&oldid=155753" എന്ന താളിൽനിന്ന് ശേഖരിച്ചത്