പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയ്ക്കു സമമെന്നോ അതിനുപരി എന്നോ പറയത്തക്ക നിലയിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ചതാണ് അധ്യാത്മവിചാരം പാന.
“ | ജ്ഞാനമാർഗ്ഗമറിയണമെങ്കിലോ ജ്ഞാനികൾ പറയുന്നതു കേൾക്കണം |
” |
എന്നീ ഭാഗത്തിൽനിന്നു ജ്ഞാനമാർഗ്ഗത്തെക്കുറിച്ചാണു് ഈ കൃതിയിൽ പതിപാദിക്കുന്നതെന്ന് സ്പഷ്ടമാകുന്നു. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഭക്തിമാർഗ്ഗം തെളിഞ്ഞുനില്ക്കുന്നതുപോലെ ഈ കൃതിയിൽ ജ്ഞാനമാർഗ്ഗം തെളിഞ്ഞു കാണുന്നു. പ്രസ്തുതകൃതിയിൽ പ്രസ്താവിച്ചിരിക്കുന്നവ ‘പറയാവതല്ലെങ്കിലും പറയുന്നു ഞാൻ’ എന്നു പറഞ്ഞുകൊണ്ടാണ് ഗ്രന്ഥം ആരംഭിച്ചിരിക്കുന്നത്.
ഭക്തിമാർഗ്ഗം, കർമ്മമാർഗ്ഗം, ജ്ഞാനമാർഗ്ഗം എന്നീ മൂന്നു പന്ഥാക്കളിൽ കൂടിയാണല്ലോ ഭാരതീയരായ വേദാന്തികൾ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത്. വൈജ്ഞാനികവും വൈകാരികവുമായ ബ്രഹ്മബന്ധത്തെ യഥാക്രമം ജ്ഞാനമാർഗ്ഗവും ഭക്തിമാർഗ്ഗവും പ്രതിനിധാനം ചെയ്യുന്നു. ഫലാഭിസന്ധി കൂടാതെയുള്ള വിഹിതകർമ്മാനുഷ്ഠാനമാണ് കർമ്മമാർഗ്ഗത്തിന്റെ ലക്ഷണം.
വിശ്വസൃഷ്ടി മുതല്ക്കുള്ള കാര്യങ്ങൾ വളരെ വിസ്തരിച്ചല്ലെങ്കിലും സാമാന്യജനങ്ങൾക്കു കൂടി സുഗ്രഹമാകത്തക്ക നിലയിൽ പ്രസ്തുത കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നു.
“ | വിശ്വസൃഷ്ടിക്കു കാരണമാം ബ്രഹ്മം വിശ്വമുള്ളപ്പോഴില്ലെന്നിരിക്കുമോ |
” |