താൾ:39A8599.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 85

തുപ്പായിയൊട പറഞ്ഞ സാഹെബ അവർകൾക്ക ബൊധിപ്പിച്ച. അതിന്റെ ശെഷമായിട്ട
സാഹെബ അവർകൾ നമുക്ക വാക്ക കൊടുക്കകൊണ്ട എല്ലാ ഹൊബളി പാറ
വത്യക്കാരന്മാർക്കും നാം എഴുതി അയച്ച. പിരിഞ്ഞ ഉറുപ്പിക കച്ചെരിയിൽ വന്ന എണ്ണം
കൊടുക്കയും ചെയ്തുവെല്ലൊ. എനിയും വരുന്ന ഉറുപ്പ്യ കച്ചെരിയിൽ തന്നെ എണ്ണം
കൊടുക്കയും ചെയ്യും. മുമ്പെ സാഹെബ അവർകൾ ഒന്നാം ഗഡുവിന്റെ അവസ്ഥ
കൊണ്ട നമ്മൊട ചൊതിച്ചപ്പൊൾ രാജ്യത്തനിന്ന 71 മതിലെ നികിതി മൊതലെടുപ്പ
അധികമായിട്ട നിലുവ വരെണ്ടത ഉണ്ട. ആ വഹ മുതലതന്നെ ആയാലും വെണ്ടതില്ല.
വരുന്ന മൊതലൊക്കയും മുമ്പെ സാഹെബ അവർകൾക്ക കൊടുത്ത ശെഷം
കടക്കാരന്റെ മുട്ട തീർത്തൊളാമെന്ന നാം പറകയും ചെയ്തു. നമുക്ക ശരീരത്തിന്ന
ദീനമാകകൊണ്ട സാഹെബ അവർകൾ കടാക്ഷിച്ച നികിതി കാർയ്യ്യത്തിനും മറ്റും
വെണ്ടുംപൊലെ സഹായിക്കുന്നത. നമ്മുടെ മനസ്സിൽ എല്ലാപ്പൊഴും നിശ്ചയം ഉണ്ട.
രാജ്യത്തനിന്ന പിരിഞ്ഞ വരുന്ന മൊതല അല്ലാതെ വെറെ നമ്മുടെ പറ്റിൽ ഉണ്ടെങ്കിൽ
ഇത്ര പ്രയാസം സാഹെബ അവർകൾക്കും നാം കൊടുക്കയും ഇല്ലല്ലൊ. ഇന്ന നമ്മുടെ
ശരീരത്തിന്ന കൊറെ സൌഖ്യം പൊരാ എന്ന തൊന്നുന്നു. നമുക്ക എല്ലാക്കാർയ്യത്തിനും
സാഹെബ അവർകൾ കടാക്ഷം വഴിപൊലെ ഉണ്ടായി വരികയും വെണം. എന്നാൽ
കൊല്ലം 972 ആമത മകരമാസം 27 നു. 27 നു പിപ്രവരി 6നു വന്നത. ഉടനെ പെർപ്പാക്കി
കൊടുത്തു.

161 F&G

351 ആമത രാജശ്രീ കടത്തനാട്ട പൊള്ളാതിരി കൊതവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. തങ്ങൾ എഴുതി അയെച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. ആയത നാം തങ്ങളെകൊണ്ട ചെയ്ത കരാർന്നാമം
പൊലെ ചെർന്നിരിക്കുന്നില്ല. എന്നാലും തങ്ങൾ ദിനമായിരിക്കുന്നതുകൊണ്ട ആ
കാരിയത്തിന്മെൽ നാം എതാനും വിശെഷിച്ച പറയും ഇല്ലല്ലെ. തങ്ങളെ കാരിയക്കാരൻ
നമ്മുടെ കച്ചെരിയിൽ നിന്ന പല ആളുകൾ 2500 ഉറുപ്പ്യ കൊടുപ്പാൻ ഒത്തിരുന്നവരെ
കൊണ്ടുപൊയതുകൊണ്ട ആക്കാരിയംകൊണ്ട തങ്ങളെ കാരിയക്കാരനെ ഉടനെ
വിസ്തരിക്കയും വെണം. തങ്ങൾ ആയാളുകളെകൊണ്ട തീർച ആകുമെന്ന പറഞ്ഞ
തിന്റെശെഷം കാര്യക്കാരൻ കൊണ്ടുപൊകയും ചെയ്തു. ഇ ആളുകൾ എങ്കിലും
മറ്റൊരുത്തൻ എങ്കിലും മുതൽ ഇവിടെക്ക കൊണ്ടു വന്നതുമില്ലല്ലൊ. ഇപ്പൊൾ
ആയതിനവെണ്ടി ഇവിടെതന്നെ താമസിപ്പിച്ചിരിക്കുന്നു. വിശെഷിച്ച തങ്ങളെ നികിതി
പിരിച്ചടക്കെണ്ടതിന്ന നിരൊധിപ്പാൻ ആഗ്രഹം ഉണ്ട എന്നുള്ള സുഭാവം പൊലെ
തങ്ങളെ ആളുകളെ മെൽ ആകുന്നു. ആയതിൽ പ്രത്യെഗമായിട്ട ഇവിടത്തെ
പാറവത്യക്കാരൻ ആകുന്നു. അതുകൊണ്ട അവൻ ഒരു ഉറുപ്പ്യയും പിരിച്ചടക്കുന്നില്ല.
ആയതകൊണ്ട എതപ്രകാരത്തിൽ ആയിരിക്കും. അവനെ ശിക്ഷിപ്പാനുള്ള വഴി
ഉണ്ടാകയും വെണം. അതല്ലാതെകണ്ട നല്ല ഫലങ്ങൾ ഒന്നും ഉണ്ടാകയും ഇല്ലല്ലൊ.
ശെഷം മെൽപറഞ്ഞ ആളുകൾ ഉറുപ്പ്യ കൊടുപ്പാൻ ഒത്തിരുന്നവരെക്കൊണ്ട തങ്ങളെ
കാരിയക്കാരൻ ഉത്തരം കൊടുക്കണം. ഇക്കാര്യം ഒട്ടു താമസിയാതെകണ്ട
തീർച്ചവരുവാൻ വെണ്ടിയിരിക്കുന്നു. വിശെഷിച്ച തങ്ങളെ ആളുകൾ കച്ചെരിയിൽ
തന്നെ താമസിക്കണം. അല്ലാതെകണ്ട ഒരു കാര്യവും രൂപമാകയുമില്ലല്ലൊ. എന്നാൽ
കൊല്ലം 972 ആമത മകരമാസം 27 നു ഇങ്ക്ലീശ കൊല്ലം 1797 മത ഫിപ്രവരി മാസം 6 നു
കുറ്റിപ്പുറത്ത നിന്നും എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/145&oldid=200520" എന്ന താളിൽനിന്ന് ശേഖരിച്ചത്