താൾ:34A11415.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiii

"വടക്കേ മലബാറിലെ ആചാരബദ്ധമായ ജീവിതത്തെയും ജന്മി നാടുവാഴി
വാഴ്ചയേയും അതിനെതിരായ ചെറുത്തു നിൽപ്പുകളേയും പ്രതിഫലിപ്പി
ക്കുന്നുവെന്നതിനു പുറമേ യഥാർത്ഥ കേരള സംസ്കാരത്തിന്റെ മുദ്രകൾകൂടി ഈ
രേഖകളിലുണ്ട്. തെക്കൻ കേരളത്തിൽ നിന്നു കണ്ടെടുത്ത രേഖകൾ തമിഴിലോ
മുക്കാലും തമിഴ് കലർന്നതോ ആണെങ്കിൽ തലശ്ശേരി രേഖകളൊക്കെ തനി
മലയാളത്തിലുള്ളതാണ്. " ദേശാഭിമാനിയിൽ യുവാവായ കെ. ബാകൃഷ്ണൻ
എഴുതിയ ഈ വാക്കുകൾ മതി തലശ്ശേരി രേഖകളുടെ പ്രസക്തി വെളിവാക്കാൻ. ഒരു
കാര്യം കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. തലശ്ശേരി രേഖകൾ
പ്രസിദ്ധീകരിക്കാൻ എന്നെ നിർബന്ധപൂർവ്വം പ്രേരിപ്പിച്ചതും ഉത്സാഹിപ്പിച്ചതും
കേരളത്തിൽ രണ്ടുപേരാണ്. ഒരാൾ ബാലകൃഷ്ണൻ തന്നെ; തലശ്ശേരി രേഖകളുടെ
ചില മാതൃകകൾ ആദ്യമായി അച്ചടിച്ചു വന്നതു ദേശാഭിമാനി ദിനപ്പത്രത്തിലും
വാരികയിലുമാണ്. മറ്റൊരാൾ സാംസ്കാരിക നായകനായ മൂർക്കോത്തു
രാമുണ്ണിയും.

ഭാഷാപരമായ നിരീക്ഷണങ്ങൾ

ചരിത്രപഠനത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല തലശ്ശേരി രേഖകളുടെ
പ്രാധാന്യം. അയ്യായിരത്തോളം പേജുവരുന്ന ഈ രേഖാശേഖരം ഗുണ്ടർട്ടു
സൂക്ഷിച്ചതു മലയാള ഭാഷയുടെ മർമ്മങ്ങൾ കണ്ടെത്താനാണ്. ഗുണ്ടർട്ടിന്റെ
നിഘണ്ടുവിൽ T. R. എന്ന ചുരുക്കെഴുത്തുകൊണ്ട് ഈ ശേഖരത്തിൽ നിന്നുള്ള
ഉദ്ധരണങ്ങൾ വേർതിരിച്ചു കാണിച്ചിരിക്കുന്നു. പെൺമലയാളം എന്നു
മുദ്രകുത്തപ്പെട്ടപ്രാചീനമലയാളത്തിന്റെ കുലീനവും ഊർജസ്വലവുമായ മുഖമാണ്
പഴശ്ശിരേഖകളിലുളളത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ദിങ്
മാത്രമായെങ്കിലും സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

(ക) ഗദ്യമാതൃക. മലയാളത്തിന്റെ വികാസ പരിണാമങ്ങൾ
സാഹിത്യകൃതികളിലൂടെ അന്വേഷിച്ചു കണ്ടെത്താൻ ഒരു പരിധിവരെ നമ്മുടെ
പണ്ഡിതന്മാർ നിർബന്ധിതരായിരുന്നു. ഭാഷയുടെ മൂന്നു പ്രവാഹങ്ങൾ—പാട്ടും
മണിപ്രവാളവും നാടോടിപ്പാട്ടും മാത്രം താരതമ്യപ്പെടുത്തി നടത്തിയിട്ടുള്ള
നിരീക്ഷണങ്ങൾ നമ്മുടെ ഭാഷാ ചരിത്ര ചിന്തയെ വല്ലാതെ കലുഷമാക്കിയിട്ടുണ്ട്.
ഗദ്യമാണല്ലോ ഭാഷയുടെ സ്വാഭാവിക മുഖം. ശാസനഗദ്യം മുൻനിറുത്തി ഡോ.
എ.സി. ശേഖർ, ഇളംകുളം കുഞ്ഞൻ പിള്ള സി.എൽ. ആന്റണി തുടങ്ങിയവർ
നടത്തിയ പഠനങ്ങളും ഭാഷാപരിണാമചരിത്രം പൂർണ്ണമായി മനസ്സിലാക്കാൻ
ഉപകരിക്കുന്നില്ല. ജനങ്ങളുടെ നാവിൻ തുമ്പിൽനിന്ന് നിത്യജീവിതത്തിന്റെ
നാനാ മേഖലകളിലേക്കു കടന്നുചെന്നു മലയാളികളുടെ പാരസ്പര്യത്തെ
നിലനിർത്തിയിരുന്ന ഭാഷയുടെ തനിമ നിത്യവ്യവഹാരരൂപമായ
ഗദ്യത്തിലായിരിക്കണമല്ലോ. പദ്യത്തിന്റെ വാലിൽ തൂങ്ങി നടന്നിരുന്ന നപുംസക
ഗദ്യം മാത്രമാണ് ഗദ്യപാരമ്പര്യത്തിന്റെ മാതൃകകളായി പഠിക്കാനും പഠിപ്പിക്കാനും
ഇടവന്നിട്ടുള്ളത്. സംസ്കൃതത്തിന്റെയോ തമിഴിന്റെയോ അതിപ്രസരത്തിനു
വിധേയമായ ഗദ്യകൃതികൾക്ക് ഭാഷയുടെ പൂർവാവസ്ഥ വെളിവാക്കാനാവില്ല.
ഉദയംപേരൂർ സുനഹദോസിന്റെ കാനോനകൾ (1599) പെരുമ്പടപ്പു ഗ്രന്ഥവരി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/15&oldid=201237" എന്ന താളിൽനിന്ന് ശേഖരിച്ചത്