താൾ:33A11415.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം

ഭൂമിയാകുന്ന വനത്തൂടെ സഞ്ചരിക്കുമ്പോൾ, ഒരേടത്തു ഞാനൊരു ഗുഹയെ
കണ്ടു, അതിൽ പ്രവേശിച്ചുറങ്ങി കണ്ട സ്വപ്നമാവിതു: ഒരാൾ ജീർണ്ണവസ്ത്രവും
അത്യന്തം ഭാരമുള്ള ചുമടും ചുമന്നു തന്റെ വീടു പിന്നിട്ടു നടന്നു, ഒരു പുസ്തകം
വിടർത്തി വായിച്ചു. കുലുങ്ങി കരഞ്ഞു: അയ്യൊ! ഞാൻ എന്തു ചെയ്യേണ്ടു?
എന്നു മുറയിട്ടു പറഞ്ഞു.

അങ്ങിനെ അവൻ വീട്ടിൽ ചെന്നു ഭാര്യാപുത്രന്മാർ ഈ കാര്യം ഒന്നും
അറിയരുത് എന്നു വെച്ചു കഴിയുന്നെടത്തോളം അടങ്ങി പാർത്തു. എങ്കിലും
മനഃക്ലേശം സഹിയാത്തവണ്ണം വർദ്ധിച്ചാറെ, മന്ദതവിട്ടു അവരെ വിളിച്ചു:
അല്ലയൊ പ്രിയരെ! എന്മേൽ ഇരിക്കുന്ന ഭാരം നിമിത്തം ഞാൻ
ബഹുദുഃഖിതനായി തീർന്നു; നമ്മുടെ പട്ടണം അഗ്നിവർഷത്താൽ
വെന്തുപോകും എന്നു കേട്ടു, ഇവിടെനിന്നു ഓടി പോവാൻ ഒരു വഴിയെ
അന്വേഷിക്കേണം; അല്ലെങ്കിൽ നാമും ആ പ്രളയത്തിൽ ഭയങ്കരമായി
നശിച്ചുപോകും എന്നു പറഞ്ഞാറെ, അവർ വിശ്വസിച്ചില്ലെങ്കിലും വളരെ പേടിച്ചു,
വല്ല ഭ്രാന്തൊ എന്തൊ പിടിച്ചിട്ടുണ്ടായിരിക്കും എന്നു വിചാരിച്ചു,
വൈകുന്നേരമാകകൊണ്ടു ബുദ്ധിഭ്രമം തീർപ്പാനായി അവനെ വേഗത്തിൽ
കട്ടിലിന്മേൽ കിടത്തി തടവി കാലും ഞെക്കി, എങ്കിലും സൌഖ്യം വരാതെ
അവൻ പുലരുവോളം ദുഃഖിച്ചു കരഞ്ഞു പാർക്കയും ചെയ്തു. രാവിലെ
സൌഖ്യമുണ്ടൊ? എന്നു അവർ ചോദിച്ചപ്പോൾ, സൌഖ്യം വന്നില്ല; സങ്കടം
നാന്മടങ്ങു വർദ്ധിച്ചിരിക്കുന്നു; നിങ്ങളും ഈ നാശപുരം വിട്ടോടി പോകേണം
എന്നു പറഞ്ഞാറെ, അവർ കോപിച്ചും ചിരിച്ചും നിന്ദിച്ചും കൊണ്ടു അവന്നു
സുബോധം വരുത്തുവാൻ നോക്കിയശേഷം, അവൻ ഒരു മുറിയിൽ പോയി,
അവർക്കും തനിക്കും വേണ്ടി പ്രാർത്ഥിച്ചു. പിന്നെ വെളിയിൽ ചെന്നു ഉലാവി
പുസ്തകം വായിച്ചും പ്രാർത്ഥിച്ചും കൊണ്ടു ചില ദിവസം ദുഃഖേന കഴിച്ചു
പോന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/229&oldid=199927" എന്ന താളിൽനിന്ന് ശേഖരിച്ചത്